സ്വന്തം ലേഖകൻ
വിവാഹിതരായി മൂന്നു മിനിറ്റുകൾ മാത്രമാകവേ വിവാഹ ബന്ധം വേർപെടുത്തി ദമ്പതികൾ. വിവാഹ ചടങ്ങിന് പിന്നാലെ വധുവിനെ വരൻ അപമാനിച്ചതാണ് വിവാഹ മോചനത്തിന് കാരണമായതെന്ന് ഇൻഡിപെൻഡന്റ്സ് ഇൻഡി റിപ്പോർട്ട് ചെയ്യുന്നു. കുവൈത്തിലാണ് സംഭവം നടന്നത്.
വിവാഹ ചടങ്ങ് കഴിഞ്ഞ് കോർട്ട്ഹൗസിൽനിന്ന് വരനും വധുവും നടന്നുനീങ്ങവേ വധു കാലിടറി വീണു. ഈ സമയത്ത് വരൻ വിഡ്ഢിയെന്ന് വധുവിനെ വിളിക്കുകയായിരുന്നു. വരന്റെ വിളിയിൽ പ്രകോപിതയായ യുവതി വിവാഹ ബന്ധം വേർപെടുത്താൻ ജഡ്ജിയോട് ആവശ്യപ്പെട്ടു. വധുവിന്റെ ആവശ്യം അംഗീകരിച്ച് ജഡ്ജി വിവാഹ മോചനം അനുവദിക്കുകയായിരുന്നു.
കുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ വിവാഹമാണിതെന്നാണ് റിപ്പോർട്ടുകൾ. 2019 ലാണ് ഈ വിവാഹ മോചനം നടന്നതെങ്കിലും എക്സില്‍ ഒരു ഉപയോക്താവിന്റെ ഈ വിവാഹത്തെ കുറിച്ചുള്ള കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
2004 ൽ യുകെയിൽ വിവാഹിതരായി 90 മിനിറ്റിനുശേഷം ദമ്പതികൾ വിവാഹമോചിതരായിരുന്നു. ബ്രൈഡ്മെയ്ഡ്സിനോടുള്ള വരന്റെ കുശലാന്വേഷണം വധുവിനെ പ്രകോപിപ്പിക്കുകയും വിവാഹ പന്തലില്‍ ഇരുന്ന ഒരു ആസ്ട്രേ ഉപയോഗിച്ച് വരന്‍റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഇതിനുപിന്നാലെ വിവാഹ വേദിയില്‍ സംഘർഷം ഉടലെടുക്കുകയും ഇരുവരും വേർപിരിയുകയുമായിരുന്നു.
0 Comments