banner

ഒരുകാലത്ത് വളഞ്ഞുനിന്ന് ആക്രമിച്ച പലരും ഇന്ന് കേരള രാഷ്‌ട്രീയത്തിൽ സജീവമല്ല...!, അസത്യത്തിന് കൂട്ടുനിന്നാൽ അസത്യം പ്രവർത്തിക്കുന്നവർ കരിഞ്ഞ് ചാമ്പലാകും, പ്രതികരണവുമായി മന്ത്രി കെ.ബി ഗണേശ് കുമാർ

Published from Blogger Prime Android App
പാലക്കാട് : ഒരുകാലത്ത് തന്നെ വളഞ്ഞുനിന്ന് ആക്രമിച്ച പലരും ഇന്ന് കേരള രാഷ്‌ട്രീയത്തിൽ സജീവമല്ലെന്ന് മന്ത്രി കെ.ബി ഗണേശ് കുമാർ. നല്ലതു ചെയ്യുന്നവരെ കുറ്റക്കാരാക്കുന്ന നിലപാടാണ് ഇപ്പോഴെന്നും, താനും അത്തരത്തിൽ വേട്ടയാടപ്പെട്ടവനാണെന്നും ഗണേശ് കുമാര്‍ പറഞ്ഞു. പി.കെ ശശി അധ്യക്ഷനായ യൂണിവേഴ്സൽ കോളേജിലെ പരിപാടിക്കിടെയായിരുന്നു ഗണേശിന്റെ പ്രതികരണം. പി.കെ ശശിയെ പുകഴ്‌ത്താനും മന്ത്രി മറന്നില്ല.

എംഎല്‍എ ആയിരുന്നപ്പോഴും അല്ലാതിരുന്നപ്പോഴും രാഷ്ട്രീയം നോക്കാതെ എല്ലാവരെയും സഹായിച്ച വ്യക്തിയാണ് പി.കെ ശശി.പികെ ശശിയുടെ പ്രവര്‍ത്തനത്തെ കരിവാരി തേക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ആരോപണങ്ങളെന്നും അതൊന്നും സത്യമില്ലെന്നും സത്യമേ ജയിക്കുകയുള്ളുവെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.

ഗണേശിന്റെ വാക്കുകൾ-

''2013ൽ എന്നെ ചുട്ടുകരിക്കാൻ ശ്രമിച്ചവരാരും ഇന്ന് കേരള രാഷ്‌ട്രീയത്തിലില്ല. ആരുടെയും പേര് പറയുന്നത് ശരിയല്ല. എന്നെ വളഞ്ഞുനിന്ന് ആക്രമിച്ച നാലഞ്ചുപേർ കേരളരാഷ്‌ട്രീയത്തിന്റെ ഭൂപടത്തിൽ നിന്നുതന്നെ തൂത്തെറിയപ്പെട്ടു. അസത്യത്തിന് കൂട്ടുനിന്നാൽ അസത്യം പ്രവർത്തിക്കുന്നവർ കരിഞ്ഞ് ചാമ്പലാകും. സത്യത്തിന്റെ കൂടെ നിൽക്കുന്നവർ എന്നും തിളങ്ങും. ആദ്യം അൽപം മങ്ങലൊക്കെ കാണും. തുടച്ചു തുടച്ചു വരുമ്പോൾ തിളക്കം കൂടുകയേയുള്ളൂ.

ഞാൻ സത്യത്തിൽ വിശ്വസിക്കുന്നയാളാണ്. ജാതിമത ചിന്തക്കാരനല്ല. എന്റെ ദൈവം സത്യമാണ്. നാടിന് നന്മയുണ്ടാകുമ്പോൾ അവിടെ ചൊറി കേസുകളുമായി നടക്കുന്നത് ശരിയല്ല. അപഖ്യാതി ആളുകളെ കുറിച്ച് പ്രചരിപ്പിക്കുന്നവർക്ക് ഒന്നും നഷ്‌ടപ്പെടാനില്ല. ഒരു വലിയ സമൂഹത്തിന് പലതും നഷ്‌ടപ്പെടാനുണ്ട്.

ആരോപണങ്ങൾ ഉന്നയിക്കുന്നവർ തെളിവുണ്ടെന്ന് പറഞ്ഞ് പലതും കാണിക്കും. കടലാസ് തെളിവുകൾ കൊണ്ടോ, കള്ളോ പറഞ്ഞോ ഇരുട്ടുകൊണ്ട് ഓട്ട അടയ്‌ക്കരുത്. പി.കെ ശശി നല്ല മനുഷ്യനാണ്. ഈ അടുത്ത കാലത്ത് കെടിഡിസിക്ക് വന്ന മികച്ച ചെയ‌ർമാനാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ കരിവാരിത്തേക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്''.

Post a Comment

0 Comments