banner

അഞ്ചാലുംമൂട്ടിൽ യുവതിയും കുട്ടികളും താമസിക്കുന്ന വീട്ടിലേക്കുള്ള വഴി സ്വകാര്യ വ്യക്തി പാറ കൊണ്ട് വന്നിറക്കി അടച്ചു...!, വഴി തടസ്സപ്പെടുത്തിയത് കോൺഗ്രസ്സ് നേതാവായ മുൻ തൃക്കരുവ ഗ്രാമപഞ്ചായത്ത് മെമ്പറായ ഭൂവുടമയെന്ന് ആരോപണം, കുടുംബം നടുറോഡിൽ

Published from Blogger Prime Android App
സ്വന്തം ലേഖകൻ
അഞ്ചാലുംമൂട് : ഇഞ്ചവിളയിൽ യുവതിയും കുട്ടികളും താമസിക്കുന്ന വീട്ടിലേക്കുള്ള വഴി സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ ലോറിയിൽ പാറ കൊണ്ട് വന്നിറക്കി അടച്ചു. ഇഞ്ചവിള മാക്രിയില്ലാക്കുളത്തിന് സമീപം രേഷ്മ ഭവനത്തിൽ രേഷ്മയുടെ വീട്ടിലേക്കുള്ള വഴിയാണ് അയൽവാസിയായ കോൺഗ്രസ്സ് നേതാവ് പാറകൊണ്ടിറക്കി തടസ്സപ്പെടുത്തിയത്. മുൻ തൃക്കരുവ ഗ്രാമപഞ്ചായത്ത് മെമ്പർ കൂടിയാണ് ഇദ്ദേഹം. ഈ കുടുംബം വർഷങ്ങളായി നടവഴിയായി ഉപയോഗിച്ച സ്ഥലമാണ് ആശുപത്രിയിൽ പോയ സമയത്ത് ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ കെട്ടി അടച്ചതെന്ന് യുവതി ആരോപിക്കുന്നു.

മൂന്നും ഏഴും വയസ്സുകാരായ മക്കളും രേഷ്മയും അമ്മ ഗിരിജാകുമാരിയുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. വൈകുന്നേരം സുഖമില്ലാത്ത കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയതിന് ശേഷം തിരികെ വന്നപ്പോഴാണ് വഴി അടച്ചുകൊണ്ട് പാറ നിക്ഷേപിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഈ വഴിയടച്ചതോടെ വീട്ടിൽ കയറാതെ ബുദ്ധിമുട്ടുകയാണെന്ന് അവർ പറയുന്നു. "ഞങ്ങള്‍ക്ക് അവരുടെ സ്വത്ത് വേണ്ട. ഒരു നടവഴി മാത്രം മതി" എന്നാണവര്‍ ആവർത്തിക്കുന്നത്. നടന്നെങ്കിലും വീട്ടിൽ പോകാനുള്ള വഴിയെന്നത് ഏതൊരു മനുഷ്യന്റെയും ജീവിക്കാനുള്ള അവകാശമാണ്.

നേരത്തെ തന്നെ വഴിയുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്നതായി രേഷ്മ പറയുന്നു. ഇത് സംബന്ധിച്ച് മുൻസിഫ് കോടതിയിലുള്ള കേസിൽ തങ്ങൾക്ക് അനുകൂലമായി വിധിയായതായതായും എന്നാൽ എതിർകക്ഷി ജില്ലാ കോടതിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് അനുകൂല ഉത്തരവ് വാങ്ങിയതായും ആരോപിക്കുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. ഇവ കോടതിയുടെ പരിഗണനയിലേക്ക് വരാനിരിക്കുകയാണ്. ഇതിനിടെയാണ് ഞങ്ങളെ ദ്രോഹിക്കുന്ന തരത്തിൽ വഴി തടസ്സപ്പെടുത്തുന്നതെന്ന് രേഷ്മ പറഞ്ഞു.

Post a Comment

0 Comments