banner

സംഭാലിനും ഗ്യാന്‍വ്യാപിക്കും പിന്നാലെ അജ്മീര്‍ ദര്‍ഗയിലും ക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട് ഹിന്ദു സംഘടന

സംഭാലിനും ഗ്യാന്‍വ്യാപിക്കും പിന്നാലെ അജ്മീര്‍ ദര്‍ഗയിലും ക്ഷേത്രമുണ്ടെന്ന അവകാശവാദവുമായി ഹിന്ദുസേന

സ്വന്തം ലേഖകൻ
ജയ്പൂര്‍ : അജ്മീറിലെ ഖ്വാജ മൊയ്‌നുദ്ദീന്‍ ചിഷ്തിയുടെ ദര്‍ഗയില്‍ മഹാദേവ ക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട് ഹിന്ദു സംഘടന നല്‍കിയ ഹരജി സ്വീകരിച്ച് അജ്മീര്‍ സിവില്‍ കോടതി. ഹരജിയുടെ അടിസ്ഥാനത്തില്‍ കോടതി കേസ് അംഗീകരിക്കുകയും ദര്‍ഗാ കമ്മിറ്റിക്കും പുരാവസ്ഥു വകുപ്പിനും നോട്ടീസ് അയച്ചുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഹിന്ദു സേന ദേശീയ അധ്യക്ഷന്‍ വിഷ്ണു ഗുപ്തയാണ് ഹരജി നല്‍കിയത്. ദര്‍ഗയില്‍ പുരാവസ്തു വകുപ്പ് സര്‍വേ നടത്തണമെന്നും ആരാധനയ്ക്ക് അനുമതി നല്‍കണമെന്നുമാണ് ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത ഹരജിയില്‍ ആവശ്യപ്പെടുന്നത്.

അജ്മീറിലെ ദര്‍ഗയില്‍ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട ഹര്‍ദയാല്‍ ശാരദ എഴുതിയ പുസ്തകം ഉദ്ധരിച്ച് ഹരജിക്കാരനായ വിഷ്ണു ഗുപ്തയ്ക്കുവേണ്ടിയാണ് കേസ് ഫയല്‍ ചെയ്തത്. ഈ കേസിലെ അടുത്ത വാദം 2024 ഡിസംബര്‍ 20 ന് നടക്കും.

നിലവില്‍ ദര്‍ഗ ഉള്ള ഭൂമിയില്‍ ശിവക്ഷേത്രം ഉണ്ടായിരുന്നതായും ക്ഷേത്രത്തില്‍ ജലാഭിഷേകങ്ങളും പൂജയും നടന്നിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു.


ഹിന്ദുസേനയുടെ പേരില്‍ നേരത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പാകെ നേരത്തെ ഒരു ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഇത് തന്റെ അധികാര പരിധിക്കപ്പുറമാണെന്ന് പറഞ്ഞ് ജഡ്ജി പ്രീതം സിങ് അത് കേള്‍ക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

സമാന സാഹചര്യത്തില്‍ മുഗള്‍ കാലഘട്ടത്തില്‍ നിര്‍മിച്ച സംഭാല്‍ പള്ളിയിരിക്കുന്ന സ്ഥലത്ത് ഹരിഹര്‍ ക്ഷേത്രം ഉണ്ടായിരുന്നു എന്ന് അവകാശപ്പെട്ട് ഹിന്ദു നേതാവും അഭിഭാഷകനുമായി വിഷ്ണു ശങ്കര്‍ ജെയിന്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് പ്രദേശിക കോടതി പള്ളിയില്‍ സര്‍വേ നടത്താന്‍ അനുമതിയിട്ടിരുന്നു. തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയും ആറ് പേര്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ മരണപ്പെടുകയും ചെയ്തിരുന്നു.

കൂടാതെ ഗ്യാന്‍വ്യാപി മസ്ജിദിലും സര്‍വേ വേണമെന്ന ഹരജി കൊണ്ടുവന്നിരുന്നു. മസ്ജിദ് നില്‍ക്കുന്നത് പഴയ ക്ഷേത്രത്തിന്റെ ഭാഗമാണെന്നും ശിവലിംഗമുണ്ടെന്നും സര്‍വേ ആവശ്യമാണെന്നുമായിരുന്നു ഹിന്ദുവിഭാഗത്തിന്റെ ഹരജി. ഹരജി പരിഗണിക്കവേ രണ്ടാഴ്ചക്കകം മസ്ജിദ് കമ്മറ്റിയോട് മറുപടി നല്‍കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു.

2022 മെയ് മാസത്തില്‍ ഗ്യാന്‍വ്യാപി മസ്ജിദിന്റെ ശുദ്ധീകരണ കുളത്തിന് സമീപം കോടതി നിര്‍ദ്ദേശിച്ച സര്‍വേയില്‍ ശിവലിംഗം കണ്ടെത്തിയതിനെ തുടര്‍ന്ന് സീല്‍ ചെയ്ത പ്രദേശം അടച്ചുപൂട്ടാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

Post a Comment

0 Comments