banner

മരണം പെയ്തപേമാരി...!, വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 126 ആയി ഉയർന്നു, സൈന്യവും കേരള ഫയര്‍ ഫോഴ്‌സും സംയുക്തമായി നിർമ്മിച്ച പാലം രക്ഷാ വഴിയായി, കഴിഞ്ഞ മണിക്കൂറിൽ കേരളം കണ്ടത് വെല്ലുവിളി നിറഞ്ഞ രക്ഷാദൗത്യം, എണ്ണൂറോളം പേരെ രക്ഷിച്ച ആശ്വാസ വാർത്തകൾ

Published from Blogger Prime Android App
സ്വന്തം ലേഖകൻ
വയനാട് : കല്‍പ്പറ്റയിൽ ഉരുൾപൊട്ടൽ കനത്ത നാശംവിതച്ച ചൂരല്‍മലയില്‍ താത്കാലിക പാലത്തിന്റെ നിർമ്മാണത്തോടെ സജീവമായ രക്ഷാപ്രവർത്തനം പൂർണ്ണതോതിൽ. സൈന്യവും കേരള ഫയര്‍ ഫോഴ്‌സും സംയുക്തമായാണ് പാലം നിര്‍മ്മിച്ചത്. രക്ഷാപ്രവർത്തനം രാത്രിയും തുടരുകയാണ്. ഉച്ചകഴിഞ്ഞ് സൈന്യവും എൻഡിആർഎഫും അടങ്ങുന്ന ദൗത്യസംഘം പുഴ കടന്ന് മുണ്ടക്കൈയിലേക്ക് എത്തിയിരുന്നു. ദുരന്ത ഭൂമിയിൽ കുടുങ്ങിയ നൂറോളം പേരെ മുണ്ടക്കൈയിൽ കണ്ടെത്തി. ഇവരെ വടംകെട്ടി പുഴയ്ക്ക് മുകളിലൂടെ രക്ഷപ്പെടുത്താൻ ശ്രമം ആരംഭിക്കുകയും ചെയ്തിരുന്നു. 

താൽകാലിക പാലം നിർമിച്ചതോടെ രക്ഷാപ്രവർത്തനം വേഗത്തിലാകുകയും ഇവരെ രക്ഷപ്പെടുത്തുകയും ആയിരുന്നു. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് (ഡിഎസ്സി) സെന്ററില്‍ നിന്ന് 200 സൈനികരുള്ള ഇന്ത്യന്‍ ആര്‍മിയുടെ രണ്ട് വിഭാഗങ്ങൾ‌ വയനാട്ടിലേക്ക് എത്തിയിട്ടുണ്ട്. കണ്ണൂരിലെ സൈനിക ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സംഘവും കോഴിക്കോട് നിന്നുള്ള ടെറിട്ടോറിയല്‍ ആര്‍മിയുടെ സേനയേയും വയനാട്ടിലേക്ക് വിന്യസിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, വയനാട്ടില്‍ കനത്ത മഴയ്ക്കിടെ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ രണ്ട് ഉരുള്‍പൊട്ടലുകളില്‍ മരണസംഖ്യ 126 ആയി. ഇതിൽ 48 പേരുടെ മൃതദേഹങ്ങൾ ബന്ധപ്പെട്ടവർ തിരിച്ചറിഞ്ഞിട്ടുണ്ട്. മേപ്പാടിക്കടുത്തുള്ള ചൂരല്‍മലയിലും മുണ്ടക്കൈയിലുമാണ് ഉരുള്‍പൊട്ടലുകളുണ്ടായത്. ചൂരല്‍മലയില്‍ നിരവധി വീടുകള്‍ തകരുകയും ഒലിച്ചുപോകുകയുംചെയ്തിട്ടുണ്ട്. നിരവധിപേര്‍ ദുരന്തമേഖലയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. പരിക്കേറ്റ നൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവിടെനിന്ന് മുണ്ടക്കൈയിലേക്കുള്ള പാലം തകര്‍ന്നതിനാല്‍ മണിക്കൂറുകൾ വൈകിയാണ് രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്തേക്ക് എത്താൻ സാധിച്ചത്. അവിടെയുണ്ടായ നാശനഷ്ടങ്ങളുടെ യഥാര്‍ഥചിത്രം ഇനിയും പുറംലോകത്ത് എത്തിയിട്ടില്ല. 

Post a Comment

0 Comments