banner

ലൈഫ് ഭവന പദ്ധതിയിലൂടെ വീട് ലഭിച്ചെങ്കിലും പണി പൂർത്തിയായതോടെ കടക്കാരനായി...!, മകൻ്റെ ശസ്ത്രക്രിയ കൂടി കഴിഞ്ഞതോടെ കടം വർദ്ധിച്ചു, തൊഴിലുറപ്പുതൊഴിലാളികളായ ദമ്പതിമാർ ജീവനൊടുക്കി

Published from Blogger Prime Android App
സ്വന്തം ലേഖകൻ
തിരുവനന്തപുരം : തൊഴിലുറപ്പുതൊഴിൽ നോക്കി വന്നിരുന്ന വൃദ്ധ ദമ്പതികൾ വീടിനു സമീപമുള്ള റബ്ബർതോട്ടത്തിൽ മരിച്ചനിലയിൽ. തിരുവനന്തപുരം ജില്ലയിലെ കിളിയൂരിലാണ് സംഭവം. കിളിയൂർ പനയത്ത് പുത്തൻവീട്ടിൽ ജോസഫ് (73), ഭാര്യ ലളിതാഭായി (64) എന്നിവരാണ് മരിച്ചത്. ആസിഡ് ഉള്ളിൽച്ചെന്ന് ഇരുവരും മരിച്ചത്. വീടുനിർമാണത്തിലുണ്ടായ കടബാധ്യതയെ തുടർന്ന് ഇരുവരും ജീവനൊടുക്കിയെന്നാണ് പ്രാഥമിക നി​ഗമനം.

വീടുനിർമാണത്തിലുണ്ടായ കടബാധ്യതയാണ് മരണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ റബ്ബർ ടാപ്പിങ്ങിന് എത്തിയ തൊഴിലാളിയാണ് ഇരുവരെയും വീടിനു സമീപത്തുള്ള സ്വകാര്യ റബ്ബർപുരയിടത്തിൽ അടുത്തടുത്തായി മരിച്ചനിലയിൽ കണ്ടത്. ഇരുവരും തൊഴിലുറപ്പുതൊഴിലാളികളാണ്. ലളിതാഭായി ഇടയ്ക്കിടെ കാഷ്യു ഫാക്ടറിയിലും പണിക്കു പോകുന്നുണ്ടായിരുന്നു. ജോസഫിനു തൊഴിലുറപ്പിൽനിന്നു കിട്ടുന്ന വേതനവും ഭാര്യയുടെ കൂലിയുമാണ് കുടുബത്തിന്റെ ഏക വരുമാനം. ആകെയുള്ള വസ്തുവിൽ ലൈഫ് പദ്ധതിപ്രകാരമാണ് ഇവർക്ക് വീട് ലഭിച്ചത്. പദ്ധതിവിഹിതം കൂടാതെ പിന്നീട് കുറച്ചു പണംകൂടി കടംവാങ്ങിയും വായ്പയെടുത്തുമാണ് വീട് പണിതത്. ഇതിനെത്തുടർന്ന് കടബാധ്യതയുണ്ടായതായും പോലീസ് പറഞ്ഞു.

ഇരുവരുടെയുംകൂടെ മകൻ സതീഷും ഭാര്യയും മക്കളുമാണ് കഴിഞ്ഞിരുന്നത്. നിർമാണത്തൊഴിലാളിയായ മകന് ശസ്ത്രക്രിയ നടത്തിയതിനെത്തുടർന്ന് പണിക്കു പോകാതെയുമായി. കടബാധ്യതയെത്തുടർന്ന് ഇടയ്ക്കു വീട് വിൽക്കാനുള്ള ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. കടം വീട്ടാൻ കഴിയാത്ത മനോവിഷമത്തിലായിരുന്നു ഇരുവരും കഴിഞ്ഞിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ഞായറാഴ്ച രാത്രി ഇരുവരും വീട്ടിലുണ്ടായിരുന്നതായും ആഹാരം കഴിച്ചശേഷം കിടന്നുറങ്ങാൻ മുറിയിൽ പോയതായും വീട്ടുകാർ പറഞ്ഞു.

സംസ്‌കാരം വൈകീട്ട് ആറുമണിയോടെ വീട്ടുവളപ്പിൽ നടന്നു. മറ്റുമക്കൾ: സജിത, സബിത. മരുമക്കൾ: സ്റ്റീഫൻ, സുരേഷ്, മഞ്ജു. മരണവിവരമറിഞ്ഞ് വെള്ളറട പോലീസും വിരലടയാള വിദഗ്ധരും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ വെള്ളറട പോലീസ് കേസെടുത്തു.

Post a Comment

0 Comments