സ്വന്തം ലേഖകൻ
കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി തസ്മിത് തംസുമിയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ നിർണായക വിവരം പൊലീസിന് വിവരം ലഭിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടി തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ - കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ കയറിയതായാണ് ബുധനാഴ്ച പുലർച്ചെ നാല് മണിയോടെ പൊലീസിന് വിവരം ലഭിച്ചത്. കാണാതായ കുട്ടി ബംഗ്ലൂർ - കന്യാകുമാരി എക്സ്പ്രസിൽ കയറി തമിഴ്നാട്ടിലേക്ക് യാത്ര ചെയ്തുവെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അന്വേഷണ സംഘം കന്യാകുമാരിയിലേക്ക് പോകും. ഇതിനോടകം തന്നെ കന്യാകുമാരി പൊലീസിനും റെയിൽവെ സംരക്ഷണ സേനയ്ക്കും പൊലീസ് വിവരം കൈമാറി.
ട്രെയിനിൽ നിന്ന് യാത്രക്കാരി പകർത്തിയ ചിത്രം തന്റെ മകളുടേത് തന്നെയാണെന്ന് പിതാവ് സ്ഥിരീകരിച്ചു. മകളെ കാണാതാവുമ്പോൾ ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് ഫോട്ടോയിലും ഉള്ളതെന്നും സ്ഥിരീകരണം.
തിരുവനന്തപുരത്തു നിന്ന് കുട്ടി ട്രെയിൻ കയറിയെന്നാണ് സഹയാത്രിക പൊലീസിനെ അറിയിച്ചത്. ട്രെയിനിൽ ഇരുന്ന് കുട്ടി കരയുന്നതു കണ്ട യാത്രക്കാരി കുട്ടിയുടെ ഫോട്ടോ എടുത്തു. ഈ ഫോട്ടോയാണ് പൊലീസിന് ലഭിച്ചത്. കുട്ടിയുടെ കൈയിൽ 40 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫോട്ടോ എടുത്ത ബബിത എന്ന യാത്രക്കാരി പൊലീസിനെ അറിയിച്ചു. കുട്ടി 50 രൂപയുമായാണ് വീട്ടിൽ നിന്ന് പോയതെന്ന് മാതാപിതാക്കളും പൊലീസിനോട് പറഞ്ഞിരുന്നു.
കഴക്കൂട്ടത്ത് നിന്ന് കുട്ടി തമ്പാനൂരിൽ എത്തിയ ശേഷം അവിടെ നിന്ന് ട്രെയിനിൽ കയറിയെന്നാണ് ലഭിക്കുന്ന വിവരം. കഴക്കൂട്ടം വരെ കുട്ടി നടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയിരുന്നു. അതിന് ശേഷമുള്ള ദൃശ്യങ്ങളിൽ കുട്ടിയെ കണ്ടിരുന്നില്ല.
0 Comments