സ്വന്തം ലേഖകൻ
തൃശൂർ : തൃശൂരില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ആമ്പല്ലൂർ സ്വദേശി ഡെയ്സണ്‍ തോമസ് (35) ആണ് പിടിയിലായത്. ചാലക്കുടി ബസ് സ്റ്റാന്‍റിന് സമീപത്ത് 16 ഗ്രാം എംഡിഎംഎയുമായാണ് യുവാവ് പിടിയിലായത്. തൃശൂർ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചാലക്കുടി പൊലീസും രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
ബംഗളൂരുവില്‍ നിന്നാണ് യുവാവ് മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരു കേന്ദ്രീകരിച്ച് പ്രൊഫഷണല്‍ ഡാൻസറായി ജോലി ചെയ്തു വരികയായിരുന്നു ഡെയ്സണ്‍. പിടിയിലായ ഡെയ്സണെതിരെ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയില്‍ ബാർ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസും വീടിനു മുന്നിലൂടെ സൈക്കിളില്‍ യാത്ര ചെയ്തിരുന്നയാളെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസുമുണ്ട്. ഇതോടൊപ്പം പുതുക്കാട് പൊലീസ് സ്റ്റേഷൻ പരിധിയില്‍ കവർച്ചയ്ക്ക് ഒരുങ്ങവേ പിടിയിലായ കേസും നിലവിലുണ്ട്.
ഡെയ്സണില്‍ നിന്നും പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയില്‍ ഏകദേശം അരലക്ഷത്തോളം രൂപ വില വരും. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. ഡെയ്സണില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചതായും ഈ ശൃംഖലയെ കുറിച്ച് ജില്ലാ ലഹരി വിരുദ്ധസേന കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
0 تعليقات