തിരുവനന്തപുരം : വനം മന്ത്രി എ കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റാൻ എൻസിപിയിൽ ശക്തമായ നീക്കങ്ങൾ നടക്കുന്നു. പാർട്ടിയിൽ ചർച്ച സജീവമായതോടെ പി സി ചാക്കോ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സംസാരിച്ചു. മന്ത്രി സ്ഥാനം പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നീക്കം. എന്നാൽ മന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നാൽ എംഎൽഎ സ്ഥാനവും രാജിവെക്കുമെന്ന നിലപാടിലാണ് എ കെ ശശീന്ദ്രൻ.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ തന്നെ ശശീന്ദ്രന് പകരം തന്നെ മന്തിയാക്കണം എന്നാവശ്യപ്പെട്ട് തോമസ് കെ തോമസ് ശക്തമായ ആവശ്യം ഉന്നയിച്ചിരുന്നു. രണ്ടര വർഷത്തിന് ശേഷം സ്ഥാനം നൽകണം എന്ന ഉപാധിയിലാണ് തോമസ് ഒടുവിൽ വഴങ്ങിയത്. എന്നാൽ എ കെ ശശീന്ദ്രൻ അതിനും തയ്യാറല്ലെന്ന് അറിയിച്ചിരുന്നു. എ കെ ശശീന്ദ്രന് അന്ന് സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോയുടെയും മറ്റ് മുതിർന്ന നേതാക്കളുടെയും ശക്തമായ പിന്തുണ ഉണ്ടായിരുന്നു. എന്നാൽ അടുത്തിടെ തോമസ് കെ തോമസും പി സി ചാക്കോയും തമ്മിൽ ഒരു ധാരണയിലായി. ഇതോടെ എ കെ ശശീന്ദ്രന് ഉണ്ടായിരുന്ന പിടിവള്ളി നഷ്ടപ്പെടുകയും, തോമസ് കെ തോമസ് ശക്തി പ്രാപിക്കുകയും ചെയ്തു. എന്നാൽ മന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്ന എ കെ ശശീന്ദ്രന് ചില ജില്ലാ അധ്യക്ഷന്മാരുടെയും പിന്തുണയുണ്ട്.
എൻസിപിയുടെ പല ജില്ലാ ഭാരവാഹികളും തോമസ് കെ തോമസിന് ഒരു വർഷത്തേക്കെങ്കിലും മന്ത്രി പദവി നൽകണം എന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എ കെ ശശീന്ദ്രൻ വിസമ്മതിക്കുന്നതിനാൽ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ കേന്ദ്ര നേതൃത്വം ഇടപെടമെടുമെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം, മന്ത്രി സ്ഥാനം മാറ്റുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ അധ്യക്ഷന്മാരുടെ യോഗം കൊച്ചിയിൽ ചേർന്നിരുന്നു. അതിൽ ഒൻപത് ജില്ലകളിൽ നിന്നുമുള്ള അധ്യക്ഷന്മാരും എ കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന തീരുമാനത്തെ അനുകൂലിച്ചു. ഇക്കാര്യം പി സി ചാക്കോ മുഖ്യമന്ത്രിയെയും കേന്ദ്ര നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്.
0 Comments