സ്വന്തം ലേഖകൻ
കൊല്ലം : കുരീപ്പുഴ തൃക്കടവൂർ നെല്ലുവിള ദേവീക്ഷേത്രത്തിലും തൊട്ടടുത്തുള്ള അയ്യൻകോയിക്കൽ ക്ഷേത്രത്തിലും സാമൂഹ്യവിരുദ്ധരുടെ ആക്രമണം. കഴിഞ്ഞ ദിവസം രാവിലെ നെല്ലുവിള ക്ഷേത്രത്തിലെ ശാന്തി ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
തിടപ്പള്ളിയുടെ മൂന്ന് ജന്നാലകളുടെ ഗ്ലാസുകൾ തകർത്തു. തുണികൾ ക്ഷേത്രത്തിനുള്ളിൽ കൂട്ടിയിട്ട് കത്തിച്ചനിലയിലാണ്. ഹോമകുണ്ഡവും തകർത്തു. പമ്പ് സെറ്റിന്റെ കേബിളും നശിപ്പിച്ചു. ഉപദേവാലയത്തിന്റെ പീഠം ചുടുകട്ടകൊണ്ട് തകർക്കാനും ശ്രമിച്ചു. പൊട്ടിയ ഗ്ലാസുകളുടെ സമീപത്തും കെ.എസ്.ഇ.ബി മീറ്ററിലും രക്തത്തുള്ളികൾ പറ്റിയിട്ടുണ്ട്. ഗ്ലാസ് തകർത്തപ്പോൾ പരിക്കേറ്റതാകാമെന്നാണ് സംശയിക്കുന്നത്.
അയ്യൻകോയിൽക്കൽ ക്ഷേത്ര ശ്രീകോവിലിന് മുന്നിലെ തട്ടത്തിൽ നിന്ന് ഭസ്മം സ്ഥലത്താകെ വാരിയെറിഞ്ഞ നിലയിലാണ്. ഹോമകുണ്ഡത്തിലെ ചാരവും വാരിവിതറിയിട്ടുണ്ട്. ദേവസ്വം ബോർഡ് അധികൃതർ പരാതി നൽകിയതിനെ തുടർന്ന് അഞ്ചാലുംമൂട് പൊലീസ് തെളിവുകൾ ശേഖരിച്ചു.
ക്ഷേത്രത്തിനോട് ചേർന്നുള്ള ഒഴിഞ്ഞ പ്രദേശങ്ങൾ സാമൂഹ്യവിരുദ്ധരുടെ താവളമാണെന്ന് നാട്ടുകാർ പറയുന്നു.
0 Comments