banner

മദ്യലഹരിയിൽ ഇരുപത് സെക്കന്റ് കണ്ണടച്ചു പോയി; യാത്രക്കിടയിൽ ഡ്രൈവറുമൊത്ത് തുടർച്ചയായി മദ്യപിച്ചെന്ന് ക്ലീനർ, അഞ്ച് പേരുടെ ജീവനെടുത്ത ലോറി അപകടത്തിൽ കുറ്റം സമ്മതിച്ച് പ്രതികൾ

തൃശ്ശൂർ നാട്ടികയിൽ അഞ്ച് പേരുടെ ജീവനെടുത്ത അപകടം, കുറ്റം സമ്മതിച്ച് പ്രതികൾ

സ്വന്തം ലേഖകൻ
തൃശ്ശൂർ : നാട്ടികയില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി അഞ്ച് പേരുടെ ജീവനെടുത്തത്തിന് കാരണം മദ്യലഹരിയില്‍ വാഹനമോടിച്ച് ഉറങ്ങിപ്പോയതാണ് എന്ന് ക്ലീനർ അലക്സിന്‍റെ മൊഴി. ലോറി അപകടത്തിൽ കുറ്റം സമ്മതിച്ചിരിക്കുകയാണ് പ്രതികൾ. യാത്രക്കിടയിൽ ഡ്രൈവറുമൊത്ത് തുടർച്ചയായി മദ്യപിച്ചെന്നും മദ്യലഹരിയിൽ മയങ്ങിപ്പോയെന്നും അലക്സ്.

കേസിലെ പ്രതികളായ ഡ്രൈവറെയും ക്ലീനറെയും കോടതി റിമാൻഡ് ചെയ്തു. മദ്യലഹരിയിൽ വരുത്തിയ ദുരന്തമെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്. മനഃപൂർവ്വമായ നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ രജിസ്ട്രഷനും റദ്ദാക്കിയിരുന്നു.

മദ്യലഹരിയിൽ ഇരുപത് സെക്കന്റ് കണ്ണടച്ചു പോയിയെന്ന് ക്ലീനർ അലക്സിന്റെ മൊഴി. വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നിയപ്പോൾ വെട്ടിച്ചു. അപ്പോൾ നിലവിളി കേട്ടു. അതോടെ രക്ഷപെടാൻ നോക്കിയെന്നുമാണ് ക്ലീനർ അലക്സിന്റെ കുറ്റസമ്മത മൊഴി. വൈകിട്ട് 5 മണിക്കാണ് ലോറിയില്‍ തടി കയറ്റി പുറപ്പെട്ടത്. 

മാഹിയിൽ നിന്ന് മദ്യം വാങ്ങി. യാത്രക്കിടയിൽ മദ്യപിച്ചു കൊണ്ടേയിരുന്നു. പൊന്നാനി എത്തിയപ്പോഴേക്കും ഡ്രൈവർ ജോസ് അബോധാവസ്ഥയിലായി. പിന്നീടാണ് ക്ലീനർ വണ്ടിയോടിച്ചത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ രണ്ട് ദിവസത്തിനകം കോടതിയിൽ അപേക്ഷ നൽകുമെന്നും പൊലീസ് അറിയിച്ചു.

Post a Comment

0 Comments