ഇൻഷാദ് സജീവ്
അഞ്ചാലുംമൂട് : അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്ര നടയ്ക്ക് സമീപമുള്ള ഡി.റ്റി.പി.സി കെട്ടിടം സാമൂഹിക വിരുദ്ധ കേന്ദ്രമായി മാറുന്നു. അഷ്ടമുടി ക്രാഫ്റ്റ് മ്യൂസിയം എന്ന പേരിൽ 44 ലക്ഷം രൂപ മുതൽ മുടക്കിൽ നിർമ്മിച്ച് ആശ്രാമത്തെ പ്രത്യേക വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കെട്ടിടമാണ് കഴിഞ്ഞ എട്ട് മാസത്തോളമായി കാട് കയറിയ അവസ്ഥയിലുള്ളത്. കായലിൽ നില്ക്കുന്ന കെട്ടിടം ഇപ്പോൾ നേരം ഇരുട്ടിയാൽ സാമൂഹിക വിരുദ്ധ സംഘങ്ങളുടെ കേന്ദ്രമാണ്. തൊട്ടടുത്ത പ്രദേശങ്ങളിൽ നിന്നുൾപ്പെടെ ആളുകൾ മദ്യപിക്കാനായി ഇതിനുളളിൽ കയറുന്നതും മദ്യപിച്ച ശേഷം ക്ഷേത്രപരിസരത്ത് ബഹളമുണ്ടാക്കുന്നതും പതിവ് കാഴ്ചയാണ്.
അതേ സമയം, അഷ്ടമുടി സ്വദേശിയും പൊതുപ്രവർത്തകനുമായ അനീഷ് ആണ് ക്രാഫ്റ്റ് മ്യൂസിയത്തിനോട് ചേർന്നുള്ള വശം ഹോട്ടൽ നടത്തുന്നതിനായി ടെൻഡർ എടുത്തത്. കട പ്രവർത്തിക്കുന്ന സമയം പ്ലാസ്റ്റിക് കപ്പുകൾ സ്ഥാപനത്തിൽ സൂക്ഷിച്ചു എന്നും മാലിന്യം കായലിൽ തള്ളി എന്നും ആരോപിച്ച് തൃക്കരുവ ഗ്രാമപഞ്ചായത്ത് അധികൃതർ 10000 രൂപ പിഴ ചുമത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഭാഗികമായി പ്രവർത്തിച്ചുകൊണ്ടിരുന്ന സ്ഥാപനം പൂർണമായും അടച്ചിട്ടതെന്ന് അനീഷ് പറയുന്നു. പ്രദേശം ടൂറിസ്റ്റുകൾ എത്തുന്ന കേന്ദ്രമല്ലെന്ന് നേരത്തെ അധികൃതരോട് വ്യക്തമാക്കിയിരുന്നതാണ്.
സ്ഥാപനത്തിലേക്ക് ആരും വരാറില്ലെന്നും തനിക്ക് ശേഷം ഹോട്ടൽ പ്രവർത്തിപ്പിച്ചിരുന്ന കുണ്ടറ സ്വദേശി സാജനും ഹോട്ടൽ നടത്താതെ ആയത് ആളുകൾ വരാത്തത് കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടൂറിസത്തിന്റെ യാതൊരു സാധ്യതയും നിലവിൽ പ്രദേശത്തില്ല. മാത്രമല്ല കെട്ടിടം ജീർണാവസ്ഥയിൽ ആണ്. ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് ആവശ്യമായ യാതൊരു പദ്ധതികളും ഏകോപിപ്പിക്കാൻ ഡിടിപിസിയും തയ്യാറല്ല. ഈ കാരണങ്ങൾ കൊണ്ടാണ് ദീർഘകാലമായി സ്ഥാപനം പൂട്ടിയിടേണ്ടി വന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അഷ്ടമുടിക്കായലിലൂടെയുള്ള സഞ്ചാരികളുടെ യാത്രയ്ക്കിടയില്‍ ടൂറിസ്റ്റ് ഇടത്താവളങ്ങള്‍ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ നാല് വർഷങ്ങൾക്ക് മുമ്പ് ക്രാഫ്റ്റ് സെന്റര്‍ ആരംഭിച്ചത്. കായല്‍ ഭംഗി ആസ്വദിച്ച് ദൂരയാത്രകള്‍ നടത്തുന്ന സഞ്ചാരികള്‍ക്ക് അഷ്ടമുടിയുടെ തനത് വിഭവങ്ങളുടെ കാഴ്ച്ചകള്‍ സമ്മാനിക്കാന്‍ ക്രാഫ്റ്റ് സെന്ററിന് സാധിക്കുമെന്നായിരുന്നു വാദം. ഉരുള്‍ നേര്‍ച്ചയടക്കമുള്ള ഉത്സവാഘോഷങ്ങള്‍ക്ക് പേരുകേട്ട വീരഭദ്രസ്വാമി ക്ഷേത്രവും പരിസരവും ഉത്സവകാലങ്ങളില്‍ വന്‍വ്യാപാര മേളയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. അഷ്ടമുടിയുടെ തനത് കരകൗശലഭക്ഷ്യവിഭവങ്ങള്‍ അടക്കമുള്ളവ വ്യാപാര മേളയില്‍ അണിനിരക്കും. ഈ പശ്ചാത്തലത്തില്‍ പെരിനാടിന്റെ തനത് വസ്തുക്കളുടെ പ്രദര്‍ശനത്തിനുള്ള സ്ഥിരംവേദിയായി ക്രാഫ്റ്റ് സെന്റര്‍ മാറുമെന്ന് വിചാരിച്ചെങ്കിലും സ്ഥിതി മറ്റൊന്നായി.
0 Comments