banner

ഡോക്ടറുടെയും നഴ്‌സിൻ്റെയും വേഷത്തിലെത്തി നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി; കുഞ്ഞിനെ കണ്ടെത്തി, മൂന്ന് പേർ അറസ്റ്റിൽ

വേഷം മാറിയെത്തി നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി, മൂന്ന് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ
ബംഗളൂരു : കർണാടകയിലെ കലബുറഗിയില്‍ ഡോക്ടറുടെയും നഴ്‌സിൻ്റെയും വേഷത്തിലെത്തി നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. കലബുറഗിയിലെ ജില്ലാ സർക്കാരാശുപത്രിയില്‍ ഇന്നലെയാണ് സംഭവം. മുഖത്ത് മാസ്‌ക് ധരിച്ചെത്തിയ രണ്ട് യുവതികളാണ് കുഞ്ഞിനെ എടുത്ത് കൊണ്ട് പോയത്. സംഭവം നടന്ന് 24 മണിക്കൂറിനകം കുഞ്ഞിനെ പോലീസ് കണ്ടെടുത്തു.

ആശുപത്രിയിലെയും പുറത്തുള്ള ചില കടകളിലെയും സിസിടിവി ദൃശ്യങ്ങളാണ് കുഞ്ഞിനെ കണ്ടെത്താൻ നിർണായകമായത്. കുഞ്ഞിന് ചില ടെസ്റ്റുകള്‍ നടത്താനുണ്ട് എന്ന് പറഞ്ഞാണ് പ്രതികളായ യുവതികള്‍ കുഞ്ഞിനെ അമ്മയുടെ പക്കല്‍ നിന്ന് എടുത്ത് കൊണ്ട് പോയത്. പിന്നീട് കുഞ്ഞിനെ തിരികെ എത്തിക്കാതെ വന്നതോടെ പരിഭ്രാന്തരായ അമ്മയും മറ്റ് ബന്ധുക്കളും ആശുപത്രി അധികൃതരും ഉടനടി പൊലീസ് സഹായം തേടി.

തട്ടിക്കൊണ്ടുപോയ സംഘത്തില്‍ പെട്ട മൂന്നു സ്ത്രീകളെ പോലീസ് പിടികൂടി. കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ പുറത്ത് നിന്ന് സഹായം നല്‍കിയ സ്ത്രീയെ അടക്കമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവർ മനുഷ്യ കടത്ത് മാഫിയയുടെ ഭാഗമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണമുണ്ടാകുമെന്നും കലബുറഗി പൊലീസ് അറിയിച്ചു.

Post a Comment

0 Comments