banner

സനാതന ഹിന്ദുവായി ജീവിക്കാനും മരിക്കാനും വിമർശിക്കുന്ന ആരുടെയും സർട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല; വെറുപ്പിന്റെ പക്ഷം വിട്ടെറിഞ്ഞു വന്ന എനിക്ക്, ഇന്നാട്ടിലെ ‘മനുഷ്യരിലെ’ ഒരാളിൽ നിന്ന് പോലും മുഖം കറുത്തൊരു നോട്ടം പോലും നേരിടേണ്ടി വന്നിട്ടില്ല, കുറിപ്പുമായി സന്ദീപ് വാര്യർ

സനാതന ഹിന്ദുവായി ജീവിക്കാനും മരിക്കാനും വിമർശിക്കുന്ന ആരുടെയും സർട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല- സന്ദീപ് വാര്യർ

സ്വന്തം ലേഖകൻ
വിദ്വേഷത്തിന്റെ ഫാക്ടറിയിൽ നിന്ന് ഇറങ്ങിയ നാൾ മുതൽ ഞാൻ കൂടുതലായി കാണുന്നത് ഒരു പ്രത്യേക മതവിഭാഗത്തെ മാത്രമാണെന്ന് സന്ദീപ് വാര്യർ. വെറുപ്പിന്റെ പക്ഷം വിട്ടെറിഞ്ഞു വന്ന എനിക്ക്, ഇന്നാട്ടിലെ ‘മനുഷ്യരിലെ’ ഒരാളിൽ നിന്ന് പോലും മുഖം കറുത്തൊരു നോട്ടം പോലും നേരിടേണ്ടി വന്നിട്ടില്ലെന്നും സന്ദീപ് സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

പതിറ്റാണ്ടുകൾ ജയിലിൽ അടക്കപ്പെട്ട് പുറത്ത് വരുന്ന ഒരാൾ തനിക്ക് പ്രിയപ്പെട്ടവരെ മുഴുവൻ ഓടിച്ചെന്ന് കാണാനും അവരോടൊപ്പം ഒത്തിരി നേരം ചിലവഴിക്കാനും താല്പര്യപ്പെടും. അത് മാനുഷികമാണ്. വിദ്വേഷത്തിന്റെ ഫാക്ടറിയിൽ നിന്ന് ഇറങ്ങിയ നാൾ മുതൽ ഞാൻ കൂടുതലായി കാണുന്നത് ഒരു പ്രത്യേക മതവിഭാഗത്തെ മാത്രമാണെന്നാണ്, ഫാക്ടറി നടത്തിപ്പുകാരുടെ പരിഹാസം. ശരിയാണ്. ഒരുപാട് നാൾ, എന്തിനെന്ന് പോലുമറിയാതെ ഞാൻ ആരിൽ നിന്നാണോ അകന്നു നിന്നത്, അവരെ തന്നെയാണ് ഇന്ന് കൂടുതലായി ഞാൻ കാണാൻ പോകുന്നത്. അവരോടൊപ്പം തന്നെ സമയം ചിലവഴിക്കാനാണ് ഞാൻ ശ്രമിക്കുന്നത്.

അറിയാതെ ചെയ്ത പോയൊരു തെറ്റിൽ നിന്നും, ശിക്ഷ കഴിഞ്ഞ് ഇറങ്ങിയിട്ട് പോലും മോചിതനാകാൻ സമ്മതിക്കാത്ത മലയാള സമൂഹത്തിന്റെ കഥ, സേതുമാധവനിലൂടെ ലോഹിതദാസ് വരച്ചിട്ടിട്ടുണ്ട്. പക്ഷെ നിറഞ്ഞ സന്തോഷത്തോടെ പറഞ്ഞു കൊള്ളട്ടെ….വെറുപ്പിന്റെ പക്ഷം വിട്ടെറിഞ്ഞു വന്ന എനിക്ക്, ഇന്നാട്ടിലെ ‘മനുഷ്യരിലെ’ ഒരാളിൽ നിന്ന് പോലും മുഖം കറുത്തൊരു നോട്ടം പോലും നേരിടേണ്ടി വന്നിട്ടില്ല. ആരെയാണോ ഞാൻ അകറ്റി നിർത്താൻ ശ്രമിച്ചത്. അവർ തന്നെയാണ് ഒരുപാടധികം സ്നേഹാശ്ലേഷങ്ങളുമായി എന്നെ പൊതിഞ്ഞു പിടിക്കുന്നത്. അവർ അടങ്ങുന്ന മനുഷ്യർ എന്നോട് കാണിക്കുന്ന സ്നേഹത്തിന് നന്ദി പറയാൻ ഇന്ന് ഞാൻ കഷ്ടപ്പെടുകയാണ്.

വെറുപ്പിന്റെ ഫാക്ടറിയിൽ തുടരുന്നവരുടെ പരിഹാസങ്ങൾക്ക് മലയാളി ചുമ്മാ തൊലിച്ചു കളയുന്ന ഉള്ളി തൊലിയുടെ വില പോലും നൽകുന്നില്ല. സനാതന ഹിന്ദുവായി ജീവിക്കാനും മരിക്കാനും ഈ വിമർശിക്കുന്ന ആരുടെയും സർട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല. നിങ്ങൾ ഉൽപ്പാദിപ്പിക്കുന്ന വെറുപ്പും വിദ്വേഷവും ജീവിതത്തിൽ പകർത്താത്ത ഒട്ടേറെ സനാതന ഹിന്ദുക്കൾ ഈ രാജ്യത്ത് ഇപ്പോഴുമുണ്ട്. അവരിൽ ഒരാളായി ഞാൻ കഴിഞ്ഞോളാം.

തെറ്റ് തിരുത്താനും, ഒത്തിരി മനുഷ്യരാൽ സ്നേഹിക്കപ്പെടാനും അവസരം തന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെയും, സ്നേഹമെന്ന നൂലിനാൽ ബാപ്പുജി കോർത്തെടുത്ത അതിന്റെ ആശയങ്ങളുടെയും പ്രചാരകനായി ഇനിയുള്ള ജീവിതം തുടരും. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഫാക്ടറികളിൽ നിന്ന് കൂടുതൽ മനുഷ്യർ മോചിതരായി പുറത്ത് വരട്ടെ, അവർക്കും കോൺഗ്രസിന്റെ മതേതര പരിസരങ്ങളിൽ മനുഷ്യരോട് ഒട്ടി ജീവിച്ചു ഇനിയുള്ള കാലം സ്നേഹാനുഭവങ്ങൾ പങ്കിടാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനകളോടെ….
സന്ദീപ് വാര്യർ

Post a Comment

0 Comments