banner

സമയമെടുക്കും!, കേരളത്തിൻ്റെ കടമെടുപ്പ് സംബന്ധിച്ച ഹർജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു, ഇടക്കാലാശ്വാസം നല്‍കിയതായും കോടതി


സ്വന്തം ലേഖകൻ
ഡൽഹി : കേന്ദ്രസർക്കാരിൽ നിന്ന് അധിക കടമെടുപ്പിനായുള്ള കേരളത്തിന്റെ ഇടക്കാല ഹർജി ഭരണഘടനാ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ടു. കടമെടുപ്പ് പരിധിയില്‍ നിയമപരമായ റിവ്യൂ സാധ്യമാകുമോ എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിശോധിക്കും. കേരളം ഉന്നയിച്ചത് ഭരണഘടനാ വിഷയമെന്ന് രണ്ടംഗ ബെഞ്ച് വിലയിരുത്തി. കേരളത്തിന് ഇടക്കാലാശ്വാസം നല്‍കിയെന്നും 13608 കോടി രൂപ ലഭിച്ചെന്നും സുപ്രീം കോടതി പറഞ്ഞു.

ഓരോ സംസ്ഥാനത്തിനും എത്ര വരെ കടമെടുക്കാൻ കഴിയും എന്നത് സംബന്ധിച്ചതുൾപ്പടെയുള്ള പ്രധാന ഹർജിയാണ് ഭരണഘടനാ ബെഞ്ചിന് വിട്ടത്. ഭരണഘടനയുടെ 293ാം അനുഛേദപ്രകാരമാണ് പ്രധാനമായും ഒരു സംസ്ഥാനത്തിന് എത്ര വരെ കടമെടുക്കാമെന്ന് തീരുമാനിക്കുന്നത്. ഈ അനുഛേദം ഇതുവരെ കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല എന്ന് ഇന്ന് ഹർജി പരി​ഗണിച്ച രണ്ടം​ഗ ബെഞ്ച് നിരീക്ഷിച്ചു. കേരളത്തിന്റെ ഹർജിയുടെ അടിസ്ഥാനത്തിൽ ആറ് ചോദ്യങ്ങൾ ഉയർന്നുവരുന്നു എന്നാണ് കോടതി ഇന്ന് ചൂണ്ടിക്കാട്ടിയത്. അതുകൊണ്ടുതന്നെ അങ്ങനെയുള്ള കാര്യങ്ങൾ ഭരണഘടന ബെഞ്ച് പരി​ഗണിക്കുന്നതായിരിക്കും നല്ലതെന്ന് കോടതി വിലയിരുത്തുകയായിരുന്നു.

കേരളം കിഫ്ബി വഴി കടമെടുക്കുന്നത് കൂടി കേന്ദ്രത്തിന്റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്തണമെന്നതടക്കമുള്ള കാര്യങ്ങളാണ് പ്രധാന ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ധനകാര്യകമ്മീഷൻ വായ്പാ പരിധി ഉൾപ്പടെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്ന രീതി ശരിയല്ല എന്ന കാര്യവും ഹർജിയിലുണ്ട്. കേരളവും കേന്ദ്രവും തമ്മിലുള്ള ബന്ധം എന്നു പറയുമ്പോൾ അത് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ബന്ധമാണ്. അതുകൊണ്ട് സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ബന്ധം സംബന്ധിച്ചുള്ള ഭരണഘടനയുടെ അനുഛേദം ചോദ്യം ചെയ്തുള്ള ഹർജി കൂടിയാണ് ഇത്. അതിനാൽ ഈ ഹർജി ഭരണഘടനാ ബെഞ്ച് പരി​ഗണിക്കട്ടെ എന്ന് രണ്ടം​ഗ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.

Post a Comment

0 Comments