banner

ഇന്ന് അറിഞ്ഞിരിക്കാൻ....!, പ്രാധാന വാർത്തകൾ ഇത് വരെ

Published from Blogger Prime Android App
കലാപം കത്തിപ്പടരുന്ന പശ്ചാത്തലത്തില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച ഷെയ്ഖ് ഹസീന രാഷ്ട്രീയ അഭയം തേടി ദില്ലിയിലെത്തി. ബംഗ്ലദേശ് വ്യോമസേനയുടെ സി-130 വിമാനത്തിലാണ് ഷെയ്ഖ് ഹസീനയും സഹോദരി ഷെയ്ഖ് രഹാനയും എത്തിയത്. ഇന്ത്യന്‍ എയര്‍ഫോഴ്സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഷെയ്ഖ് ഹസീനയെ സ്വീകരിച്ചു. ദില്ലിയില്‍ നിന്ന് ഇവര്‍ ലണ്ടനിലേക്ക് പോകുമെന്നാണ് സൂചന.

ബംഗ്ലദേശില്‍നിന്നു രാജിവച്ച് പലായനം ചെയ്ത് ഡല്‍ഹിയിലെത്തിയ ഷെയ്ഖ് ഹസീന ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. ഹസീനയെത്തിയതിനു പിന്നാലെ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ബംഗ്ലദേശിലെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. ഹസീനയുമായി മോദി കൂടിക്കാഴ്ച നടത്തുമോയെന്നതില്‍ വ്യക്തതയില്ല.

ബംഗ്ലാദേശില്‍ സര്‍ക്കാര്‍ വിരുദ്ധ കലാപത്തില്‍ വ്യാപക അക്രമം. ഖുല്‍നയില്‍ അവാമി ലീഗ് നേതാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു. ഷേര്‍പുര്‍ ജയില്‍ തകര്‍ത്ത് 500 തടവുകാരെ മോചിപ്പിച്ച പ്രക്ഷോഭകര്‍ നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ക്കും തീയിട്ടു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ പ്രക്ഷോഭകര്‍ വിലപിടിച്ചതെല്ലാം കൊള്ളയടിച്ചു. ബംഗ്ലാദേശ് ആഭ്യന്തര മന്ത്രിയുടേയും ഭക്ഷ്യമന്ത്രിയുടേയും വീടുകള്‍  ജനക്കൂട്ടം കൊള്ളയടിച്ചു. ബംഗ്ലാദേശിന്റെ രാഷ്ട്ര പിതാവും ഹസീനയുടെ അച്ഛനുമായ ഷെയ്ഖ് മുജീബുറഹ്‌മാന്റെ പ്രതിമ ധാക്കയില്‍ തകര്‍ത്തു.  അതേസമയം, ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഷെയ്ക് ഹസീന ഇന്ത്യയില്‍ തുടരുമെന്ന് റിപ്പോര്‍ട്ട്.

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തികള്‍ സുരക്ഷിതമാണെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവരെ കരുതിയിരിക്കണമെന്നും അഭ്യൂഹങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം പെട്രാപോളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി അടച്ചു. അതിര്‍ത്തിയിലുള്ളവര്‍ക്ക് ബി.എസ്.എഫ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളുകളെ അതിര്‍ത്തിക്ക് 500 മീറ്റര്‍ അകലെ തടഞ്ഞ് മടക്കി അയക്കുകയാണ്. ബംഗ്ലാദേശിലേക്കുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും ഇന്ത്യന്‍ റെയില്‍വെ നിര്‍ത്തിവച്ചിട്ടുണ്ട്.

ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തില്‍ ധാക്കയിലേക്കും അവിടെനിന്നുമുള്ള മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദാക്കി എയര്‍ ഇന്ത്യ. ബംഗ്ലാദേശില്‍ രൂപംകൊണ്ടിരിക്കുന്ന കലാപ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍വ്വീസുകള്‍ അടിയന്തരമായി റദ്ദാക്കിയതെന്നും സാഹചര്യം തുടര്‍ച്ചയായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും വിമാനക്കമ്പനി വ്യക്തമാക്കി.

ഇലക്ട്രോണിക്സ് കയറ്റുമതിയില്‍ ആഗോളതലത്തില്‍ ആദ്യ മൂന്നില്‍ ഇടംപിടിച്ച് ഇന്ത്യ. കേന്ദ്ര ഇലക്ട്രോണിക്‌സ് - വിവരസാങ്കേതികവിദ്യ മന്ത്രി അശ്വിനി വൈഷ്ണവാണ് ഈ വിവരം എക്സ് പോസ്റ്റിലൂടെ പങ്കുവെച്ചത്. മികച്ച 10 കയറ്റുമതി രാജ്യങ്ങളില്‍ മൂന്നാം സ്ഥാനം നേടിയതായുള്ള ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പത്രത്തിന്റെ ലേഖനവും അദ്ദേഹം പങ്കുവച്ചു. ഇലക്ട്രോണിക്സ് കയറ്റുമതിയില്‍ ഇന്ത്യ കൈവരിച്ച പുരോഗതിയില്‍ അതിയായ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വരുംകാലങ്ങളിലും ഈ വേഗത തുടരാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും കൂട്ടിച്ചേര്‍ത്തു.

വയനാട്  ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാത്തവര്‍ക്കായി  പുത്തുമലയില്‍ കൂട്ടക്കുഴിമാടങ്ങള്‍. 200 കുഴിമാടങ്ങളാണ് ഇതിനായി തയ്യാറാക്കിയത്. 27 മൃതദേഹങ്ങളും, 154 ശരീരഭാഗങ്ങളുo ഇന്നലെ സംസ്‌കരിച്ചു. വിവിധ ഘട്ടങ്ങളിലായിട്ടാണ് മൃതദേഹങ്ങള്‍ പുത്തുമലയിലേക്ക് എത്തിച്ചത്. സര്‍വമത പ്രാര്‍ത്ഥനയോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടത്തിയത് . ഓരോ ശരീരഭാഗങ്ങളെയും ഓരോ മൃതശരീരങ്ങളായി പരിഗണിച്ചാണ് സംസ്‌കാരം പൂര്‍ത്തിയാക്കിയത്. വൈകുന്നേരം ആരംഭിച്ച സംസ്‌കാര ചടങ്ങുകള്‍ രാത്രി 12 മണിയോടെയാണ് അവസാനിച്ചത്.

വയനാട്ടില്‍ സൈന്യം തീരുമാനിക്കും വരെ തിരച്ചില്‍ തുടരണമെന്ന് മന്ത്രിസഭാ ഉപസമിതി തീരുമാനം. ദുരന്തഭൂമിയായ മുണ്ടക്കൈയിലെ തിരച്ചിലില്‍ സൈന്യം അന്തിമ തീരുമാനമെടുക്കട്ടെ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. പുനരധിവാസത്തിനായി ബൃഹദ് പാക്കേജ് തയ്യാറാക്കും. ദുരന്ത നിവാരണ നിധിയില്‍ നിന്ന് കൂടുതല്‍ തുക പുനരധിവാസത്തിന് ഉറപ്പാക്കാന്‍ എല്‍ ത്രീ നിലയിലുള്ള ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെടും.

സംസ്ഥാന സര്‍ക്കാരിനെതിരെ  വയനാട് ദുരന്തത്തില്‍   രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവിനെതിരെ മറുപടിയുമായി റവന്യു മന്ത്രി കെ രാജന്‍. മനുഷ്യത്വ രഹിതമായ പ്രസ്താവനയാണ് കേന്ദ്ര മന്ത്രിയുടേതെന്നും ഇത്തരം ദുരന്തമുഖത്ത് നടത്തേണ്ട പ്രസ്താവന അല്ലെന്നും അനുചിത പ്രസ്താവന നടത്തുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ മാനസികാഘാതം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 121 പേരടങ്ങിയ പ്രത്യേക സംഘത്തിന് രൂപം നല്‍കി. ദുരന്തബാധിതരെ കേള്‍ക്കുകയും അവര്‍ക്ക് ആശ്വാസം നല്‍കുകയുമാണ് ഇവരുടെ ചുമതല. മാനസിക സാമൂഹിക ഇടപെടലുകള്‍ ഊര്‍ജിതമാക്കി സാധാരണനിലയിലേക്ക് ദുരിതബാധിതരെ തിരിച്ചു കൊണ്ടുവരാനാണ് ശ്രമം. ആരോഗ്യ വകുപ്പിന്റ തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്കാണ് സേവനത്തിന് അനുവാദമുള്ളത്.

വയനാടിന്റെ പുനര്‍ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും സാലറി ചലഞ്ച് എന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്ത് ഫെറ്റോ. ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആണ് സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്തത് . ജീവനക്കാര്‍ക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങളില്‍ നിന്ന് തവണകളായി നല്‍കാന്‍ സര്‍ക്കാര്‍ ഓപ്ഷന്‍ നല്‍കണമെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്  ആവശ്യപ്പെട്ടു.

ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കെടുതികള്‍ അനുഭവിയ്ക്കുന്ന വയനാടിന് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ എം എ യൂസഫലി കൈമാറി. ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സഹായം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നുയരുന്ന അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് ധനവകുപ്പില്‍ ഒരു താല്‍ക്കാലിക പരാതിപരിഹാര സെല്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. പരാതികള്‍ക്കും സംശയങ്ങള്‍ക്കും 8330091573 എന്ന മൊബൈല്‍ നമ്പറിലും cmdrf.cell@gmail.com എന്ന ഇ മെയിലിലും സെല്ലിനെ ബന്ധപ്പെടാം.

ഉരുള്‍പൊട്ടലില്‍ ഇരയാക്കപ്പെട്ടവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചിറ്റിലപ്പിളളി ഫൗണ്ടേഷന്‍ 15 കോടി രൂപ ചിലവഴിക്കുമെന്ന് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അറിയിച്ചു. മറ്റു സംഘടനകളുമായി ചേര്‍ന്ന് ഫൗണ്ടേഷന്‍ നിലവില്‍ നടപ്പിലാക്കിവരുന്ന ഭവനദാന പദ്ധതികളില്‍ ദുരന്തബാധിത മേഖലകളില്‍ നിന്ന് ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് നല്‍കുന്ന തുകയ്ക്ക് പുറമേയാണ് ഈ സഹായങ്ങളെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അറിയിച്ചു

മൂന്ന് മാസത്തെ  റേഷന്‍ വ്യാപാരി കമീഷന്‍ വിതരണത്തിനുളള  മുന്‍കൂര്‍ തുക അനുവദിച്ചു. ജൂലൈ, ആഗസ്ത്, സെപ്തംബര്‍ മാസങ്ങളിലെ കമീഷന്‍ വിതരണത്തിന്, 51.26 കോടി രൂപയാണ് അനുവദിച്ചതെന്ന് ധനമന്ത്രി കെഎം ബാലഗോപാല്‍ അറിയിച്ചു. കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 92 കോടി രൂപ കുടിശികയായ സാഹചര്യത്തിലാണ് കമീഷന്‍ വിതരണത്തിനുള്ള തുക മുന്‍കൂറായി ലഭ്യമാക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മൂന്നുപേര്‍ക്കും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ വെള്ളം ഉപയോഗിക്കുന്നവര്‍ മുന്‍കരുതല്‍ എടുക്കണമെന്നും കെട്ടിക്കിടക്കുന്ന മലിനമായ വെള്ളത്തില്‍ കുളിക്കരുതെന്നും നിര്‍ദേശം നല്‍കി.

തൃശൂര്‍ തിരുവില്വാമയിലെ ദേവി ലാറ്റക്സ് കമ്പനിക്കെതിരെ പരാതി. ലാറ്റക്സ് കമ്പനിയില്‍ നിന്നും ആസിഡ് അടങ്ങിയ മലിന ജലമൊഴുകി ഏക്കറുകണക്കിന് കൃഷി നശിച്ചതായാണ് നാട്ടുകാരുടെ പരാതി. ആസിഡ് അടങ്ങിയ വെള്ളം കുഴികളിലാണ് ശേഖരിച്ചിരുന്നത്. മഴ കനത്തതോടെ ഇത് കരകവിഞ്ഞ് കൃഷി സ്ഥലത്തേക്ക് ഒഴുകിയതിനെ തുടര്‍ന്ന് പാടശേഖരത്തിന് സമീപത്തെ വെള്ളച്ചാലുകളില്‍ മീനുകള്‍ ഉള്‍പ്പെടെ ചത്തുപൊങ്ങുകയായിരുന്നു. എന്നാല്‍ മഴ വെള്ളം കെട്ടിനിന്നാണ് കൃഷിനശിച്ചതെന്ന് ലാറ്റക്സ് കമ്പനി ഡയറക്ടര്‍ വിശദീകരിച്ചു.

കനത്തമഴയില്‍ വെള്ളത്തില്‍ മുങ്ങിയ പട്ടാമ്പി പാലം ഇന്ന് മുതല്‍ തുറന്നുകൊടുക്കും. നിബന്ധനകള്‍ക്ക് വിധേയമായി വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കാനാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ഒരു സമയം ഒരു ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മാത്രം കടത്തി വിടണമെന്നും പാലത്തിന് മുകളില്‍ ആവശ്യമായ സുരക്ഷയും ഒരുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments