
ഇൻഷാദ് സജീവ്
അഞ്ചാലുംമൂട് : കാഞ്ഞാവെളിയിൽ യുവാവിനെ വീട്ടിൽ കയറി ഗുണ്ടാസംഘം മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അഞ്ചാലുംമൂട് പോലീസിന് ഗുരുതര വീഴ്ച. കഴിഞ്ഞ ദിവസം പുലർച്ചെ പന്ത്രണ്ട് മണിയോടെ നടന്ന അക്രമത്തിൽ, പിന്നാലെ പരാതി ലഭിച്ചെങ്കിലും അഷ്ടമുടി ലൈവ് വാർത്തയെ തുടർന്ന് രാത്രി പത്ത് മണിക്ക് ശേഷം മാത്രമാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മാത്രമല്ല കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്പിച്ചിട്ടും നിസാര വകുപ്പുകൾ മാത്രമാണ് പ്രതികൾക്കെതിരെ പോലീസ് ചുമത്താൻ തയ്യാറായത്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും മർദ്ദനമേറ്റ ഉണ്ണി ആരോപിച്ചെങ്കിലും ഈ വിഷയം പോലീസ് ഗൗരവത്തിലെ എടുത്തില്ലെന്ന് ഇതേ പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം രാത്രി വൈകിയും പ്രതികൾ അഞ്ചാലുംമൂട് നഗരത്തിൽ ഉണ്ടായിരുന്നു എന്നും മർദ്ദനമേറ്റ ഉണ്ണിയുടെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. കൊലപാതക ശ്രമമാണ് തനിക്ക് നേരെ നടന്നതെന്ന് പോലീസിനോട് പറഞ്ഞെങ്കിലും നിസാര വകുപ്പുകൾ മാത്രമാണ് എഫ്.ഐ.ആറിൽ ഉള്ളതെന്നുള്ളതിൽ ആശങ്കയുള്ളതായി അവർ പറഞ്ഞു.അതേ സമയം, റോഡിൽ നിന്ന് വാഹനത്തിന് സൈഡ് നൽകാത്തത് ചോദ്യം ചെയ്ത യുവാവിനെ കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലാണ് വീട്ടിൽ കയറി മർദ്ദിച്ചതായി പരാതിയുള്ളത്. ജവാൻമുക്ക്, കൊന്നമുക്ക് മേലൂട്ട് കിഴക്കതിൽ ഉണ്ണി.റ്റി-യെയാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ അഞ്ചിലധികം പേർ വരുന്ന ഗുണ്ടാ സംഘം വീടു കയറി മർദ്ദിച്ചത്. കമ്പിവടി കൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഉണ്ണിയെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കാഞ്ഞിരംകുഴി സ്വദേശി അജി കുമാർ, വിഷ്ണു, അമൽ, രാഹുൽ, പ്രദീപ് എന്നിവർക്കെതിരെ അഞ്ചാലുംമൂട് പോലീസിൽ പരാതി നൽകിയതായി ബന്ധുക്കൾ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയോടെ വീട്ടിലേക്ക് പോവുകയായിരുന്ന ഉണ്ണി സഞ്ചരിച്ച വാഹനത്തിന്, കേസിൽ രണ്ടാംപ്രതിയായ വിഷ്ണു റോഡിൽ തടസ്സം നിന്നു. ഉണ്ണി ഇത് ചോദ്യം ചെയ്തതിന് ശേഷം വാഹനം മുന്നോട്ടെടുത്ത് പോവുകയായിരുന്നു. പിന്നാലെ അർദ്ധരാത്രിയോടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെത്തിയ സംഘം വീടിനു പുറത്തെത്തി ഹോൺ മുഴക്കുകയും രാത്രിയിൽ ബഹളം ഉണ്ടാക്കുകയും ചെയ ക്യ. ബഹളം കേട്ട് പുറത്തിറങ്ങിയ ഉണ്ണിയെ സംസാരിക്കാനെന്ന പേരിൽ വിളിച്ചെങ്കിലും കൂട്ടാക്കാത്തതിനെ തുടർന്ന് സംഘം വീട് കയറി മർദ്ദിക്കുകയായിരുന്നു. കൈകൊണ്ടും, സമീപത്തുണ്ടായിരുന്ന കമ്പിയുടെ വടി ഉപയോഗിച്ച് തലക്കടിച്ചും അക്രമികൾ തന്നെ മർദ്ദിച്ചതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വാഹനത്തിന് തടസ്സം നിന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് പ്രകോപനമായതെന്ന് ഉണ്ണി അഷ്ടമുടി ലൈവിനോട് പറഞ്ഞു.
0 Comments