banner

ഫെൻജൽ ചുഴലിക്കാറ്റ് ആശങ്കയാകുന്നു; ദുരിതത്തിൽ തമിഴ്നാട്ടിൽ ജനജീവിതം സ്തംഭരാവസ്ഥയിലായി, കേരളത്തിലും ജാഗ്രതാ നി‍ർദേശം

Published from Blogger Prime Android App

സ്വന്തം ലേഖകൻ 
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ഫെൻജൽ ചുഴലിക്കാറ്റായി കരതൊടുന്ന പശ്ചാത്തലത്തിൽ, തമിഴ്നാട്ടിൽ ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. തമിഴ്നാട്ടിലും പുതുച്ചേരിയിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചെന്നൈ ഉള്‍പ്പെടെ എട്ട് ജില്ലകളില്‍ റെഡ് അലേർട്ടുണ്ട്. ഉയർന്ന വേലിയേറ്റവും കനത്ത മഴയും ഉൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ ഈ മേഖലയിൽ അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

രാഷ്ട്രപതി പങ്കെടുക്കാനിരുന്ന കേന്ദ്ര സർവകലാശാലയുടെ പരിപാടി ജാ​ഗ്രതാ നിർദേശത്തെ തുട‍ർന്ന് റദ്ദാക്കി. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം പ്രതികൂല കാലാവസ്ഥയെ തുടർന്ന് താത്ക്കാലികമായി അടച്ചു. 22 വിമാന സ‍‍ർവീസുകൾ റ​ദ്ദാക്കിയതായും അധികൃത‍ർ അറിയിച്ചു. കാലാവസ്ഥ മെച്ചപ്പെട്ടാൽ വിമാന സർവീസുകൾ പുനരാരംഭിക്കും.

പുതുച്ചേരി, കാഞ്ചീപുരം ഉൾപ്പെടെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. ഐടി സ്ഥാപനങ്ങൾ ജീവനക്കാ‍ർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്. ഈസ്റ്റ് കോസ്റ്റ് റോഡിലും പഴയ മഹാബലിപുരം റോഡിലും ഇന്ന് ഉച്ചയ്ക്ക് ശേഷം പൊതുഗതാഗത സേവനങ്ങൾ നിർത്തിവയ്ക്കും. ചുഴലിക്കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ റവന്യൂ, ദുരന്തനിവാരണ വകുപ്പ് മന്ത്രി കെകെഎസ്എസ്ആർ രാമചന്ദ്രൻ നടത്തിയ യോഗത്തിൽ ബീച്ചുകളും അമ്യൂസ്‌മെൻ്റ് പാർക്കുകളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ജനങ്ങളോട് അറിയിച്ചു.

164 കുടുംബങ്ങളിലെ 471 പേരെ തിരുവള്ളൂർ, നാഗപട്ടണം ജില്ലകളിലെ ആറ് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ ബോട്ടുകൾ, ജനറേറ്ററുകൾ, മോട്ടോർ പമ്പുകൾ, ആവശ്യമായ ഉപകരണങ്ങൾ എന്നിവ തയ്യാറാക്കാനുള്ള നിർദേശം നൽകുകയും, എൻഡിആർഎഫ്, സംസ്ഥാന റെസ്ക്യൂ ടീമുകളെ ദുർബല പ്രദേശങ്ങളിൽ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്‌നാട്, തെക്കൻ ആന്ധ്രാപ്രദേശ്, കേരളം, കർണാടകയുടെ ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി സൈക്ലോണിക് വിഭാഗം ഐഎംഡി മേധാവി ആനന്ദ ദാസ് പറഞ്ഞു.

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഫെൻജൽ ചുഴലിക്കാറ്റായി രൂപപ്പെട്ടതിനെ തുട‍ർന്ന് കേരള തീരത്തും ജാ​ഗ്രതാ നിർദേശം. കൊച്ചി അടക്കുള്ള കേരള തീരത്താണ് ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. മൂന്ന് ദിവസം കനത്ത മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ആലപ്പുഴ, കോട്ടയം, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ മൂന്ന് ദിവസം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചെങ്കിലും, ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.ജി മൃത്യുജ്യയ മഹാപാത്ര പറഞ്ഞു. ശബരിമല തീർഥാടനം കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ കേന്ദ്രം പ്രത്യേകമായി ദിനംപ്രതി കാലാവസ്ഥ പ്രവചനം നടത്തുമെന്നും ഡിജി അറിയിച്ചു.

Post a Comment

0 Comments