banner

25 ദിവസത്തിനിടെ വിവിധ സ്ഥലങ്ങളിലായി 5 കൊലപാതകങ്ങൾ; ഇരകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നത് പതിവ് രീതി, സീരിയൽ കില്ലർ രാഹുൽ ജാട്ട് അറസ്റ്റിൽ

25 ദിവസത്തിനുള്ളിൽ വിവിധ സംസ്ഥാനങ്ങളിലായി 5 കൊലപാതകങ്ങൾ ; സീരിയൽ കില്ലർ രാഹുൽ ജാട്ട് അറസ്റ്റിൽ

സ്വന്തം ലേഖകൻ
ഗാന്ധിനഗർ : നിരവധി കൊലപാതക കേസുകളിലും മോഷണ കേസുകളിലും പ്രതിയായ സീരിയൽ കില്ലർ രാഹുൽ ജാട്ട് അറസ്റ്റിൽ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി നിരവധി കൊലപാതകങ്ങളാണ് ഇയാൾ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 25 ദിവസങ്ങൾക്കുള്ളിൽ മാത്രം ഇയാൾ അഞ്ചു കൊലപാതകങ്ങൾ നടത്തി. ഗുജറാത്ത് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഹരിയാനയിലെ റോഹ്താക്ക് സ്വദേശിയാണ് രാഹുൽ ജാട്ട്. ചെറുപ്പകാലത്ത് തന്നെ സൈക്കിൾ മോഷണങ്ങളിലൂടെ നിരോധി പോലീസ് കേസുകളിൽ പ്രതിയായപ്പോൾ ഇയാളെ ഗ്രാമത്തിൽ നിന്നും പുറത്താക്കിയിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി കറങ്ങി നടന്ന ഇയാൾ നിരവധി കൊലപാതകങ്ങളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. പശ്ചിമ ബംഗാളിലെ ഒരു റെയിൽവേ സ്റ്റേഷനിൽ വച്ച് തീപ്പെട്ടി ചോദിച്ചത് നൽകാത്തതിന്റെ പേരിൽ ഒരു വൃദ്ധനെ കുത്തിക്കൊന്നു കൊണ്ടായിരുന്നു ഇയാൾ കൊലപാതക പരമ്പരകൾക്ക് തുടക്കമിട്ടിരുന്നത്.

ചെറുപ്പത്തിൽ ട്രക്ക് ഡ്രൈവർ ആകണം എന്നായിരുന്നു രാഹുൽ ജാട്ടിന്റെ ആഗ്രഹം. എന്നാൽ കാലുകൾക്ക് പരിക്ക് പറ്റി വൈകല്യം ഉണ്ടായതോടെ ഈ ആഗ്രഹം നടക്കാതെയായി. ഇതോടെ ഇയാൾ നിരവധി കുറ്റകൃത്യങ്ങളിലേക്ക് നീങ്ങി. വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ട്രക്കുകൾ മോഷ്ടിക്കുകയായിരുന്നു ഇയാളുടെ പ്രധാന വിനോദം. തുടർന്ന് ഇന്ധനം തീരുന്ന സ്ഥലത്ത് ട്രക്കുകൾ ഉപേക്ഷിച്ചുകൊണ്ട് ഇയാൾ മുങ്ങും. ഇങ്ങനെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഇയാൾ യാത്ര ചെയ്തു.

പെൺകുട്ടികളെയും സ്ത്രീകളെയും ലക്ഷ്യമിട്ടിരുന്ന ഇയാൾ ഇരകളെ ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു പതിവ്. അഞ്ച് സംസ്ഥാനങ്ങളിലെ ക്രൈംബ്രാഞ്ചുകളുടെ പ്രത്യേക സംഘങ്ങൾ ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ നടത്തിവരികയായിരുന്നു.

കർണാടകയിലെ മുൽക്കി റെയിൽവേ സ്‌റ്റേഷനിൽ ഒരു യാത്രക്കാരനെ കൊലപ്പെടുത്തിയ കേസ്, തെലങ്കാനയിലെ സെക്കന്തരാബാദ് റെയിൽവേ സ്‌റ്റേഷനു സമീപം യുവതിയെ കൊള്ളയടിച്ച് കൊലപ്പെടുത്തിയ കേസ് എന്നിവയിലെല്ലാം പ്രതിയായ ഇയാളെ ഒടുവിൽ ഗുജറാത്ത് പോലീസ് ആണ് കണ്ടെത്തി പിടികൂടിയത്.

പോലീസ് പിടികൂടിയ ഇതേ ദിവസം തന്നെ ഇയാൾ സെക്കന്തരാബാദിൽ ഒരു യുവതിയെ കൊലപ്പെടുത്തിയതായും വിവരമുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും കൂടുതൽ കൊലപാതക വിവരങ്ങൾ പുറത്തുവന്നേക്കാം എന്നും പോലീസ് അറിയിച്ചു.


Post a Comment

0 Comments