സ്വന്തം ലേഖകൻ
തിരുവനന്തപുരം : തലസ്ഥാനം കാർബൺ ന്യൂട്രൽ ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള ഇന്ത്യൻ നഗരങ്ങളിൽ ഏറ്റവും മികച്ച വായു ഗുണനിലവാര സൂചികയുള്ള നഗരമാണ് നമ്മുടേതെന്ന് മേയർ സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെ പറഞ്ഞു. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള നഗര വികസനത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാരും തിരുവനന്തപുരം നഗരസഭയും മുന്നോട്ടു പോകുന്നതെന്നും മേയർ പറഞ്ഞു
കുറിപ്പ് താഴെ വായിക്കാം...
തിരുവനന്തപുരം നഗരം കാർബൺ ന്യൂട്രൽ ലക്ഷ്യത്തിലേക്ക്…10 ലക്ഷത്തിലധികം ജനസംഖ്യയുള്ള ഇന്ത്യൻ നഗരങ്ങളിൽ ഏറ്റവും മികച്ച വായൂ ഗുണനിലവാര സൂചികയുള്ള (Air Quality Index) നഗരമാണ് നമ്മുടേത്. നമ്മുടെ പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള നഗര വികസനത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാരും തിരുവനന്തപുരം നഗരസഭയും മുന്നോട്ടു പോകുന്നത്.
നഗരങ്ങളിലെ കാലാവസ്ഥ വ്യത്യാനങ്ങൾക്കെതിരെയുള്ള പരിസ്ഥിതി സൗഹൃദ പ്രവർത്തങ്ങൾക്ക് യുവജനങ്ങൾ നേതൃത്വം നൽകണം എന്ന ആശയത്തിൽ ഈജിപ്തിലെ അലക്സാണ്ടറിയയിൽ UN-Habitat – Shanghai മുനിസിപ്പാലിറ്റി സംയുക്തമായി സംഘടിപ്പിച്ച World Cities Day 2024ൽ ഈ മേഖലയിലെ പ്രവർത്തങ്ങളിൽ ലോകത്തെ മികച്ച 5 നഗരങ്ങളിൽ ഒന്നായി നമ്മുടെ നഗരത്തെ തിരെഞ്ഞെടുത്തിരുന്നു
വിവിധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥാപിച്ച സോളാർ പാനലുകളിലൂടെ 17,000 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചും, 115 വൈദ്യുതി ബസുകൾ പൊതുഗതാഗതത്തിന് വാങ്ങി നൽകിയും, നഗരത്തിലുടനീളം 2000 സോളാൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചും, മുഴുവൻ തെരുവ് വിളക്കുകൾ LEDയിലേക്ക് മാറ്റുകയും ചെയ്താണ് നഗരസഭ കാർബൺ ന്യൂട്രൽ ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനം തുടരുന്നത്. ഇത്തരം പ്രവർത്തനങ്ങളിലൂടെ വായൂ മലിനീകരണം വലിയ തോതിൽ കുറയ്ക്കുവാൻ കഴിയുന്നു എന്നത് വലിയ സന്തോഷകരമായ കാര്യമാണ്. ഇതിനായി നഗരസഭയോടൊപ്പം പ്രവർത്തനം തുടരുന്ന മുഴുവൻ നഗരവാസികളും ജീവനക്കാരും നമ്മുടെ രാജ്യത്തിന് ഒരു മാതൃകയാണ്.
0 Comments