സ്വന്തം ലേഖകൻ
ന്യൂഡൽഹി : ഇന്ത്യക്കും ശ്രീലങ്കക്കുമിടയിൽ പാക് കടലിടുക്കിലുള്ള കച്ചത്തീവ് ദ്വീപ് അഞ്ച് പതിറ്റാണ്ട് മുമ്പ് ശ്രീലങ്കക്ക് വിട്ടുകൊടുത്തത് തെരഞ്ഞെടുപ്പിൽ വിഷയമാക്കാനൊരുങ്ങി ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും.
കച്ചത്തീവ് കൈമാറാനുള്ള അന്നത്തെ ഇന്ദിര ഗാന്ധി സർക്കാറിന്റെ തീരുമാനത്തെക്കുറിച്ച് തമിഴ്നാട് ബി.ജെ.പി പ്രസിഡന്റ് കെ. അണ്ണാമലൈക്ക് ലഭിച്ച വിവരാവകാശ മറുപടി ടൈംസ് ഓഫ് ഇന്ത്യ പത്രം വാർത്തയാക്കിയിരുന്നു. ഈ റിപ്പോർട്ട് ഉദ്ധരിച്ചാണ് മോദി കോൺഗ്രസിനെതിരെ സമൂഹമാധ്യമമായ എക്സിൽ വിമർശനമുന്നയിച്ചത്.
115 ഹെക്ടർ വിസ്തീർണമുള്ള കച്ചത്തീവ് ദ്വീപ് കോൺഗ്രസ് നിസ്സാരമായി ശ്രീലങ്കക്ക് വിട്ടുകൊടുത്തതിനെക്കുറിച്ച് വെളിപ്പെടുത്തുന്നതാണ് പുതിയ വസ്തുതകളെന്ന് മോദി പറഞ്ഞു. കണ്ണ് തുറപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമാണിത്. ഇക്കാര്യം ഓരോ ഇന്ത്യക്കാരനെയും രോഷാകുലരാക്കുന്നു. കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്ന് ജനങ്ങളുടെ മനസ്സിൽ വീണ്ടും ഉറപ്പിക്കുന്ന വാർത്തയാണിതെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും താൽപര്യങ്ങളും ദുർബലപ്പെടുത്തുന്നതാണ് 75 വർഷമായി കോൺഗ്രസിന്റെ പ്രവർത്തനരീതിയെന്നും മോദി കൂട്ടിച്ചേർത്തു. കച്ചത്തീവ് ഇന്ത്യക്ക് വിട്ടുതരണമെന്ന് മുഖ്യമന്ത്രിയായിരുന്ന ജയലളിത ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ്, ഡി.എം.കെ സഖ്യത്തിൽ കുത്തിത്തിരിപ്പുണ്ടാക്കുന്നതിന്റെ ഭാഗമായാണ് കച്ചത്തീവ് വിഷയം മോദിയടക്കം പ്രചാരണ വിഷയമാക്കുന്നതെന്ന് രാഷ്ട്രീയനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
മോദിക്ക് പിന്നാലെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ നേരത്തേ കച്ചത്തീവിൽ പോയിരുന്നുവെങ്കിലും ഇന്ത്യ ശ്രീലങ്കയുമായി കരാർ ഒപ്പുവെച്ചശേഷം അങ്ങോട്ട് കടക്കാൻ കഴിഞ്ഞില്ലെന്ന് സുധാംശു ത്രിവേദി പറഞ്ഞു.
0 Comments