banner

മൂന്നുദിവസത്തോളം തുളസീദാസ് മുറിയുടെ വാതിലിൽമുട്ടി...!, പ്രൊഡക്ഷൻ കണ്ട്രോളർ അരോമ മോഹനിൽനിന്നും മോശം അനുഭവം നേരിട്ടു, തുറന്ന് പറഞ്ഞ് നടി ഗീത വിജയൻ

Published from Blogger Prime Android App
കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനേത്തുടര്‍ന്ന് സിനിമാമേഖലയില്‍ നിന്ന് നിരവധി വെളിപ്പെടുത്തലുകള്‍ വന്നത് വളരെ നല്ല കാര്യമാണെന്ന് പ്രതികരിച്ച് നടി ഗീത വിജയന്‍. തനിക്കും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവയ്‌ക്കെതിരേ അനന്തരഫലങ്ങള്‍ നോക്കാതെ താന്‍ പ്രതികരിച്ചതായും ഗീത വിജയന്‍ പറഞ്ഞു. അതിന്റെ പേരില്‍ പല സിനിമകളില്‍നിന്നും താന്‍ ഒഴിവാക്കപ്പെട്ട അനുഭവമുണ്ടായതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

നടി ശ്രീദേവികയ്ക്ക് സംവിധായകന്‍ തുളസീദാസില്‍ നിന്ന് മോശം അനുഭവമുണ്ടായതുപോലെ തനിക്കും ഉണ്ടായിട്ടുണ്ടെന്നും ചാഞ്ചാട്ടം സിനിമയുടെ ചിത്രീകരണത്തിനിടെ തുളസീദാസ് മൂന്ന് ദിവസം ഹോട്ടല്‍മുറിയുടെ കോളിങ് ബെല്ലടിക്കുകയും മൂന്നാമത്തെ ദിവസം വാതില്‍ തുറന്ന് ശക്തമായി പ്രതികരിച്ചതുകൊണ്ട് അയാള്‍ മടങ്ങിപ്പോകുകയും ചെയ്തതായും ഗീത വിജയന്‍ പറഞ്ഞു. ഇന്‍ഡസ്ട്രിയില്‍നിന്ന് പുറത്താക്കുമെന്ന് തുളസീദാസ് ഭീഷണിപ്പെടുത്തിയതായും അവര്‍ പറഞ്ഞു. അരോമ മോഹനില്‍ നിന്നും മോശം അനുഭവമുണ്ടായതായും ഗീത വിജയന്‍ വെളിപ്പെടുത്തി.

"ഈ മൂവ്‌മെന്റ് ഇപ്പോള്‍ വന്നത് വളരെ നന്നായി. ഇപ്പോഴാണ് ശരിക്കുമൊരു വിമെന്‍ എംപവര്‍മെന്റ് നടന്നുതുടങ്ങുന്നത്. സ്ത്രീ ശാക്തീകരണത്തിനായുള്ള ഒരു പ്ലാറ്റ് ഫോമാണിത്. ഈ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നതിന് സംസ്ഥാനസര്‍ക്കാരിന് നന്ദി. ഇതേ ഊര്‍ജത്തോടെ ഇത് തുടരണം. ഇനി ഇങ്ങനത്തെ അനുഭവങ്ങള്‍ ജോലി സ്ഥലത്ത് സ്ത്രീകള്‍ ഒരിക്കലും അനുഭവിക്കാന്‍ പാടില്ല. ജോലിസ്ഥലത്ത് മതിയായ സംരക്ഷണവും സുരക്ഷിതത്വവും വേണം. ഇത്തരത്തിലുള്ള പരാതികളോ വിവാദങ്ങളോ ഒരുതരത്തിലും ഒരിക്കലും സംഭവിക്കാന്‍ പാടുള്ളതല്ല. ഞാനും അനുഭവിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ 90 കളിലാണ് ഞാന്‍ വന്നത്. പ്രതികരിക്കേണ്ടവരോടൊക്കെ ഞാന്‍ അതിശക്തമായി പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഞാന്‍ പലരുടെ കണ്ണിലും കരടാണ്. ആ സമയത്ത് എനിക്ക് കുറേ പ്രോജക്ട്‌സ് പോയിട്ടുണ്ട്. ഇന്‍ഡസ്ട്രിയില്‍നിന്നുതന്നെ തുടച്ചുനീക്കും എന്നൊക്കെയാണ് പറഞ്ഞത്. ആദ്യത്തെ സിനിമയില്‍ ഞാന്‍ വളരെ സുരക്ഷിതയായിരുന്നു. ആ സിനിമയുടെ സംവിധായകനായാലും സിനിമയില്‍ സഹനടന്‍മാരായിരുന്ന ഇപ്പോള്‍ ആരോപണം നേരിടുന്നവരും നല്ല രീതിയിലാണ് പെരുമാറിയത്. അവരെക്കുറിച്ച് ഇത്തരം ആരോപണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

അതുകഴിഞ്ഞുള്ള പ്രോജക്ട്‌സില്‍ പോകുമ്പോഴാണ് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നത്. എന്നാല്‍ ആ സമയത്ത് ഞാന്‍ വളരെ ബോള്‍ഡായിരുന്നു. അതുകൊണ്ട് എനിക്ക് ആ സമയത്ത് ശക്തമായി പ്രതികരിക്കാന്‍ സാധിച്ചു. പ്രതികരിച്ചാല്‍ ആ പടത്തില്‍ നിന്ന് ഒഴിവാക്കപ്പെടും എന്നൊന്നും എനിക്ക് ആ സമയത്ത് അറിയില്ലായിരുന്നു. വരുന്ന കോണ്‍സിക്വന്‍സസിനെ കുറിച്ച് ഞാന്‍ ആലോചിച്ചിരുന്നില്ല. പ്രതികരിക്കേണ്ട സ്ഥലത്ത് നന്നായി പ്രതികരിക്കാന്‍ സാധിച്ചതില്‍ ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്. ചില സ്ഥലത്ത് എന്നെ കൂടെയുള്ളവര്‍ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സപ്പോര്‍ട്ട് കിട്ടാത്ത സ്ഥലങ്ങളുമുണ്ട്.

ഇത് ശക്തമായിട്ടുള്ള മൂവ്‌മെന്റല്ലേ. സ്ത്രീകളോട് അതിക്രമം ചെയ്തിട്ടുള്ള എല്ലാവര്‍ക്കും ഒരു ഭയം വന്നിട്ടുണ്ടല്ലോ, ആ ഭയമാണ് അവരുടെ പണിഷ്‌മെന്റ്. ആ ഭയം എപ്പോഴും ഉണ്ടാവണം. ഇനി ഇത്തരത്തിലുള്ള മോശം സംഭവങ്ങള്‍ നടക്കില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരുപക്ഷേ നടന്നാല്‍ പോലും അത് എതിര്‍ക്കാനുള്ള ആര്‍ജവം എല്ലാവരും കാണിക്കണം.

ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കാന്‍ വിളിച്ചിട്ടില്ല. എന്നോട് ചോദിച്ചാല്‍ എന്റെ അനുഭവങ്ങള്‍ തീര്‍ച്ചയായും പറയും. നടന്ന കാര്യങ്ങള്‍ എല്ലാവരും അറിയണമല്ലോ. ആ കാര്യങ്ങള്‍ ഞാന്‍ വ്യക്തിപരമായി കൈകാര്യം ചെയ്തിട്ടുണ്ട്. അതിന്റെ അനന്തരഫലങ്ങള്‍ നോക്കാതെയാണ് ഞാന്‍ അവയെ കൈകാര്യം ചെയ്തത്. അതുകാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. താനന്ന് ശക്തമായി എതിര്‍ത്തതുപോലെ എല്ലാവരും പ്രതികരിക്കണമെന്നില്ല. ഇനി ഇത്തരം സംഭവങ്ങള്‍ അധികമുണ്ടാവില്ല, കാരണം ഇവിടെ മീഡിയയുണ്ടല്ലോ", ഗീത വിജയന്‍ പറഞ്ഞു.

Post a Comment

0 Comments