സ്വന്തം ലേഖകൻ
കൊല്ലം : എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ പൗരസ്വാതന്ത്ര്യം നിഷേധിക്കുന്ന ബി.ജെ.പിയുടെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ. എം.പിയെ വഴിയിൽ തടയുന്നത് എന്തിനാണെന്ന് ബി.ജെ.പി വ്യക്തമാക്കണം.ഹിന്ദുമത വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയലാഭമുണ്ടാക്കാമെന്നത് കൊല്ലത്ത് വിലപ്പോവില്ല. എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് പ്രേമചന്ദ്രന്റേത്. ഏത് വിഭാഗത്തിനെതിരെയായാലും ജാതി - മത വ്യത്യാസമില്ലാതെ ആക്രമണങ്ങളെയും അനീതിയെയും വിമർശിക്കുകയും എതിർക്കുകയും ചെയ്യുന്ന പൊതുപ്രവർത്തകനാണ് അദ്ദേഹം.
മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ എതിർക്കുന്നതിലുള്ള അസഹിഷ്ണുത തീർക്കാൻ ഹിന്ദുമത വിശ്വാസികളെ കരുക്കളാക്കുന്നത് രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണ്. അക്രമരാഷ്ട്രീയത്തിലൂടെ പ്രേമചന്ദ്രന്റെ മതനിരപേക്ഷത തളർത്താമെന്ന് ബി.ജെ.പി കരുതേണ്ട.
മതേതര സംരക്ഷണത്തിന് എൻ.കെ.പ്രേമചന്ദ്രൻ എം.പി വർദ്ധിത വീര്യത്തോടെ മുന്നേറുമെന്നും അതിനെ തകർക്കാനുള്ള ശ്രമങ്ങളെ എന്തുവിലകൊടുത്തും പ്രതിരോധിക്കുമെന്നും കെ.എസ്.വേണുഗോപാൽ പറഞ്ഞു.
0 Comments