സ്വന്തം ലേഖകൻ
പെരുമ്പാവൂർ : മരണ വീട്ടിൽ മോഷണം നടത്തിയ യുവതി പിടിയിൽ. കൊല്ലം പള്ളിത്തോട്ടം ഡോൺബോസ്ക്കോ നഗറിൽ റിൻസി ഡേവിഡ് (30) നെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്കൽ ആന്റോപുരം കുന്നത്താൻ വീട്ടിൽ പൗലോസിന്റെ മാതാവിന്റെ മരണാനന്തര ചടങ്ങുകൾക്കിടയിലാണ് മോഷണം നടത്തിയത്.
മുറിയിൽ നിന്ന് 45 ഗ്രാം സ്വർണ്ണവും 90 കുവൈറ്റ് ദിനാറും ആണ് മോഷണം പോയത്. അടുത്ത ബന്ധുവായി മരണവീട്ടിൽ അഭിനയിക്കുകയും വീട്ടുകാരെല്ലാവരും സംസ്കാര ചടങ്ങുകൾക്കായി പള്ളിയിൽ പോയ തക്കത്തിന് മോഷണം നടത്തുകയായിരുന്നു. ജോലിക്കാരി മാത്രമാണ് ആ സമയം വീട്ടിലുണ്ടായിരുന്നത്. മോഷണം നടത്തിയ ഉടൻ ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ആർക്കും സംശയം തോന്നാത്തരീതിയിൽ പെരുമാറുകയും മാന്യമായി വേഷം ധരിച്ച് എത്തുകയും ചെയ്തിരുന്നതിനാൽ ആർക്കും റിൻസിയെ സംശയം തോന്നിയിരുന്നില്ല.
ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ വൈറ്റിലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. എ.എസ്.പി മോഹിത് റാവത്തിന്റെ നിർദ്ദേശത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എ.കെ സുധീർ, എസ്.ഐ പി.എം റാസിക്ക്, സി.പി.ഒമാരായ പി.എസ് ഷിബിൻ, ഷഹാന സലിം തുടങ്ങിയവരാണുണ്ടായിരുന്നത്.പ്രതി നേരത്തേയും ഇത്തരത്തിൽ മോഷണം നടത്തയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതൽ ചോദ്യംചെയ്യുന്നതോടെ ഇക്കാര്യം വ്യക്തമാകും. ആരുടെയും ശല്യമില്ലാതെ വിലപ്പെട്ട സാധനങ്ങൾ വളരെ എളുപ്പത്തിൽ മോഷണം നടത്താനാവും എന്നതിനാലാണ് റിൻസി മരണവീടുകളിൽ മാത്രം മോഷണം നടത്തിയിരുന്നത് എന്നാണ് കരുതുന്നത്.
0 Comments