സ്വന്തം ലേഖകൻ
ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിൽ നിന്നും മാനേജര്‍ കവര്‍ന്ന 26.24 കിലോഗ്രാം സ്വര്‍ണം വീണ്ടെടുക്കല്‍ അസാധ്യം. മുക്ക് പണ്ടം പകരം വച്ച് അടിച്ചുമാറ്റിയ സ്വര്‍ണം വിവിധ ഇടങ്ങളില്‍ വില്‍ക്കുകയാണ് മധാ ജയകുമാര്‍ ചെയ്തത്. സ്വര്‍ണത്തിനായി ദക്ഷിണേന്ത്യ മുഴുവന്‍ അരിച്ചുപെറുക്കേണ്ട അവസ്ഥയിലാണ് ക്രൈംബ്രാഞ്ച് സംഘം. തെലങ്കാന പോലീസ് അറസ്റ്റ് ചെയ്ത് കേരള പോലീസിനു കൈമാറിയ ജയകുമാറിനെ ആറുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ഈ സമയത്തില്‍ ഈ സ്വര്‍ണം കണ്ടെത്തുക ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ വലിയ വെല്ലുവിളിയാണ്.
‘ചാത്തംകണ്ടത്തിൽ ഫൈനാൻസിയേഴ്‌സ്’ എന്ന സ്വകാര്യ ധനകാര്യസ്ഥാപനം 250 അക്കൗണ്ടുകളിലായി പണയം വച്ച സ്വര്‍ണമാണിത്. തട്ടിപ്പ് നടത്തുന്നതിന്റെ ഭാഗമായി 250 അക്കൗണ്ടുകളിലെ സ്വര്‍ണം ജൂണ്‍ പകുതിയോടെ 78 അക്കൗണ്ടിലേക്ക് മാറ്റിവച്ചു. ഇതിലെ 42 അക്കൗണ്ടിലുണ്ടായിരുന്ന 26.24 കിലോഗ്രാം സ്വർണം മുക്കുപണ്ടം വച്ച് കൈക്കലാക്കുകയും ചെയ്തു. ഒളിവിലിരിക്കുമ്പോള്‍ ജയകുമാര്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നതുപോലെ സോണല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
അതേസമയം അന്വേഷണത്തിന് സിബിഐ എത്തിയേക്കും. വടകര ശാഖയില്‍ നടന്നത് 17.20 കോടി രൂപയുടെ സ്വര്‍ണം തട്ടിപ്പാണ്. ഈ കാര്യത്തില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര ആര്‍ബിഐക്കും സിബിഎക്കും റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്. ബാങ്കിംഗ് ചട്ടം അനുസരിച്ച് തട്ടിപ്പ് മൂന്ന് കോടിക്ക് മുകളില്‍ ആണെങ്കില്‍ സിബിഐ അന്വേഷണം വേണം. അതുകൊണ്ട് തന്നെ റിസര്‍വ് ബാങ്കിനും സിബിഐക്കും റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്കാകും അന്വേഷണം സിബിഐ ഏറ്റെടുക്കുക.
മധാ ജയകുമാറിനെ വടകര ശാഖയില്‍ നിന്നും ട്രാന്‍സ്ഫര്‍ ചെയ്തതിനെ തുടര്‍ന്ന് മറ്റൊരു മാനേജര്‍ ചാര്‍ജെടുത്തിരുന്നു. പുതിയ മാനേജര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വ്യക്തമായത്. സ്ഥലംമാറ്റിയ ശാഖയില്‍ ജയകുമാര്‍ ചാര്‍ജ് ഏറ്റെടുത്തതുമില്ല. ഇതോടെയാണ് ബാങ്ക് സ്വര്‍ണത്തട്ടിപ്പില്‍ പരാതി നല്‍കിയത്. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തു.
ജയകുമാറിന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചിരുന്നു. പോലീസ് നിരീക്ഷണം വന്നതോടെ ആധാര്‍ കാര്‍ഡ് ഉപയോഗിക്കാനും കഴിയാതെയായി. ആധാര്‍ ഇല്ലാതെ സിം ലഭിക്കാന്‍ തെലങ്കാനയില്‍ നിന്നും ജയകുമാര്‍ ശ്രമം നടത്തിയതോടെയാണ് കുടുങ്ങിയത്. പോലീസ് വിശദമായി ചോദ്യം ചെയ്യുകയും വിവരങ്ങള്‍ പരിശോധിക്കുകയും ചെയ്തതോടെയാണ് കേരള പോലീസ് സ്വര്‍ണം തട്ടിപ്പിന് അന്വേഷിക്കുന്ന പ്രതി ആണെന്ന് മനസിലായത്. ഇതോടെയാണ് കേരള പോലീസിനെ വിവരം അറിയിക്കുകയും കേരളത്തില്‍ നിന്നും എത്തിയ പോലീസ് സംഘത്തിന് പ്രതിയെ കൈമാറുകയും ചെയ്തത്.
0 Comments