സ്വന്തം ലേഖകൻ
ഇന്ത്യൻ വംശജനായ ജയ് ഭട്ടാചാര്യയെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ മേധാവിയായി പ്രഖ്യാപിച്ച് നിയുക്ത അമരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കൊൽക്കത്തയിൽ നിന്നുള്ള സാമ്പത്തിക വിദഗ്ധനാണ് ജെയ്. അമേരിക്കയുടെ പ്രധാന പബ്ലിക് ഹെൽത്ത് ഏജൻസിയാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്. ഇതിന്റെ ഡയറക്ടർ സ്ഥാനത്തേക്കാണ് ഇന്ത്യൻ വംശജനായ 56കാരനായ ജയ് ഭട്ടാചാര്യയെ ട്രംപ് നിയമിച്ചത്.
സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ബയോമെഡിക്കൽ ഗവേഷണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) നയിക്കാൻ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് പരിശീലനം ലഭിച്ച ഫിസിഷ്യനും സാമ്പത്തിക വിദഗ്ധനുമായ ജയ് ഭട്ടാചാര്യയെ തിരഞ്ഞെടുത്തതായി ട്രംപ് അറിയിച്ചു. ക്ലിനിക്കൽ പരീക്ഷണങ്ങളും നൂതന മെഡിക്കൽ പഠനങ്ങൾക്കുള്ള ധനസഹായവും ഉൾപ്പെടെയുള്ള യുഎസ് ബയോമെഡിക്കൽ ഗവേഷണത്തിനു മേൽനോട്ടം വഹിക്കുന്ന എൻഐഎച്ച് പുനഃസ്ഥാപിക്കണമെന്നതാണ് ജെയ്‌യുടെ നിലപാട്.
കൊറോണ വൈറസ് പടർന്നുപിടിച്ച സമയത്ത് ഏർപ്പെടുത്തിയിരുന്ന വ്യാപക ലോക്ക്ഡൗണുകളെ എതിർത്ത് രംഗത്തെത്തിയ വ്യക്തി കൂടിയായിരുന്നു ഭട്ടാചാര്യ. അമേരിക്കയിൽ കൊവിഡ് നയം രൂപീകരിച്ചപ്പോൾ അതിൽ സുപ്രധാന വിമർശനങ്ങൾ നടത്തിയതും ഭട്ടാചാര്യയായിരുന്നു.
2025 ജനുവരി 20നാണ് അമേരിക്കയുടെ പുതിയ പ്രസിഡന്റായി ട്രംപ് വീണ്ടും ചുമതലയേൽക്കുക. അധികാരമേറ്റെടുക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ തന്റെ കാബിനറ്റിലേക്കുള്ള 15 തസ്തികകളിലും ആരെല്ലാം വരുമെന്ന് ട്രംപ് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തിന്‍റെ മുൻ ചീഫ് മെഡിക്കൽ അഡ്വൈസറായ ഡോ.ആന്‍റണി ഫൗച്ചിയുടെ കടുത്ത വിമർശകനാണ് ജെയ് ഭട്ടാചാര്യ. 1968-ൽ കൊൽക്കത്തയിൽ ജനിച്ച ജയ് ഭട്ടാചാര്യ, സ്റ്റാൻഫഡ് സർവകലാശാലയിൽ നിന്നാണ് എംഡിയും പിഎച്ച്ഡിയും നേടിയത്. നിലവിൽ സ്റ്റാൻഫഡിൽ ഹെൽത്ത് പോളിസി പ്രഫസറാണ്. സർവകലാശാലയുടെ സെന്‍റർ ഫോർ ഡെമോഗ്രഫി ആൻഡ് ഇക്കണോമിക്സ് ഓഫ് ഹെൽത്ത് ആൻഡ് ഏജിങ് തലവനും നാഷനൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ചിൽ റിസർച്ച് അസോഷ്യേറ്റുമാണ്.
0 Comments