banner

രക്ഷാപ്രവ‍ർത്തനത്തിനിടെ അടിയന്തര ലാൻഡിങ് നടത്തവേ കടലിൽ വീണു...!, കോസ്‌റ്റ് ഗാർഡിന്റെ ഹെലികോപ്ടർ പറത്തിയ മലയാളി ഉദ്യോഗസ്ഥനടക്കം ജീവൻ നഷ്ടമായി, ഒരാൾ രക്ഷപ്പെട്ടു

Published from Blogger Prime Android App
സ്വന്തം ലേഖകൻ
രക്ഷാ പ്രവർത്തനത്തിന് എത്തിയ കോസ്‌റ്റ് ഗാർഡിന്റെ ഹെലികോപ്ടർ അടിയന്തര ലാൻഡിങ് നടത്തവേ കടലിൽ വീണ സംഭവത്തിൽ പൈലറ്റും കോസ്റ്റ് ഗാർഡ് സീനിയർ ഡപ്യൂട്ടി കമാൻഡൻറുമായ മലയാളിയടക്കമുള്ളവർക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ പോർബന്തറിൽ രക്ഷാ പ്രവർത്തനത്തിനെത്തിയ മാവേലിക്കര കണ്ടിയൂർ പറക്കടവ് നന്ദനം വീട്ടിൽ വിപിൻ ബാബു (39) വാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു അപകടം നടക്കുന്നത്. അപകടസമയത്ത് കോപ്റ്ററിൽ നാല് പേരാണ് ഉണ്ടായിരുന്നത്. കോപൈലറ്റിനടക്കം ജീവൻ നഷ്ടമായി. സംഭവത്തിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.

കുടുംബസമേതം ഡൽഹിയിലായിരുന്നു വിപിൻ ബാബുവിൻറെ താമസം. മൂന്ന് മാസം മുമ്പാണ് അവധിക്കു നാട്ടിലെത്തി മടങ്ങിയത്. പോർബന്തറിൽ നിന്നു അഹമ്മദാബാദിൽ എത്തിക്കുന്ന മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനു ശേഷം ബുധനാഴ്ച പുലർച്ചെ നെടുമ്പാശേരിയിൽ എത്തിക്കും. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ നടക്കും. എയർഫോഴ്സ് റിട്ട. പരേതനായ ആർ സി ബാബുവിന്റെയും ശ്രീലത ബാബുവിന്റെയും മകനാണ് വിപിൻ ബാബു.

രക്ഷാപ്രവർത്തനത്തിന് പോയ കോസ്റ്റ്ഗാർഡ് ഹെലികോപ്ടർ അടിയന്തരമായി ലാൻഡ് ചെയ്തതിന് പിന്നാലെയാണ് അറബികടലിലേക്ക് വീണത്. പോർബന്ദർ തീരത്തോട് ചേർന്ന് നടന്ന രക്ഷാപ്രവർത്തനത്തിന് പോയ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ഹെലികോപ്ടർ രക്ഷാപ്രവർത്തനത്തിന് പോയത്. ഗുജറാത്തിലെ പോർബന്ദർ തീരത്തുള്ള ഹരിലീല മോട്ടോർ ടാങ്കറിൽ നിന്ന് പരിക്കേറ്റ ജീവനക്കാരനെ കരയിലേക്ക് എത്തിക്കാനായി പുറപ്പെട്ടതായിരുന്നു അപകടത്തിൽപ്പെട്ട എഎൽഎച്ച് ഹെലികോപ്ടർ.

നാല് കപ്പലുകളും രണ്ട് വിമാനങ്ങളുമാണ് തീരദേശ സംരക്ഷണ സേന ഹെലികോപ്ടർ തെരച്ചിലിനായി വിനിയോഗിച്ചത്. ഗുജറാത്തിലെ ചുഴലിക്കാറ്റിൽ 67 പേരുടെ ജീവൻ രക്ഷപ്പെടുത്തിയ ഹെലികോപ്ടറാണ് ഇപ്പോൾ അപകടത്തിൽപ്പെട്ടത്. ഹെലികോപ്ടർ കടലിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. പോർബന്ദറിൽ നിന്ന് 45കിലോമീറ്റർ അകലെയാണ് ഹരിലീല മോട്ടോർ ടാങ്കർ സ്ഥിതി ചെയ്യുന്നത്. തകർന്ന ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങൾ ഇതിനോടകം കണ്ടെത്തിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Post a Comment

0 Comments