സ്വന്തം ലേഖകൻ
കൊല്ലം : എഴുകോണിൽ പാറക്കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച ഇമ്മാനുവൽ ഡാനിയലിന്റെ മൃതദേഹം പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. മൃതദേഹം കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡാനിയലിന്റെ സ്വദേശമായ പുതുച്ചേരിയിലേക്ക് കൊണ്ടുപോയി. ഈക്കഴിഞ്ഞ ഞായറാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് പുതുച്ചേരി വില്ലിയനൂർ താലൂക്കിലെ തിരുക്കനൂർ റെയിൻബോ നഗറിൽ ഇമ്മാനുവൽ ഡാനിയലിന്റെ മരണത്തിനിടയാക്കിയ അപകടം ഉളകോട് പാറക്കുളത്തിൽ നടന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തിരുവനന്തപുരം കരകുളം സ്വദേശി എം.ആർ ഹേമന്ദിനെ പ്രദേശവാസികളുടെ സഹായത്തോടെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയിരുന്നു.
കുളിക്കാനായി കുളത്തിലിറങ്ങിയ ഇമ്മാനുവലും ഹേമന്ദും കയത്തിലകപ്പെടുകയായിരുന്നു. ക്വാറിക്കു സമീപം ജോലിചെയ്യുകയായിരുന്ന മരംമുറിപ്പ് തൊഴിലാളികളുടെ സഹായത്തോടെ ഫയർഫോഴ്സ് സംഘം ഹേമന്ദിനെ രക്ഷപ്പെടുത്തി. മുങ്ങിത്താണ ഇമ്മാനുവലിനായി കൊല്ലത്തുനിന്ന് എത്തിയ സ്‌കൂബ ടീം എത്തിയെങ്കിലും രക്ഷാപ്രവർത്തനത്തിനൊടുവിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാധാരണയായി ഈ നൂറ് അടിയിലധികം ആഴമുള്ള പാറക്കുളത്തിൽ ആരും ഇറങ്ങാറില്ലായിരുന്നു. വർക്കല സൗത്ത് ക്ലിഫിലെ ഒരു ഹോസ്റ്റലിൽ പരിചയപ്പെട്ട എട്ടുപേർ ഉളകോട്ടേക്ക് യാത്ര തിരിക്കുകയായിരുന്നു. മുമ്പ് ഇവിടെ വന്നിട്ടുള്ള ഹേമന്ദാണ് മറ്റുള്ളവരെ ക്വാറിയിൽ എത്തിച്ചത്.
ആദ്യം ഇമ്മാനുവലും ഹേമന്ദും രണ്ടു പെൺസുഹൃത്തുക്കളുമാണ് ഇരുചക്രവാഹനത്തിൽ ക്വാറിയിൽ എത്തിയത്. ഒരു പെൺകുട്ടിയും മൂന്നു യുവാക്കളും അപകടം നടന്നശേഷം കാറിലാണ് എത്തിയത്. ഇമ്മാനുവലിന്റെ മൃതദേഹത്തിനൊപ്പം ആശുപത്രിയിലേക്ക് ആംബുലൻസിൽ പോകാൻ സുഹൃത്തുക്കൾ ആരും ആദ്യം തയ്യാറായില്ല. നാട്ടുകാർ ബഹളമുണ്ടാക്കിയപ്പോൾ രണ്ടുപെൺകുട്ടികളെ ആംബുലൻസിൽ ഒപ്പം അയക്കുകയായിരുന്നു. ഹേമന്ദും ഒരു യുവാവും യുവതിയും ഒഴികെയുള്ളവർ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്.
0 Comments