സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കണമെന്ന ആവശ്യം വ്യാപകമാകുമ്പോഴും സംസ്ഥാന സര്‍ക്കാറില്‍ ഇക്കാര്യത്തില്‍ രണ്ടഭിപ്രായം. സിനിമാ രംഗത്തെന്ന പോലെ സര്‍ക്കാറിലും ഈ വിഷയത്തില്‍ രണ്ട് വിഭാഗം തന്നെ ഉണ്ടായിട്ടുണ്ട്. കേസെടുക്കണമെന്ന ആവശ്യം സിനിമാക്കാരില്‍ ചിലര്‍ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്, നടി ഉഷ ഹസീന തുടങ്ങി പലരും നടപടിക്കായി ആവശ്യം ഉന്നയിച്ചു. എന്നാല്‍ നിയമപരമായ നൂലാമാലകള്‍ ഏറെ നേരിടേണ്ടി വരുമെന്നതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മെല്ലേപ്പോക്കാണ്.
സര്‍ക്കാര്‍ വ്യക്തമായ തീരുമാനം പുറത്തുവിടുന്നില്ല. പരാതി കിട്ടിയാല്‍ കേസെടുക്കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളാണ് മന്ത്രിമാര്‍ ആവര്‍ത്തിക്കുന്നത്. റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാതെ സിനിമ കോണ്‍ക്ലേവ് നടത്തിയാല്‍ തടയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെന്ന് പറഞ്ഞ് കോടതി കൂടി ഇടപെട്ടതോടെ സര്‍ക്കാറില്‍ സമ്മര്‍ദമേറിയിട്ടുണ്ട്.
റിപ്പോര്‍ട്ടില്‍ സ്വമേധയാ കേസെടുക്കാന്‍ നിയമമുണ്ടെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി. കെ ബി ഗണേഷ്‌കുമാര്‍ അടക്കമുള്ളവര്‍ റിപ്പോര്‍ട്ടിനെതിരെ നിലപാട് സ്വീകരിക്കുമ്പോഴാണ് കെ എന്‍ ബാലഗോപാലിന്റെ ന്യത്യസ്ത ശബ്ദമെന്നതും ശ്രദ്ധേയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാറിന് കൃത്യമായ നിലപാട് ഉണ്ടെന്ന് പറഞ്ഞ ബാലഗോപാല്‍ നിയമ നടപടി സ്വീകരിക്കാന്‍ തടസ്സമില്ലെന്ന് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, പരാതി കിട്ടിയാല്‍ മാത്രമേ കേസെടുക്കാന്‍ കഴിയുകയുള്ളൂവെന്നാണ് സംസ്ഥാന വനിത കമീഷന്‍ അധ്യക്ഷ പി. സതീദേവി അഭിപ്രായപ്പെടുന്നത്. പരാതി കൊടുക്കാന്‍ തയാറായാലേ നടപടി എടുക്കാന്‍ കഴിയൂവെന്നാണ് സതീദേവി പറയുന്നത്. കക്ഷി ചേരാന്‍ ഹൈകോടതി നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം എന്നായിരുന്നു വനിത കമ്മീഷന്റെ മുന്‍ നിലപാട്. പരാതിക്കാര്‍ക്ക് നീതി കിട്ടാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷ. കേസെടുക്കാനുള്ള നിയമപരമായ സാധ്യത പരിശോധിക്കും. ആത്മധൈര്യത്തോടെ പരാതിപ്പെടാന്‍ ഇവിടെ നിയമ വ്യവസ്ഥ ഉണ്ടെന്ന് അവര്‍ പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ആരും തന്നെ പരാതിയുമായി രംഗത്തുവരാനും സാധ്യത കുറവാണ്. അതേസമയം ഹേമ കമ്മിറ്റിക്കു മൊഴി കൊടുത്തവരില്‍ ആരെങ്കിലുമൊരാള്‍ പരാതിപ്പെട്ടാല്‍ ഏതു കൊമ്പത്തെ വമ്പനായാലും നടപടിയെടുക്കുമെന്നാണ് മുന്‍ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്റെ വാദം. സര്‍ക്കാറിന് പരിമിതികളുണ്ട്. റിപ്പോര്‍ട്ട് പുറം ലോകം കാണണമെങ്കില്‍ കോടതി ഇടപെടല്‍ വേണം. സിനിമാക്കാരെ ഭയമില്ല. ഇതിലുള്ളതൊക്കെ പുറത്തുവന്നാല്‍ പലരുടെയും ദാമ്പത്യത്തെ ബാധിക്കും. പൊതുസമൂഹത്തിന്റെ മുന്നില്‍ നാറും.
‘നിങ്ങള്‍ എന്തു പറഞ്ഞാലും അതെല്ലാം ഞങ്ങള്‍ രഹസ്യമായി സൂക്ഷിക്കും’ എന്ന് ജസ്റ്റിസ് ഹേമ അവര്‍ക്ക് ഉറപ്പുകൊടുത്തിരുന്നു. മൊഴി പോലും പുറത്താരും അറിയില്ലെന്ന് പറഞ്ഞതോടെയാണ് പലരും കാര്യങ്ങള്‍ തുറന്നുപറഞ്ഞതെന്ന് എ.കെ ബാലന്‍ പറഞ്ഞു. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണങ്ങളുമായി പലരും രംഗത്തുണ്ട്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഹേമ കമ്മിറ്റിക്ക് മുന്നില്‍ വന്ന മൊഴികളും പരാതികളും അര്‍ഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണ്. നിശ്ശബ്ദത ഇതിനു പരിഹാരമല്ലെന്നാണ് അഭിപ്രായപ്പെട്ടത്.
നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസും സമാന അഭിപ്രായവുമായി രംഗത്തുവന്നു. സിനിമ സംഘടനകള്‍ നിലപാട് വ്യക്തമാക്കണം. എല്ലാ സംഘടനകളിലും റിപ്പോര്‍ട്ടില്‍ പറയുന്ന 15 അംഗ പവര്‍ ഗ്രൂപ്പിന്റെ പ്രാതിനിധ്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് സാന്ദ്രയുടെപ്രതികരണം.
അതേസമയം മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പിനെ കുറിച്ചു വെളിപ്പെടുത്തിക്കൊണ്ടാണ് ഉഷ ഹസീന രംഗത്തുവന്നത്. പവര്‍ ഗ്രൂപ്പുണ്ട്. കുറച്ചുപേര്‍ മോശമായി പെരുമാറുന്നവരാണ്. റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ യാഥാര്‍ഥ്യമാണ്. പെണ്‍കുട്ടികള്‍ പരാതി നല്‍കാന്‍ തയാറാകണം. സര്‍ക്കാര്‍ ഇടപെടണം. ചില സംഘടനകളില്‍ ഉന്നത പദവിയിലിരിക്കുന്നവര്‍ പ്രതിസ്ഥാനത്തുണ്ട്. തനിക്കും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു സംവിധായകന്‍ മോശമായി പെരുമാറി. പിന്നീട് അയാളുടെ സിനിമയില്‍ ജോലി ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു.
അതേസമയം ഏതാനും ചിലര്‍ പ്രശ്‌നക്കാരാണെങ്കില്‍ ആ പേരില്‍ വ്യവസായത്തെ മൊത്തം അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന്
ശ്രിയ രമേശ് അഭിപ്രായപ്പെട്ടു. അഭ്യൂഹങ്ങള്‍ക്ക് ഇടവരുത്താതെ കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ പേരുകള്‍ പുറത്തുവിടണം. നടപടി എടുക്കണം. അല്ലാതെ, ഞരമ്പുരോഗികള്‍ക്ക് എന്തു വൃത്തികേടുകളും പടച്ചുവിടാന്‍ അവസരം ഒരുക്കല്‍ അല്ലായിരുന്നു വേണ്ടതെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെന്ന് സര്‍ക്കാറിനോട് ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ടില്‍ സ്വീകരിക്കുന്ന നടപടി വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു. വിഷയം സെപ്റ്റംബര്‍ 10ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ പായിച്ചിറ നവാസ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
കമീഷന്‍ സമര്‍പ്പിച്ച സമ്പൂര്‍ണ റിപ്പോര്‍ട്ടും സാക്ഷിമൊഴികളും വിഡിയോ-ഓഡിയോ-ഡിജിറ്റല്‍ തെളിവുകളുമടക്കം രേഖകള്‍ വിളിച്ചുവരുത്തി പരിശോധിക്കണമെന്നും എഡിറ്റ് ചെയ്യാത്ത റിപ്പോര്‍ട്ടില്‍ ഉണ്ടന്നുപറയുന്ന ലൈംഗികപീഡന സംഭവങ്ങളില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി. കുറ്റകൃത്യം നടന്നെന്ന് വെളിപ്പെടുകയും ബോധ്യപ്പെടുകയും ചെയ്താല്‍ ബാധകമായ ചില വ്യവസ്ഥകള്‍ ഉണ്ടല്ലോയെന്ന് കോടതി സര്‍ക്കാറിനോട് ചോദിച്ചു. അത് പോക്‌സോ കേസിലേ ബാധകമാകൂവെന്ന് അഡ്വക്കറ്റ് ജനറല്‍ വിശദീകരിച്ചു.
ഇത്തരത്തില്‍ ഒരു പഠനറിപ്പോര്‍ട്ട് ലഭിച്ചാല്‍ ഏത് വിധത്തിലുള്ള തുടര്‍നടപടികളാണ് സ്വീകരിക്കാനാവുകയെന്ന് കോടതി ചോദിച്ചു. ഹേമ കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതര പ്രശ്‌നങ്ങളാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസിന് നേരിട്ട് കേസെടുക്കാവുന്ന പോക്‌സോ വകുപ്പ് ബാധകമാകുന്ന കുറ്റങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടോയെന്നും കോടതി ചോദിച്ചു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments