banner

കിട്ടുന്നതെല്ലാം മദ്യമല്ല; ബെവ്‌കോയില്‍ നിന്ന് മദ്യം വാങ്ങി വെള്ളമൊഴിച്ച് വന്‍വിലയ്ക്ക് മറിച്ചു വില്‍പന, ഒരാൾ പിടിയില്‍

ബെവ്‌കോയില്‍ നിന്ന് മദ്യം വാങ്ങി വെള്ളമൊഴിച്ച് വന്‍വിലയ്ക്ക് മറിച്ചു വില്‍പന, ഒടുവില്‍ പിടിയില്‍

സ്വന്തം ലേഖകൻ
കല്‍പ്പറ്റ : ബെവ്‌കോയില്‍ നിന്ന് വിദേശമദ്യം വാങ്ങി അതില്‍ കൃത്രിമമായി അളവ് വര്‍ധിപ്പിച്ച്, അമിത വില ഈടാക്കി വില്‍പ്പന നടത്തുന്ന വയോധികനെ എക്സൈസ് സംഘം പിടികൂടി. വൈത്തിരി വെങ്ങപ്പള്ളി കോക്കുഴി തയ്യില്‍ വീട്ടില്‍ രവി (68)യാണ് പിടിയിലായത്. ഇയാളില്‍ നിന്നും 11.800 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. ബീവറേജസ് കോര്‍പറേന്‍ ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യം വാങ്ങി വെള്ളം ചേര്‍ത്ത് അളവ് വര്‍ദ്ധിപ്പിച്ച് കൂടിയ വിലക്ക് വില്‍പന നടത്തിവരുന്നതാണ് ഇയാളുടെ രീതിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കോക്കുഴി ഭാഗത്ത് പലചരക്ക് കട കേന്ദ്രീകരിച്ച് ഇയാള്‍ മദ്യവില്‍പ്പന നടത്തുകയായിരുന്നു. കല്‍പ്പറ്റ എക്സൈസ് റേഞ്ചിലെ അസ്സിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് വി.എ. ഉമ്മറും പാര്‍ട്ടിയുമാണ് പ്രതിയെ പിടികൂടിയത്.

പ്രിവന്റീവ് ഓഫീസര്‍ ഇ.വി. ഏലിയാസ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ കെ.കെ ബിന്ദു, സിവില്‍ എക്സൈസ് ഓഫീസര്‍ സാദിക് അബ്ദുള്ള, എക്സൈസ് ഡ്രൈവര്‍ അബ്ദുറഹീം എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. 10 വര്‍ഷം വരെ കഠിന തടവ് ശിക്ഷയും ഒരു ലക്ഷം രൂപവരെ പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണിത്. പ്രതിയെ കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments