banner

ഇനി വിവാഹം വീഡിയോ കോൾ വഴി നടത്താം...!, നിയമഭേദഗതിക്ക് നിർദേശം നൽകി മന്ത്രി എംബി രാജേഷ്, സംഭവം ഇങ്ങനെ

Published from Blogger Prime Android App
സ്വന്തം ലേഖകൻ
വിവാഹ രജിസ്ട്രേഷൻ നിയമ ഭേദഗതി വരുത്താൻ നിർദേശവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ആവശ്യമെങ്കിൽ എല്ലാവർക്കും വീഡിയോ കോൺഫറൻസ് വഴി വിവാഹ രജിസ്ട്രേഷൻ ചെയ്യാൻ കഴിയും വിധം വിവാഹം രജിസ്റ്റർ ചെയ്യാനുള്ള നിയമ ഭേദഗതി കൊണ്ടുവരാൻ തദ്ദേശ അദാലത്തിൽ മന്ത്രി എം ബി രാജേഷ് നിർദ്ദേശം നൽകുകയായിരുന്നു. ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ. ജേക്കബ് മുഖേന ജനനമരണവിവാഹ രജിസ്ട്രാർ കൂടിയായ പഞ്ചായത്ത് സെക്രട്ടറി വി. കെ ശ്രീകുമാർ ഒരു പരാതി നൽകിയിരുന്നു. വിവാഹ രജിസ്ട്രാർക്ക് മുമ്പാകെ നേരിട്ട് ഹാജരാകാതെ വീഡിയോ കോൺഫറൻസ് വഴി വിവാഹം രജിസ്ട്രർ ചെയ്യാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ഈ പരാതിയാണ് സംസ്ഥാനത്തെ വിവാഹിതരാകുന്ന എല്ലാവർക്കും ഗുണം ചെയ്യുന്ന പൊതുതീരുമാനത്തിലേക്ക് നയിച്ചത്.

2019 ൽ കോവിഡ് കാലഘട്ടത്തിൽ വിദേശത്തുള്ളവർക്ക് വിവാഹ രജിസ്ട്രേഷന് ഓൺലൈനിൽ ഹാജരാകാനുള്ള പ്രത്യേക ഉത്തരവ് നൽകിയിരുന്നു. ഇത് ഇപ്പോഴും തുടർന്ന് വരുന്നുണ്ടെങ്കിലും ദമ്പതികളിൽ ഒരാളെങ്കിലും വിദേശത്ത് താമസിക്കുന്നുണ്ടെങ്കിലേ ഇത് സാധിക്കുകയുള്ളു. ഇത് കാരണം കേരളത്തിൽ തന്നെ വിവിധ സ്ഥലങ്ങളിലായി ജോലി ചെയ്യുന്നവർക്കും, അയൽസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ഉപ്പുതുറ പഞ്ചായത്ത് സെക്രട്ടറി പരാതി നൽകിയത്. നഗരങ്ങളിൽ നടക്കുന്ന വിവാഹങ്ങൾക്ക് വീഡിയോ കെവൈസി വഴി എവിടെയിരുന്നും രജിസ്ട്രേഷൻ നടത്താൻ സാധ്യമാക്കും വിധം നഗരസഭയിൽ കെ സ്മാർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ സേവനം ഗ്രാമപഞ്ചായത്തുകളിൽ ലഭ്യമല്ലായിരുന്നു.

ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, വീഡിയോ കോൺഫറൻസിലൂടെ രജിസ്ട്രാർക്ക് മുൻപിൽ ഹാജരാകാനുള്ള സൗകര്യം എല്ലാവർക്കും ഒരുക്കണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർദ്ദേശം നൽകി. ഇതോടെ, ഗ്രാമപഞ്ചായത്തിൽ വിവാഹിതരാവുന്ന ദമ്പതികൾക്ക് സംയുക്ത അപേക്ഷയിലൂടെ ഓൺലൈനായി വിവാഹം രജിസ്റ്റർ ചെയ്യാം. ഇതിനുള്ള നിയമ ഭേദഗതി ഉടൻ പ്രാബല്യത്തിൽ വരും. ഗ്രാമപഞ്ചായത്തുകളിൽ കെ സ്മാർട്ട് ഏർപ്പെടുത്തുന്നത് വരെ ഈ മാതൃക തന്നെ തുടരേണ്ടി വരും. കെ സ്മാർട്ട് വിന്യസിച്ചു കഴിഞ്ഞാൽ വീഡിയോ കെവൈസി വഴി പഞ്ചായത്തുകളിലും എളുപ്പത്തിൽ വിവാഹം രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഉണ്ടാകും. പഞ്ചായത്തിലെ നിരവധി ആളുകളുടെ ആവശ്യം പരിഗണിച്ചാണ് പ്രസിഡന്റ് ജെയിംസ് കെ ജേക്കബും ഉപ്പുതറ രജിസ്ട്രാർ വി കെ ശ്രീകുമാറും അദാലത്തിൽ ഹാജരായത്. ഈ ഭേദഗതി നിലവിൽ വന്നാൽ അയൽ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന ഒരുപാട് പേർക്ക് ഇത് പ്രയോജനപ്പെടും.

Post a Comment

0 Comments