സ്വന്തം ലേഖകൻ
അഞ്ചാലുംമൂട് : ആശിർവാദ് ഹോംസ്റ്റേക്ക് അനധികൃതമായി ലൈസൻസ് നൽകിയ സംഭവത്തിൽ മാധ്യമപ്രവർത്തകനും അഷ്ടമുടി ലൈവ് ന്യൂസ് ന്യൂസ് എഡിറ്ററുമായ ഇൻഷാദ് സജീവ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ മുമ്പാകെ നൽകിയ പരാതിയിൽ നടപടികളുമായി തദ്ദേശസ്വയംഭരണ വകുപ്പ്. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്യും. തൃക്കരുവ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരെ ആവശ്യപ്പെട്ട വിജിലൻസ് അന്വേഷണത്തിന് മുന്നോടിയായാണ് വകുപ്പ് തല പ്രാഥമിക അന്വേഷണം നടത്തുന്നത് ഇതിൻറെ ഭാഗമായി കളക്ടറേറ്റിലെ ജില്ലാ ജോയിൻ ഡയറക്ടറുടെ കാര്യാലയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഇൻഷാദ് സജീവിൻ്റെ വിശദമായ മൊഴി രേഖപ്പെടുത്തിയത്. കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥരെയും പ്രതിചേർത്തുകൊണ്ട് അന്വേഷണം നടത്തണമെന്ന് മാധ്യമ പ്രവർത്തകൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. തൃക്കരുവ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതിയിൽ ആരോപണം ഉള്ളത്. വരും ദിവസങ്ങളിൽ അന്വേഷണ പുരോഗതി വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാതെ നിയമ പോരാട്ടം അവസാനിപ്പിക്കില്ലെന്നും മാധ്യമപ്രവർത്തകൻ വ്യക്തമാക്കി.
അതേസമയം, അഷ്ടമുടി ആശിർവാദ് ഹോം സ്റ്റേ നില്ക്കുന്ന പ്രദേശത്ത് കായൽ നികത്തുഭൂമിയുണ്ടെന്ന് കണ്ടെത്തിയ വില്ലേജ് ഓഫീസർ റിപ്പോർട്ട് അഷ്ടമുടി ലൈവ് പുറത്തുവിട്ടിരുന്നു. കൊല്ലം തഹസീൽദാർ അനിൽ കുമാർ.ജെ മുമ്പാകെ ആശിർവാദിലെ കായൽ കയ്യേറ്റത്തെ സംബന്ധിച്ച് മാധ്യമ പ്രവർത്തകനും അഷ്ടമുടി ലൈവ് ന്യൂസ് ന്യൂസ് എഡിറ്ററുമായ ഇൻഷാദ് നൽകിയ പരാതിയിൽ തൃക്കരുവ വില്ലേജ് ഓഫീസർ ജെയിൻ സ്റ്റീഫൻ നൽകിയ റിപ്പോർട്ട് ആണ് പുറത്തുവിട്ടത്. ജെർമൻ മലയാളിയായ പനയം വില്ലേജിൽ ചിറ്റേത്തു ചേരിയിൽ ചാങ്കുവിളയിൽ പത്രോസ് മകൾ സ്റ്റെല്ല പത്രോസ് ഇവരുടെ മക്കളായ ഷെർഷ് പത്രോസ് സാഗർ പത്രോസ് തുടങ്ങിയവരുടെ പേരിലുള്ള ഒന്നരയേക്കറിലധികം വരുന്ന സ്ഥലത്താണ് അഷ്ടമുടി കായലിലേക്ക് കയ്യേറ്റമുള്ളതായി തൃക്കരുവ വില്ലേജ് ഓഫീസർ തഹസീൽദാർ സമക്ഷം സമർപ്പിച്ച റിപ്പോർട്ടിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട. റിപ്പോർട്ടിൽ സർവ്വീസ് ചട്ടങ്ങൾ അറിയാത്ത തൃക്കരുവ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജോയി മോഹനെ വില്ലേജ് ഓഫീസർ പരോക്ഷമായി കുറ്റപ്പെടുത്തുകയും ചെയ്തു. റിപ്പോർട്ടിംഗ് ഓഫീസർ അല്ലാതിരുന്നിട്ടും തന്നോട് കായൽ കയ്യേറ്റത്തെക്കുറിച്ച് റിപ്പോർട്ട് ചോദിച്ച പഞ്ചായത്ത് സെക്രട്ടറിയ്ക്ക് അപ്പോൾ തന്നെ വാക്കാൽ മറുപടി നൽകിയിരുന്നതായി വില്ലേജ് ഓഫീസർ റിപ്പോർട്ടിൽ കുറിച്ചു. തഹസീൽദാർ മുഖേന തേടാവുന്ന റിപ്പോർട്ടാണെന്ന് അദ്ദേഹത്തോട് പറഞ്ഞതായും വില്ലേജ് ഓഫീസർ ജെയിൻ സ്റ്റീഫൻ റിപ്പോർട്ടിൽ വ്യക്തമായി.
0 Comments