സ്വന്തം ലേഖകൻ
അത്യാവശ്യമായി ഒന്‍പത് ലക്ഷം രൂപ ആവശ്യമുണ്ട്. അതിനാൽ ലോറി വിൽക്കാൻ പോവുകയാണെന്ന് അറിയിച്ച് ലോറിയുടമ മനാഫ് (MANAF). ആവശ്യക്കാര്‍ക്ക് വാങ്ങാമെന്നും മനാഫ് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. 12 വീല്‍ ലോറിയാണ് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. അത്യാവശ്യമായി ഒന്‍പത് ലക്ഷം രൂപ ആവശ്യമുണ്ട്. ആരും വില പേശരുത്. ഒഎല്‍എക്‌സില്‍ ഇടുന്നതിനേക്കാള്‍ നിങ്ങളോട് ഇങ്ങനെ പറയുന്നതല്ലേ നല്ലത്. 2012 മോഡല്‍ വാഹനമാണ് വില്‍ക്കാനുള്ളതെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു. നേരത്തെ തനിക്ക് അഞ്ച് ലക്ഷം രൂപ ആവശ്യമുണ്ടെന്ന് അറിയിച്ച് മനാഫ് രംഗത്തെത്തിയിരുന്നു. യൂട്യൂബ് ചാനലിലൂടെയാണ് മനാഫ് ആവശ്യവുമായി രംഗത്തെത്തിയത്. ചാരിറ്റി ആപ്പ് നിര്‍മ്മിക്കാനെന്ന് അറിയിച്ചാണ് മനാഫ് അഞ്ച് ലക്ഷം ആവശ്യപ്പെട്ട് നേരത്തെ രംഗത്തെത്തിയത്.
നിരവധി ഉദ്ഘാടന പരിപാടികളിൽ ഉൾപ്പെടെ മനാഫ് സജീവ സാന്നിദ്ധ്യമാണ്. വിവിധ ചടങ്ങുകളിൽ പ്രത്യേക അതിഥിയായും മനാഫിന് ക്ഷണമുണ്ട്. അർജുന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പാവപ്പെട്ടവരെ സഹായിക്കുകയാണ് തന്റെ ജീവിത ലക്ഷ്യമെന്ന തരത്തിൽ മനാഫ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആപ്പ് നിർമ്മിച്ച് നൽകാൻ ആവശ്യപ്പെട്ട് അദ്ദേഹം രംഗത്ത് എത്തിയത്. ചാരിറ്റിയ്ക്ക് വരുന്ന പണത്തെക്കുറിച്ച് അറിയാൻ ആപ്പ് സഹായിക്കുമെന്നാണ് മനാഫ് ഇതിന് നൽകുന്ന വിശദീകരണം. വിവിധയിടങ്ങളിൽ നിന്നും മനാഫിന് വൻ തുകകൾ ലഭിക്കുന്നുണ്ടെന്നാണ് ഇത് നൽകുന്ന സൂചന. അതേസമയം ഇനി യൂട്യൂബ് ചാനൽ ഉപയോഗിക്കേണ്ടതില്ലെന്നാണ് മനാഫിന്റെ തീരുമാനം. അഞ്ച് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണ് നിലവിൽ അദ്ദേഹത്തിന്റെ ചാനലിന് ഉള്ളത്. മറ്റാരെങ്കിലും ആ ചാനൽ ഉപയോഗിക്കട്ടെയെന്നും അതിൽ നിന്നുള്ള പൈസ ചാരിറ്റിയ്ക്കായി വിനിയോഗിക്കും എന്നും മനാഫ് പറഞ്ഞിരുന്നു.
അർജുന്റെ മരണവുമായി ബന്ധപ്പെട്ട് മനാഫിനെതിരെ ഒരുപാട് വിവാദങ്ങൾ ഉണ്ടായിരുന്നു . മനാഫിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. തിരച്ചിലുമായി ബന്ധപ്പെട്ട കാര്യങ്ങളും പരാതിക്കാരുടെ കുടുംബപശ്ചാത്തലവും കുടുംബത്തിന്റെ മാനസികാവസ്ഥയും വൈകാരികതയും മുതലെടുത്ത് മനാഫ് സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയെന്നാണ് എഫ്ഐആര്‍ രേഖപ്പെടുത്തിയിരുന്നത്. യൂട്യൂബ് ചാനൽ വീഡിയോകളിലും ഫേസ്ബുക്ക് പോസ്റ്റുകളിലും വിദ്വേഷജനകമായ കമന്റുകളായിരുന്നു കുടുംബത്തിനെതിരെ പ്രചരിച്ചത്. വർഗീയ കമന്റുകൾകൂടെ വന്നതോടെയാണ് കുടുംബം പരാതി നൽകിയത്. എന്ത് കേസിൽ കുടുക്കിയാലും ശിക്ഷിച്ചാലും അര്‍ജുന്റെ കുടുംബത്തോടൊപ്പം നിൽക്കുമെന്നായിരുന്നു മനാഫിന്റെ പ്രതികരണം. മോശമായി ഒന്നും പറഞ്ഞിട്ടില്ല.
സൈബർ ആക്രമണത്തിനെതിരെ അർജുന്റെ കുടുംബം നൽകിയ പരാതിയിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച മനാഫ് പറഞ്ഞത്. അർജുനെ കാണാതായത് മുതൽ കുടുംബത്തിന് അനുകൂലമായി നിൽക്കും എന്നായിരുന്നു മനാഫ് പറഞ്ഞത്. അർജുന്റെ പേരിൽ പണപ്പിരിവ് നടത്തിയെന്ന കുടുംബത്തിന്റെ ആരോപണം നിഷേധിച്ച് മനാഫ് രംഗത്തെത്തിയിരുന്നു. തന്നെ ക്രൂശിക്കുന്നത് എന്തിനാണെന്ന് അറിയില്ല. താൻ ഫണ്ട് പിരിവ് നടത്തിയിട്ടില്ല. അങ്ങനെ തെളിയിച്ചാൽ പരസ്യമായി കല്ലെറിഞ്ഞു കൊന്നോട്ടെ. അർജുനെ കണ്ടെത്തുന്നത് വരെ ഉപയോഗിക്കാനാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. ഇനി അത് സജീവമാക്കും ഉള്ളടക്കം ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും, പുതിയ ലോറിക്ക് അർജുന്റെ പേര് ഇടുമെന്നും മനാഫ് ശക്തമായി പ്രതികരിച്ച ഒരു സമയം ഉണ്ടായിരുന്നു. ഇങ്ങനെ ഒരു പാട് വിവാദങ്ങളാണ് മനാഫിനെതിരെ ഉയർന്നിരുന്നത്.
0 Comments