Latest Posts

സ്വിഫ്റ്റ് ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ച സംഭവം!, 19-കാരനുൾപ്പെടെ ഏഴു പേർ പോലീസ് പിടിയിൽ, പിന്നിൽ തട്ടാൻ വന്നതിലുള്ള പ്രകോപനം


സ്വന്തം ലേഖകൻ
കണ്ണൂർ : കെ.എസ്.ആർ.ടി.സി. കണ്ണൂർ ഡിപ്പോയിൽ സ്വിഫ്റ്റ് ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിലാന്നൂർ സ്വദേശികളായ അജ്മൽ (20), മുസ്താഫ് (19), നബാൻ (21), ഫഹദ് (21), സഹീൻ (22), റംസാൻ (22), താഴെചൊവ്വ സ്വദേശി മുഹമ്മദ് റിഷാദ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 12.30-നാണ് സംഭവം. എറണാകുളം- കൊല്ലൂർ ബസ് ഡിപ്പോയിലേക്ക് പ്രവേശിച്ച ഉടൻ പിറകെ ബൈക്കിലെത്തിയ യുവാക്കൾ ആക്രമിച്ചുവെന്നാണ് പരാതി.

അരികിലെത്തി ഡ്രൈവറെ അസഭ്യം പറഞ്ഞു, ഹെൽമെറ്റ് കൊണ്ട് സൈഡ് മിറർ തകർത്തെന്നും ഡ്രൈവറുടെ തിരിച്ചറിയൽ കാർഡിന്റെ ടാഗ് വലിച്ചുപൊട്ടിച്ചെന്നും ഒരാൾ ഡ്രൈവറുടെ വാതിലിലൂടെ അകത്തെത്തി മർദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്നും സ്റ്റേഷൻ മാസ്റ്റർ കെ.അരുൺദാസ് ടൗൺ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

കണ്ണൂരിൽനിന്ന് ടർഫിൽ ഫുട്‌ബോൾ മാച്ച് കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന്റെ ബൈക്കിൽ കെ.എസ്.ആർ.ടി.സി. ബസ് ഇടിക്കാൻ വന്നെന്ന് ആരോപിച്ചാണ് അക്രമമെന്ന് പറയുന്നു. താഴെചൊവ്വയ്ക്കടുത്തായിരുന്നു സംഭവം. രണ്ടുമണിക്കൂർ വൈകിയോടുകയായിരുന്ന ബസ് താഴെചൊവ്വയിൽവെച്ച് ലോറിയെ മറികടക്കുന്നതിനിടെ ഒരു ബൈക്കിനരികിലൂടെ പോയതായി ഡ്രൈവർ പറയുന്നു. എന്നാൽ ബൈക്കിൽ തട്ടിയിട്ടില്ല. നിർത്താതെ കണ്ണൂർ ഭാഗത്തേക്ക് വന്ന ബസിന് മുന്നിൽ ബൈക്ക് കയറ്റി വഴിതടഞ്ഞതായും പരാതിയുണ്ട്. എറണാകുളം ഡിപ്പോയിലെ കണ്ടക്ടർ കം ഡ്രൈവർമാരായ പാലാരിവട്ടത്തെ ആർ.റജികുമാർ, എസ്.സിജു എന്നിവരായിരുന്നു ബസ് ജീവനക്കാർ.

0 Comments

Headline