സ്വന്തം ലേഖകൻ
കൊല്ലം : പോളയത്തോട് നടന്ന വാഹനാപകടത്തിൽ മൂന്നാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ദേവമാതാ സ്‌കൂളിലെ വിദ്യാർഥി വിശ്വജിത്ത് ആണ് മരിച്ചത്. സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ തലയിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങുകയായിരുന്നു. രാവിലെ 8.20 ഓടെയായിരുന്നു അപകടം.
കുട്ടിയെ സ്കൂളിലേക്ക് അയക്കാനായി ഭിന്നശേഷിക്കാരനായ പിതാവും, മാതാവും കുട്ടിയും ഒരുമിച്ചാണ് മുച്ചക്ര സ്കൂട്ടറിൽ കൊല്ലത്തേക്ക് പോയത്. പോളയത്തോട് ജംഗ്ഷന് സമീപം സ്വകാര്യ ബസിനെ ഓവർട്ടേക്ക് ചെയ്യുന്നതിനിടെയായിരുന്നു അപകടം. എതിർ ദിശയിലുള്ള മറ്റൊരു വാഹനത്തെ കണ്ട് ഇടത് വശത്തേക്ക് മാറ്റാൻ ശ്രമിക്കുകയായിരുന്നു. ഗട്ടറിലേക്ക് വാഹനം ചരിഞ്ഞതോടെ വിശ്വജിത്ത് റോഡിലേക്ക് തെറിച്ച് വീണു. ഈ സമയത്ത് കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കുട്ടിയുടെ തലയിലൂടെ കയറി ഇറങ്ങി. സംഭവ സ്ഥലത്ത് വെച്ചുതന്നെ കുട്ടി മരിച്ചു. വിശ്വജിത്തിൻ്റെ മാതാപിതാക്കൾ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
മറ്റൊരു സംഭവത്തിൽ, തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ബസ് സ്റ്റാൻ്റിൽ സൈക്കിൾ യാത്രക്കാരൻ്റെ കാലിലൂടെ കെഎസ്ആർടിസി ബസ് കയറി ഇറങ്ങി. വഴുതൂർ സ്വദേശി കേശവൻ നായരുടെ കാലിലൂടെയാണ് ബസിൻ്റെ വീൽ കയറിയത്. കേശവൻ നായരെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേശവൻ നായരുടെ കാലിന് പൊട്ടൽ ഉണ്ട്.
കൊച്ചി മരടിൽ ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്ക്. ഓട്ടോ ഡ്രൈവറെ പരിക്കുകളോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറിഞ്ഞു. നാട്ടുകാർ ഓട്ടോ പൊക്കി മാറ്റി ഡ്രൈവറെ രക്ഷിക്കുകയായിരുന്നു.
0 Comments