ഇൻഷാദ് സജീവ്
കൊല്ലം : നടനും എംഎൽഎയുമായ എം.മുകേഷ് നിയമസഭാ അംഗത്വം രാജിവെക്കുകയാണെങ്കിൽ കൊല്ലം മണ്ഡലത്തിൽ നിന്നും ഒരു സ്ത്രീയെ മത്സരിപ്പിക്കാൻ സിപിഎമ്മിൽ ചർച്ച നടക്കുന്നതായി വിശ്വാസയോഗ്യമായ റിപ്പോർട്ടുകൾ. മുതിർന്ന നേതാക്കൾ ഇതു സംബന്ധിച്ച് ചർച്ചകൾ നടത്താൻ സാധ്യതയുണ്ടെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭ്യമാകുന്ന സൂചന. ഇങ്ങനെയെങ്കിൽ ഡി.വൈ.എഫ്.ഐ നേതാവും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ ചിന്താ ജെറോമിനെയോ സി.എസ് സുജാതയോ പകരം മത്സര രംഗത്തിറക്കും. അതേസമയം മുകേഷിന്റെ രാജിക്കായി ജില്ലാ കമ്മിറ്റി സമ്മർദ്ദം ചെലുത്തുന്നതായ വാർത്ത ആദ്യം പുറത്തുവിട്ടത് അഷ്ടമുടി ലൈവ് ന്യൂസ് ആണ്. ഇതിന് പിന്നാലെയാണ് മുഖ്യധാര മാധ്യമങ്ങൾ ഈ വിഷയം ഏറ്റെടുത്തത്. പാർട്ടിയെ താഴത്തിക്കാട്ടാനുള്ള ഒരു ശ്രമവും അനുവദിക്കില്ല എന്ന മുതിർന്ന നേതാക്കളുടെ പ്രതികരണത്തെ ഉദ്ധരിച്ചു കൊണ്ടാണ് അഷ്ടമുടി ലൈവ് ഇന്നലെ വാർത്ത ചെയ്തത്.എന്നാൽ മുകേഷ് രാജിവെക്കാൻ സന്നദ്ധത അറിയിച്ചാൽ പിന്നാലെ നടനെ തള്ളിപ്പറയാനും ഫെയ്സ്ബുക്ക് പോസ്റ്റിട്ട് ഉന്നയിച്ച വിഷയങ്ങളിൽ വിശദീകരണം ചോദിച്ചു മാറ്റി നിർത്താനും സാധ്യതയുണ്ട്. ഫേസ്ബുക്ക് പോസ്റ്റിൽ ഗുരുതരമായ വെളിപ്പെടുത്തലാണ് നടൻ മുകേഷ് നടത്തിയത്. പരാതിക്കാരിയായ യുവതിക്കെതിരെ വാട്സ്ആപ്പ് ചാറ്റ് ഉൾപ്പെടെയുള്ള തെളിവുകൾ കയ്യിൽ ഉണ്ട് മുകേഷ് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ മുൻപ് ഇതേ ആരോപണം പുറത്തുവന്നപ്പോൾ ഇത് എന്തുകൊണ്ട് പുറത്തു പറഞ്ഞില്ല എന്നതാണ് അണികൾക്കിടയിലെ ചോദ്യം ഇത് നേതാക്കൾ വിശദീകരണത്തിലൂടെ ചോദിക്കാനും സാധ്യതയുണ്ട്. ഇതിനിടെ മുകേഷ് രാജി വയ്ക്കില്ലെന്നും മുകേഷുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. നിലവിലെ പരാതികൾ നേരത്തെ ഉയർന്നു വന്നതാണ്. ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന്റെ ഭാഗമായുള്ള ആരോപണങ്ങളാണ് ഇതിനു പിന്നിലുള്ളത്. എംഎൽഎ എന്ന നിലയിൽ തന്നെ അന്വേഷണത്തെ നേരിടും എന്നാണ് രാജിയുടെ കാര്യത്തിൽ മുകേഷുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ.
അതേ സമയം, കൊല്ലം മണ്ഡലം എം.എൽ.എയും നടനുമായ എം.മുകേഷ് നിയമസഭാംഗത്വം രാജിവെയ്ക്കുമെന്ന് സൂചനയുണ്ടെന്നും ഇത് സംബന്ധിച്ച് ജില്ലയിലെ മുതിർന്ന നേതാക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടെന്നാണ് ലഭ്യമായ വിവരങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള ഇന്നലത്തെ അഷ്ടമുടി ലൈവിന്റെ വാർത്ത. മുകേഷ് രാജി വയ്ക്കേണ്ടതില്ല എന്ന് സിപിഎം തീരുമാനമെടുത്തതായ വാർത്തകൾ അവാസ്തവമാണെന്ന് പാർട്ടി വൃത്തങ്ങൾ അഷ്ടമുടി ലൈവിനോട് ഇന്നലെ വ്യക്തമാക്കി. പാർട്ടി തീരുമാനം ഔദ്യോഗികമായി നിങ്ങളെ അറിയിക്കുമെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ലൈംഗികാരോപണം നേരിടുന്ന എംഎൽഎ മുകേഷിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങിയത് പാർട്ടിയെ പ്രതിരോധത്തിൽ ആക്കുമെന്ന കീഴ്ഘടകങ്ങളുടെ മുന്നറിയിപ്പിനെ തുടർന്നാണ് ജില്ലാ നേതൃത്വത്തിൽ ഇത്തരത്തിൽ ഒരു ചർച്ച മുന്നോട്ട് വരുന്നത്. മുകേഷിന്റെ രാജി പാർട്ടിയെ കൂടുതൽ പ്രതിരോധത്തിൽ ആക്കുകയേ ഉള്ളൂ എന്നാണ് മറ്റൊരു വിഭാഗത്തിന്റെ വിമർശനം. ഇത് സംബന്ധിച്ചാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത്.
എന്നാൽ മുകേഷ് ആരോപണങ്ങളെ തള്ളിക്കൊണ്ട് രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ ആരോപണങ്ങളെ പ്രതിരോധിക്കാനും നേരത്തെ സംസ്ഥാന നേതൃത്വത്തിൽ അപ്രഖ്യാപിത തീരുമാനം ഉണ്ടായിരുന്നു. എന്നാൽ ഇതിനെ ജില്ലയിലെ മുതിർന്ന നേതാക്കൾ എതിർക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൊല്ലം മണ്ഡലത്തിലെ സ്ഥാനാർത്ഥി എന്ന നിലയിൽ എം.മുകേഷിന്റെ പ്രവർത്തനം മോശമായിരുന്നുവെന്നും പാർട്ടി തീരുമാനിച്ചതുപോലെ പ്രവർത്തനം മുന്നോട്ട് പോയില്ലെന്നും ജില്ലാ സെക്രട്ടറിയേറ്റിൽ നേരത്തെ തന്നെ വിമർശനം ഉയർന്നിരുന്നു. അതേ സമയം, മുകേഷിനെതിരെ പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഇന്നും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. മുകേഷിന്റെ കൊല്ലത്തെ വീട്ടിലേക്കും എംഎൽഎയുടെ ഓഫീസിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഇരയ്ക്കൊപ്പമെന്ന വാദം സർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും പാർട്ടി എംഎൽഎക്കെതിരെ ആരോപണം വന്നപ്പോൾ വേട്ടക്കാരനൊപ്പം നിൽക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തുടർച്ചയായി ലൈംഗികാരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് രാജി സംബന്ധിച്ച ആവശ്യവും ശക്തമായത്.
0 Comments