സ്വന്തം ലേഖകൻ
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നടികൾ തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തുന്നത് വൻ വിവാദങ്ങൾക്ക് വഴിവെക്കുന്നുണ്ട്. ഇപ്പോൾ മൂന്ന് യുവ നിര്‍മ്മാതാക്കളില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കിടുകയാണ് നടി ചാർമിള. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നടികൾ തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തുന്നതിനിടെയാണ് ചാർമിളയുടെ വാക്കുകൾ ശ്രദ്ധ നേടുന്നത്.
കൊറോണയ്ക്ക് മുമ്പ് ഒരു അമ്മ വേഷം അഭിനയിക്കാനായി കോഴിക്കോട് പോയിരുന്നു. മൂന്ന് ചെറുപ്പക്കാരായിരുന്നു നിര്‍മ്മാതാക്കള്‍. 27-28 ആയിരുന്നു പ്രായം. ഗള്‍ഫുകാരാണ്. ചെന്നൈയില്‍ വന്നാണ് എന്നെ കണ്ടത്. കാലില്‍ വീണ് അനുഗ്രഹമൊക്കെ വാങ്ങി. ചേച്ചി എന്നൊക്കെയായിരുന്നു വിളിച്ചത്. അവിടെ ചെന്ന് രണ്ട് ദിവസം ബുദ്ധിമുട്ടൊന്നുമല്ലാതെ ഷൂട്ടിംഗ് നടന്നു. മൂന്നാം നാള്‍ എന്റെ അസിസ്റ്റന്റിനെ വിളിച്ചു. അമ്പതിനായിരം കൊടുത്തിട്ട് നീ പോയി സിനിമ കണ്ടിട്ട് വാ എന്നു പറഞ്ഞു. എനിക്ക് അപ്പോള്‍ പെയ്‌മെന്റ് ബാക്കിയുണ്ട്.
അസിസ്റ്റന്റ് എന്നോട് കാര്യം പറഞ്ഞു. ഞാന്‍ അവരേയും കൂട്ടി മുറിയിലേക്ക് വരാന്‍ പറഞ്ഞു. എന്താണ് സാര്‍, എന്റെ അഭിനയത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ? എനിക്ക് പ്രതിഫലം ബാക്കിയുണ്ട്, പക്ഷെ എന്റെ അസിസ്റ്റന്റിന് അമ്പതിനായിരം കൊടുത്തല്ലോ എന്ന് ചോദിച്ചു. മാഡം കാര്യത്തിലേക്ക് വരാം, ഞങ്ങള്‍ മൂന്ന് പേരും നിര്‍മ്മാതാക്കളാണ്. മൂന്നില്‍ ആര് വേണമെന്ന് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം, ആരുടെ കൂടെ വേണമെങ്കിലും പോകാം എന്ന് അവര്‍ പറഞ്ഞു.
നിങ്ങളുടെ പ്രായം എന്ത്, എന്റെ പ്രായം എന്ത്? എന്ന് ഞാന്‍ ചോദിച്ചു. നിങ്ങള്‍ മൂന്ന് പേരും സുന്ദരന്മാരാണല്ലോ കാമുകിമാരെ നോക്കിക്കൂടെ എന്നും ചോദിച്ചു. അതല്ല, ചെറുപ്പം മുതലേയുള്ള ക്രഷ് ആണെന്ന് അവര്‍ പറഞ്ഞു. നാളെ രാവിലെ ഷൂട്ടിംഗ് നടക്കണമോ വേണ്ടയോ? ഇങ്ങനെ ശല്യപ്പെടുത്തിയാല്‍ ഞാന്‍ നാളെ ഷൂട്ടിന് വരില്ലെന്ന് ഞാന്‍ പറഞ്ഞു. യു മേ ഗേറ്റ് ലോസ്റ്റ് എന്നായിരുന്നു അവരുടെ മറുപടി.
എന്നാല്‍ ഞാന്‍ വര്‍ക്ക് ചെയ്ത ടീമുകളൊക്കെ നന്നായിരുന്നു. എല്ലായിടത്തം ഹോംലി അന്തരീക്ഷമായിരുന്നു. പക്ഷെ ഇതുപോലെയുള്ള ചില പ്രശ്‌നക്കാരുണ്ട്. ചിലര്‍ അങ്ങനെയാണെന്ന് ഇന്‍ഡസ്ട്രി മൊത്തം പ്രശ്‌നമാണെന്ന് പറയില്ല. ഞാന്‍ ജോലി ചെയ്തിടത്തൊക്കെ അവര്‍ എന്നെ പൊന്നു പോലെയാണ് നോക്കിയത്. ഈയ്യടുത്ത് വര്‍ക്ക് ചെയ്തവരൊക്കെ നല്ല പെരുമാറ്റമായിരുന്നു. നല്ല സംവിധായകരും ഉണ്ട്. അത്തരക്കാരെ തിരഞ്ഞെടുത്താണ് ഞാന്‍ വര്‍ക്ക് ചെയ്യുന്നത്. ചിലര്‍ തമിഴ് അറിയില്ലെങ്കിലും എനിക്ക് വേണ്ടി തമിഴില്‍ സംസാരിക്കും. അങ്ങനെ നന്നായി പെരുമാറുന്നവരുണ്ട്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അവര്‍ തന്നെ പരിഹരിച്ചു തരും.
0 Comments