banner

കൊല്ലത്ത് കുതിരയെ ഒരു സംഘം യുവാക്കള്‍ തെങ്ങില്‍ കെട്ടിയിട്ട് വളഞ്ഞിട്ട് മർദ്ദിച്ചു....!, സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ പുറത്ത് വന്നത് കൊടും ക്രിമിനലുകള്‍ പോലും ചെയ്യാത്ത ക്രൂരത, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞതായി പോലീസ്, ഗർഭിണിയായ കുതിരയെ മറിച്ചിട്ട് വയറ്റില്‍ തൊഴിക്കുന്നതും ദൃശ്യങ്ങളിൽ

Published from Blogger Prime Android App
സ്വന്തം ലേഖകൻ

കൊല്ലം : കൊടും ക്രിമിനലുകള്‍ പോലും ചെയ്യാൻ മടിക്കുന്ന കാര്യമാണ് കൊല്ലത്ത് ഗര്‍ഭിണിയായ കുതിരയെ ക്രൂര ആക്രമണത്തിന് ഇരയാക്കിയത് വഴി സാമൂഹ്യ വിരുദ്ധർ ചെയ്തത്. കൊല്ലം പള്ളിമുക്കിലെ സംഭവത്തില്‍ കുതിരയുടെ ഉടമ ഷാനവാസിന്റെ പരാതിയിൽ ഇരവിപുരം പൊലീസ് കേസെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും കേസിൽ ഉള്‍പ്പെട്ട മൂന്നു പേരെ തിരിച്ചറിഞ്ഞതായും ഇരവിപുരം പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമികളില്‍ മൂന്നുപേരെ പൊലീസ് തിരിച്ചറിഞ്ഞത്. ക്രിമിനല്‍ കേസുകളില്‍ അടക്കം ഉള്‍പ്പെട്ടവര്‍ ചേര്‍ന്നാണ് കുതിരയെ ആക്രമിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. പ്രതികളെല്ലാം ഒളിവിലാണ്. ആക്രമണത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.


ഗര്‍ഭിണിയായ കുതിരയെ ഒരു സംഘം യുവാക്കള്‍ തെങ്ങില്‍ കെട്ടിയിട്ട് വളഞ്ഞിട്ട് തല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് നേരത്തെ പുറത്തുവന്നത്. കുതിരയുടെ ദേഹമാസകലം മുറിവേറ്റിരുന്നു. സംഭവത്തില്‍ കുതിരയുടെ ഉടമ ഷാനവാസ് ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. അയത്തില്‍ തെക്കേകാവ് ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ കെട്ടിയിരുന്ന കുതിരയാണ് കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഇരയായത്.
 
കുതിരയുടെ കാലുകളിലും കണ്ണിന് സമീപവും പരിക്കുണ്ട്. ദേഹമാകെ അടിയേറ്റ് നീരുണ്ട്. അമ്പല പറമ്പിന് മുന്നില്‍ കൊണ്ടുപോയി കുതിരയെ കെട്ടിയിടുമ്പോള്‍ അവിടെയുള്ളവര്‍ക്ക് വലിയ കാര്യമാണെന്ന് ഷാനവാസ് പറയുന്നു. ആ ധൈര്യത്തിലാണ് അവിടെ കെട്ടുന്നത്. കുതിരയ്ക്ക് അവര്‍ പുല്ലൊക്കെ പറിച്ചിട്ട് കൊടുക്കാറുണ്ടെന്നും ഷാനവാസ് പറഞ്ഞു. കുതിരയെ അടിക്കുന്ന ദൃശ്യം ആരു കണ്ടാലും സഹിക്കില്ല. ഒരു മിണ്ടാപ്രാണിയോട് എങ്ങനെ ഇങ്ങനെ ചെയ്യാന്‍ കഴിയുന്നുവെന്നാണ് ഷാനവാസിന്റെ ചോദ്യം.


കുതിരയെ സാമൂഹ്യവിരുദ്ധര്‍ മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നു. സമീപത്തെ ക്ഷേത്രത്തിലെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ കിട്ടിയത്. ഉടമ ഷാനവാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരവിപുരം പൊലീസ് കേസെടുക്കുകയും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചും പ്രദേശവാസികളുടെ മൊഴിയെടുത്തും അന്വേഷണം ഊര്‍ജിതമാക്കി.

വ്യാഴം വൈകുന്നേരമാണ് അയത്തില്‍ തെക്കേക്കാവ് ക്ഷേത്രമൈതാനത്ത് കെട്ടിയിരുന്ന കൊല്ലം പള്ളിമുക്ക് സ്വദേശിയായ ഷാനവാസിന്റെ ദിയ എന്ന പെണ്‍ കുതിരയെ സ്‌കൂട്ടറിലും കാറിലുമായെത്തിയ ആറംഗസംഘം മര്‍ദിച്ചത്. അഞ്ചുമാസം മുമ്പാണ് ഷാനവാസ് കുതിരയെ ഗുജറാത്തില്‍നിന്ന് വാങ്ങിയത്. തെക്കേക്കാവ് ഭഗവതിക്ഷേത്ര പരിസരത്താണ് പകല്‍ കെട്ടുന്നത്. വൈകുന്നേരം കുതിരയെ അഴിക്കാന്‍ എത്തിയപ്പോള്‍ ശരീരത്തും മുഖത്തും മര്‍ദനമേറ്റ പാടുകളും മുറിവുകളും കണ്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിലെ സിസിടിവിയില്‍നിന്ന് മര്‍ദന ദൃശ്യങ്ങള്‍ കിട്ടിയത്.

കുതിരയെ തെങ്ങിനോട് ചേര്‍ത്ത് അനങ്ങാനാകാതെ കെട്ടിയിട്ടായിരുന്നു മര്‍ദനം. കുതിരയെ മറിച്ചിട്ട് വയറ്റില്‍ തൊഴിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കരച്ചില്‍കേട്ട് സമീപവാസികള്‍ വന്നെങ്കിലും അക്രമിസംഘത്തെ ഭയന്ന് പിന്‍മാറുകയായിരുന്നു.

Post a Comment

0 Comments