banner

വിമാനങ്ങൾ റദ്ദാക്കി, വാഹനങ്ങളുമായി ജനങ്ങൾ ഫ്‌ളൈ ഓവറിൽ;ചുഴലിക്കാറ്റ് ഭീതിയിൽ ചെന്നൈ

വിമാനങ്ങൾ റദ്ദാക്കി, വാഹനങ്ങളുമായി ജനങ്ങൾ ഫ്‌ളൈ ഓവറിൽ;ചുഴലിക്കാറ്റ് ഭീതിയിൽ ചെന്നൈ


സ്വന്തം ലേഖകൻ
ചെന്നൈ : ചുഴലിക്കാറ്റ് ഭീതിയെ തുടര്‍ന്ന് അതീവ ജാഗ്രതയില്‍ ചെന്നൈ നഗരം. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചെന്നൈയില്‍ നിന്ന് പുറപ്പെടേണ്ട 16 വിമാന സര്‍വീസുകള്‍ താത്കാലികമായി റദ്ദാക്കി. വിമാന സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കുന്നതായി ഇന്‍ഡിഗോയാണ് അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 8.10 ന് ഇറങ്ങേണ്ട അബുദാബി വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്.

വിമാനങ്ങള്‍ റദ്ദാക്കിയതിന് പുറമെ, കാറുമായി പുറത്തിറങ്ങിയ ആളുകള്‍ വാഹനങ്ങള്‍ ഫ്‌ളൈഓവറുകളില്‍ നിര്‍ത്തിട്ടിരിക്കുന്നതായി വിവരമുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് നിലനില്‍ക്കുമ്പോള്‍ ചെന്നൈയുടെ വിവിധ മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. ചെന്നൈ, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, വിഴുപുരം, കള്ളക്കുറിച്ചി, കടലൂര്‍ ജില്ലകളില്‍ ചുവപ്പു ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

ചെന്നൈയില്‍നിന്ന് 260 കിലോമീറ്റര്‍ അകലെയുള്ള 'ഫെന്‍ഗല്‍' ചുഴലിക്കാറ്റ് കരതൊടുമ്പോള്‍ 90 കിലോമീറ്റര്‍ വേഗമുണ്ടാകും. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറില്ലെന്നും തീവ്ര ന്യൂനമര്‍ദമായാണ് കരയില്‍ കടക്കുകയെന്നും വ്യാഴാഴ്ച അറിയിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് ന്യൂനമര്‍ദം ചുഴലിക്കാറ്റായത്. ഇത് മണിക്കൂറില്‍ 13 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിച്ചിരുന്നത്. ശനിയാഴ്ച കരയോടടുക്കുമ്പോള്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗമുണ്ടാകും.

കടലൂര്‍ മുതല്‍ ചെന്നൈ വരെയുള്ള തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാണ്. കടക്കരയില്‍ പോകരുതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ കഴിയുന്നതും വീട്ടില്‍ത്തന്നെ കഴിയണം. കാറ്റില്‍ വൈദ്യുതക്കമ്പി പൊട്ടാനും മരങ്ങള്‍ കടപുഴകാനും സാധ്യതയുണ്ട്. മിന്നലോടുകൂടിയാണ് കനത്ത മഴ പെയ്യുക. എല്ലാ അത്യാവശ്യ സാധനങ്ങളും വീട്ടില്‍ ശേഖരിച്ചു വെക്കണമെന്നും അധികൃതര്‍ അറിയിച്ചു. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗമുണ്ടാകുമെന്നതിനാല്‍ കടലോരങ്ങളില്‍ കനത്ത നാശനഷ്ടങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റവന്യൂവകുപ്പ് അറിയിച്ചു.

Post a Comment

0 Comments