ഇഞ്ചവിള : ഇന്നലെ ജില്ലയിലുണ്ടായ കനത്ത മഴയിൽ തൃക്കരുവ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് ഇഞ്ചവിളയിലെ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. കടപ്പഞ്ചിറ ഏല ഭാഗത്തും സ്ഥിതി മറ്റൊന്നായിരുന്നില്ല. മൂന്നും ഏഴും വയസ്സുകാരായ മക്കളെയും ചേർത്ത് പിടിച്ച് ഭയത്തോടെയാണ് രേഷ്മ ഭവനത്തിൽ രേഷ്മയും അമ്മ ഗിരിജാകുമാരി മഴയുടെ മണിക്കൂറുകളെ തള്ളി നീക്കിയത്. ക്യാമ്പിലേക്ക് മാറാൻ ആലോചിച്ചെങ്കിലും ഹൃദയസംബന്ധമായ അസുഖങ്ങളിൽ ചികിത്സ തുടരുന്ന മകൾക്ക് ഇൻഫെക്ഷൻ ആകാൻ സാധ്യതയുണ്ട് എന്നത് കൊണ്ടാണ് വേണ്ടെന്നുവച്ചത്. സമീപത്തെ ചെറിയ ഓടയിലൂടെ കുത്തൊലിച്ചു വരുന്ന വെള്ളമാണ് ഇവരുടെ വീടിൻറെ പടി വരെ ഉയർന്നുപൊങ്ങിയത്. ഇവിടെ പുതിയ ഓട നിർമ്മിക്കുന്നതിനായുള്ള പ്രാരംഭഘട്ട ചർച്ചകൾ സ്വകാര്യ വ്യക്തികളുടെ എതിർപ്പിനെ തുടർന്ന് നിർത്തിവെയ്ക്കേണ്ടി വരികയായിരുന്നു എന്ന് രേഷ്മ ആരോപിക്കുന്നു. അതേസമയം സംഭവസ്ഥലം വാർഡ് മെമ്പർ ഷംല മുജാബ് സന്ദർശിച്ചതായി രേഷ്മ വ്യക്തമാക്കി.
ഇന്നലെ മഴയിൽ മക്കൾ ആകെ പേടിച്ചിരിക്കുകയായിരുന്നു. എങ്ങോട്ടെങ്കിലും മാറാമെന്ന് വെച്ചാൽ മുറ്റം നിറയെ വെള്ളം ആയി. ഏഴ് വയസ്സുകാരിയായ മകൾക്ക് അസുഖം കൂടി ഉള്ളതിനാൽ ഒരുപാട് ആൾക്കൂട്ടം ഉള്ളടത്തേക്ക് പോകാനും കഴിയില്ല. ആത്മധൈര്യത്തിലാണ് ആ മണിക്കൂറുകളെ നേരിട്ടത്. മഴയൊന്ന് ക്ഷമിച്ചതോടെയാണ് ഭയം ഒരല്പമെങ്കിലും മാറി കിട്ടിയത്. കാലവർഷം തുടങ്ങാൻ ഇരിക്കുന്നതേയുള്ളൂ എന്നാണ് വാർത്തകളിൽ നിന്ന് അറിഞ്ഞത് അപ്പോൾ കാലവർഷം തുടങ്ങിയാൽ ഞങ്ങളുടെ സ്ഥിതി എന്താകും എന്ന് ആലോചിച്ച് വല്ലാത്ത ഭയമാണ് - രേഷ്മ അഷ്ടമുടി ലൈവിനോട് പറഞ്ഞു. അച്ഛൻ മരിച്ചുപോയി അമ്മ മാത്രമാണ് കൂട്ട്. മഴയത്ത് മറ്റൊരാൾക്ക് സഹായിക്കാൻ കഴിയാത്ത വിധമാണ് ഇവിടെ വെള്ളം ഉയർന്നുപൊങ്ങുന്നത് - രേഷ്മ പറയുന്നു. തൊട്ടടുത്ത ഓട കുറച്ചുകൂടി വലുതാക്കിയാൽ ഒരു പരിധി വരെ വെള്ളക്കെട്ട് നിയന്ത്രിക്കാൻ ആകുമെന്നും പഞ്ചായത്ത് ഇടപെട്ട് ആലോചനകൾ നടത്തിയെങ്കിലും സ്വകാര്യ വ്യക്തികളുടെ ഇടപെടലിനെ തുടർന്ന് അവ വൃഥാവിലായി എന്നും രേഷ്മ ആരോപിക്കുന്നു.
0 Comments