banner

വീട്ടിൽ സ്ഥിരമായി വൈകിയെത്തുന്നു; ചോദ്യം ചെയ്ത അമ്മാവന്റെ കൈയ്യും കാലും തല്ലിയൊടിച്ച് യുവാവ്, ഒടുവിൽ അറസ്റ്റ്

വീട്ടിൽ വൈകിയെത്തി, ചോദ്യം ചെയ്ത അമ്മാവന്റെ കൈയ്യും കാലും തല്ലിയൊടിച്ച് യുവാവ്, അറസ്റ്റ്

സ്വന്തം ലേഖകൻ
കോഴിക്കോട് : വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ ഇരുമ്പുവടി കൊണ്ട് ക്രൂരമായി അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്ഥിരം കുറ്റവാളിയായ യുവാവ് അറസ്റ്റില്‍. മാവൂര്‍ കോട്ടക്കുന്നുമ്മല്‍ ഷിബിന്‍ ലാലു എന്ന ജിംബ്രൂട്ടന്‍ ആണ് മാവൂര്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 14ന് രാത്രിയിലായിരുന്നു സംഭവം. മാവൂര്‍ കോട്ടക്കുന്നുമ്മല്‍ സുബ്രഹ്‌മണ്യനെയാണ് വീട്ടില്‍ കയറി മര്‍ദ്ദിച്ചത്. ഷിബിൻ ലാലുവിന്റെ അമ്മയുടെ സഹോദരനാണ് സുബ്രഹ്‌മണ്യന്‍. 

ഷിബിൻ ലാലു വീട്ടില്‍ സ്ഥിരമായി വൈകി വരുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് ഇരുമ്പുവടി കൊണ്ട് സുബ്രഹ്‌മണ്യന്റെ കൈയ്യും കാലും അടിച്ചൊടിച്ചത് എന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇയാള്‍ നേരത്തേയും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വിശദമാക്കുന്നു. നേരത്തെ മയക്കു മരുന്ന് ഉപയോഗം, അടിപിടി, വധശ്രമം, പൊതുജനത്തിന് ശല്യമുണ്ടാക്കല്‍, പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടല്‍ എന്നിങ്ങനെ നിരവധി കേസുകളിലായി വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. 

മാവൂര്‍ എസ്‌ഐ രമേശ് ബാബു, എസ്‌സിപിഒ മാരായ റഷീദ്, ഷിനോജ് എന്നിവര്‍ ചേര്‍ന്നാണ് ഷിബിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Post a Comment

0 Comments