ഇൻഷാദ് സജീവ്
കൊല്ലം : ജില്ലാ കളക്ടർ ചെയർമാനും ഉദ്യോഗസ്ഥ പ്രതിനിധികൾ, ജനപ്രതിനിധികൾ ടൂറിസം മേഖയിലെ വിദഗ്ധർ അംഗങ്ങളുമായിട്ടുള്ളതാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നാണ് വെപ്പ്. പക്ഷേ ഇതു വെറും തള്ളാണെന്ന് സകലർക്കും അറിയാം. കോർപ്പറേഷൻ ഭരണവും സംസ്ഥാന ഭരണവും കയ്യിലുള്ളതിനാൽ സിപിഎം പ്രതിനിധികളാണ് ഡിടിപിസിയിൽ മുഴുവനും. രണ്ടു ഭരണവും കയ്യിലുള്ള പക്ഷം കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്താവുന്നതാണ്. ഇത് നല്ലതാണെങ്കിലും ജില്ലയിലെ ടൂറിസം വികസിക്കുന്നില്ല. ഇതിന് മകുടോദാഹരണമാണ് ജില്ലയിൽ മാസങ്ങളായി ഡിടിപിസി സെക്രട്ടറിയുടെ ഒഴിവു നികത്താതിരുന്ന അവസ്ഥ. പ്രതിഷേധങ്ങൾ ശക്തമായപ്പോഴാണ് പുതിയ സെക്രട്ടറിയെ നിയമിച്ചുകൊണ്ട് വിവാദങ്ങൾക്ക് താൽക്കാലിക വിരാമം നേതാക്കൾ കുറിച്ചത്.
ജില്ലാ കളക്ടർക്ക് പൂർണ്ണ അധികാരമുള്ള കമ്മിറ്റിയാണ് നിലവിലുള്ളതെങ്കിലും ഇഷ്ടമില്ലാത്ത കൗൺസിൽ തീരുമാനം പലപ്പോഴും നടപ്പാക്കേണ്ടി വരും എന്ന് പ്രതിപക്ഷകക്ഷികൾ പറയുന്നു. ഇങ്ങനെയാണ് പല ടൂറിസം പ്രോജക്ടുകളും പാതിവഴിയിൽ നിലച്ചു പോയത്. ചില പ്രോജക്ടുകൾ ആകട്ടെ അന്ത്യനാളുകളിൽ ചക്ര ശ്വാസം വലിക്കുകയാണ്. പ്രമോഷൻ കൗൺസിലിന്റെ സെക്രട്ടറിയായിരുന്ന ഡോക്ടർ രമ ആർ കുമാറിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള പുനർവിന്യാസം ജില്ലയിൽ നടത്തിയിരുന്നു. കൗൺസിൽ അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ തട്ടിയെടുത്ത ലക്ഷങ്ങൾ സംബന്ധിച്ച് കണക്കുകളും അന്വേഷണങ്ങളും വ്യക്തമാക്കിയത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.
വിവിധ കേന്ദ്രങ്ങളിൽ നിന്നായി അനധികൃത ഇടപാടുകളിലൂടെ കരാറുകാരും ചില ജീവനക്കാരും ചേർന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൽ നിന്ന് വർഷങ്ങളായി തട്ടിയെടുത്തത് കോടികൾ ആണെന്നുള്ളത് ഒരു ഞെട്ടലോടെയാണ് കൊല്ലം ജനത തിരിച്ചറിഞ്ഞത്. ക്രമക്കേടുകൾക്ക് തടയിട്ടതോടെ കൗൺസിലിൻറ വരുമാനം ഗണ്യമായി വർധിച്ചതായും വാർത്തകളുണ്ടായിരുന്നു. ആശ്രാമം ചിൽഡ്രൻസ് പാർക്ക്, അഡ്വഞ്ചർ പാർക്ക്, സാബ്രാണിക്കോടി അടക്കമുള്ളയിടങ്ങളിൽനിന്ന് ഇരട്ടിയിലധികം വരുമാനം ലഭിച്ചുതുടങ്ങിയതായും കണക്കുകൾ പുറത്തു വന്നിരുന്നു. കൗൺസിൽ ഓഫീസ് ചുമതലയുണ്ടായിരുന്നവരിൽ ചിലരും വിനോദസഞ്ചാരകേന്ദ്രങ്ങളുടെ ചുമതലയുള്ള ചില സൂപ്പർവൈസർമാരും ചേർന്നാണ് അഴിമതി നടത്തിയതെന്ന് അന്ന് പുറത്തുവന്ന വിവരങ്ങൾ. കൗൺസിലിന്റെ അംഗീകാരമില്ലാതെയാണ് പല കരാറുകളും നൽകിയിട്ടുള്ളത്. ഇതുസംബന്ധിച്ച ഫയലുകൾ സ്ഥിരമായി കാണാതാകുന്നുണ്ടെന്നാണ് ജീവനക്കാരും
പരാതി ഉന്നയിക്കുന്നുണ്ട്. തുടർന്ന് അന്വേഷണങ്ങൾ ഒന്നും ഉണ്ടാകാതിരുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതുമില്ല.
ജില്ലയിലെ ടൂറിസം സാധ്യതകളെക്കുറിച്ച് യാതൊരു പഠനവും നടത്താതെയാണ് നിലവിലുള്ള കൗൺസിലിന്റെ മുന്നോട്ടുപോക്ക്. അഷ്ടമുടി കായൽ കെഎസ്ആർടിസി സ്റ്റാൻ്റിൻ്റെ പരിസരത്ത് മാത്രമാണ് എന്ന് തന്നെയാണ് ഇപ്പോഴും ചിലരുടെ വാദം. സാമ്പ്രാണിക്കോടി ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള വൻകിട പദ്ധതികൾക്ക് തുടക്കം കുറിക്കാമെന്നിരിക്കെയാണ് ഡിറ്റിപിസിയുടെ ഒളിച്ചു കളി. ഇതുവഴി വൻകിട ആഡംബര ഹോട്ടൽ ബിസിനസുകാർക്ക് ലാഭം നേടിക്കൊടുക്കുകയാണ് ലക്ഷ്യമെന്ന നേരത്തെ തന്നെ പ്രതിപക്ഷ കക്ഷികൾ ആരോപണം ഉന്നയിച്ചിരുന്നു. കേരളത്തെ തന്നെ കാണാനാകുന്ന പ്രകൃതി സൗന്ദര്യം തെന്മലയിൽ ഉണ്ടായിട്ടും പഴയ പദ്ധതികൾ പുനരുജീവിപ്പിക്കാൻ പോലും കൗൺസിലിന് കഴിഞ്ഞിട്ടില്ല.
ആശ്രാമവും അഡ്വഞ്ചർ പാർക്കും കോൺക്രീറ്റ് സ്മാരകങ്ങളായി നിലനിൽക്കുകയാണ്. ഇവിടെയൊക്കെ വികസനത്തിന്റെ പുതിയ പദ്ധതികൾ ആവിഷ്കരിച്ചാൽ വലിയ വരുമാനവും ടൂറിസം രംഗത്തെ ജില്ലയുടെ പ്രാഥമികവും ഉറപ്പാക്കാം എന്നിരിക്കെ കൗൺസിൽ ഇതിനൊന്നും തയ്യാറായ മട്ടിലല്ല കാര്യങ്ങളുടെ പോക്ക്. രാഷ്ട്രീയ സാമ്പത്തിക നേട്ടങ്ങൾക്കായി ഉദ്യോഗസ്ഥ വൃന്ദങ്ങളും ഇതിനിടയിൽ കളിക്കുന്നതായി ആരോപണമുണ്ട്. വൻകിട ലോബികളും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധത്തിൻറെ കണ്ണിയായി ജില്ലയിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥർ മാറുന്നത് ഇനിയെത്ര നാൾ കണ്ടു കൊണ്ടിരിക്കണം.
0 Comments