സ്വന്തം ലേഖകൻ
അഞ്ചാലുംമൂട് : ബിജെപി തൃക്കരുവ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ തൃക്കരുവ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. കഴിഞ്ഞ ആറുമാസമായി തൃക്കരുവ ഗ്രാമപഞ്ചായത്തിലെ തെരുവ് വിളക്കുകൾ കണ്ണടച്ചിരിക്കുകയാണ്. ഇതുമൂലം നിരവധി കാൽനടയാത്രക്കാർക്ക് തെരുവുനായ്ക്കളുടെ കടിയേൽക്കുകയും നിരവധി ഇരുചക്രവാഹന യാത്രികർക്ക് വെളിച്ചമില്ലാത്തതിനാൽ വാഹനാപകടങ്ങൾ മൂലം പരിക്കേൽക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. രണ്ടുദിവസം മുമ്പ് 12ആം വാർഡിൽ മഠത്തിൽ മുക്ക് ജംഗ്ഷനിൽ രാത്രിയിൽ തെരുവിളക്ക് പ്രകാശിക്കാത്തതിൽ ഒരു ബൈക്ക് യാത്രികന് അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുകയുണ്ടായി. ഇത്തരം സംഭവങ്ങൾ തുടർക്കഥയാവുന്ന പശ്ചാത്തലത്തിലാണ് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കൂടാതെ റോഡിൻറെ വശങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് മൂലം അസഹ്യമായ ദുർഗന്ധം കാരണം പൊതുജനങ്ങൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും തെരുവുനായ്ക്കളുടെ ശല്യവും വർദ്ധിച്ചതായ സ്ഥിതിവിശേഷം പ്രദേശത്തുണ്ട്. ഇത്തരം വിഷയങ്ങളിൽ അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ബിജെപി തൃക്കരുവ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറി ജോയ് മോഹനെ ഉപരോധിച്ചത്. ഒരു മാസത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് സെക്രട്ടറി ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഉപരോധം അവസാനിപ്പിച്ചത്. നടപടി ഉണ്ടായില്ലെങ്കിൽ തുടർ ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് ബിജെപി പ്രവർത്തകരുടെ തീരുമാനം. ഉപരോധത്തിൽ ഏരിയ പ്രസിഡൻറ് അജയൻ മകരവിളക്ക്, മണ്ഡലം സെക്രട്ടറി സന്തോഷ് സരോവരം, ഏരിയ വൈസ് പ്രസിഡൻറ് അനിൽ പ്രഭ, ഏരിയ കമ്മിറ്റി അംഗങ്ങളായ രാജു ടി, ഗണപതി കരുവ, ഷണ്മുഖ നായനാർ എന്നിവർ പങ്കെടുത്തു.
0 Comments