സ്വന്തം ലേഖകൻ
കൊല്ലം : കീറാമുട്ടി ന്യായങ്ങൾ തള്ളിയതോടെ തീപിടുത്തത്തെ തുടർന്ന് അടച്ചിട്ട കൊല്ലം സിവിൽ സ്‌റ്റേഷൻ പോസ്‌റ്റ് ഓഫീസ് എന്ന് തുറക്കും എന്ന കാര്യത്തിൽ നാളെ തീർച്ചയായും ഉണ്ടാക്കണം എന്ന് ലീഗൽ സർവീസ് അതോറിറ്റി. സിവിൽ സ്‌റ്റേഷൻ പോസ്‌റ്റ് ഓഫീസ് തുറക്കുന്ന തീയതി ബന്ധപ്പെട്ടവർ നാളെ നേരിട്ടെത്തി ബോദ്ധ്യപ്പെടുത്തണമെന്നാണ് അതോറിറ്റി അറിയിച്ചത്. അഗ്നിബാധയെ തുടർന്ന് ഒരു മാസമായി അടച്ചിട്ടിരിക്കുന്ന തപാൽ ഓഫീസ് തുറക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം.എം.ഹുമയൂണാണ് അതോറ്റിയെ സമീപിച്ചത്. ജില്ലാ കളക്‌ടർ, പൊലീസ്, തപാൽ വകുപ്പ് എന്നിവരെ എതിർകക്ഷികളാക്കി ഫയൽ ചെയ്‌ത ഹർജിയിൽ ബന്ധപ്പെട്ടവർ ഇന്നലെ അതോറിറ്റി മുമ്പാകെ എത്തിയിരുന്നു. ശാസ്‌ത്രീയ കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കാനാണ് തപാൽ ഓഫീസ് തുറക്കുന്നത് വൈകുന്നതെന്ന വാദം അതോറിറ്റി അംഗീകരിച്ചില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്ന് പൊലീസ് നിലപാട് സ്വീകരിച്ചപ്പോൾ സംഭവം സംശയാസ്‌പദമാണെന്നായിരുന്നു തപാൽ വകുപ്പിന്റെ നിലപാട്. നാളെ നേരിട്ടെത്തി തുറക്കുന്ന ദിവസം കൃത്യമായി ബോധിപ്പിക്കമെന്ന നിലപാടാണ് അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ സബ് ജഡ്‌ജ് ജിഷ മുകുന്ദൻ സ്വീകരിച്ചത്.
0 Comments