ബംഗ്ലാദേശിൽ പുതിയ സർക്കാർ രൂപീകരണത്തിനുള്ള തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കുന്ന മുറയ്ക്ക് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തിരികെ വരുമെന്ന് മകൻ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മകൻ സജീബ് വാസെദ് ജോയ് ഇക്കാര്യം പറഞ്ഞത്. നിലവിൽ ഇന്ത്യയിൽ കഴിയുന്ന ഷെയ്ഖ് ഹസീന ഇടക്കാല സർക്കാർ തെരഞ്ഞെടുപ്പ് നടത്തുന്ന സമയം തിരിച്ചു പോകുമെന്നും അവാമി ലീഗ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും സജീബ് വ്യക്തമാക്കി.
ബംഗ്ലാദേശിൽ ആഴ്ചകളോളം നീണ്ടുനിന്ന പ്രതിഷേധത്തെ തുടർന്ന് തിങ്കളാഴ്ചയാണ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്. അതോടെ സമാധാനത്തിനുള്ള നോബൽ സമ്മാന ലഭിച്ച മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള കെയർ ടേക്കർ സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഈ താത്കാലിക സർക്കാരിന്റെ കീഴിലാണ് രാജ്യത്ത് പുതിയ തെരഞ്ഞെടുപ്പ് നടക്കുക.
നിലവിൽ ന്യൂഡൽഹിയിലാണ് ഹസീന ഉള്ളത്. ബ്രിട്ടനിലേക്ക് പോകാനായി പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ബ്രിട്ടീഷ് ഹോം ഓഫീസ് ഈ വാദം സ്ഥിരീകരിച്ചിട്ടില്ല.
0 Comments