സ്വന്തം ലേഖകൻ
ഹൈദരാബാദ് : സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ മുംബൈയെ തകർത്ത് കേരളത്തിന്റെ കുതിപ്പ്. 43 റണ്‍സ് വിജയമാണ് സഞ്ജു സാംസൺ നയിച്ച കേരളം കരുത്തരായ മുംബൈയ്ക്കെതിരെ നേടിയത്. കേരളം ഉയർത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. ജയത്തോടെ മൂന്നു മത്സരങ്ങളിൽ രണ്ടു വിജയങ്ങളുമായി ഇ ഗ്രൂപ്പിൽ കേരളം രണ്ടാം സ്ഥാനത്തുണ്ട്. കേരളത്തിന് നിലവിൽ എട്ടുപോയിന്റുണ്ട്. എട്ടു പോയിന്റുള്ള മുംബൈ മൂന്നാമതാണ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ കേരളത്തിനു തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ സഞ്ജു സാംസണെ നഷ്ടമായിരുന്നു. ഷാർദൂൽ ഠാക്കൂർ എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തിൽ സഞ്ജു ബോൾഡായി. നാലു പന്തുകൾ നേരിട്ട സഞ്ജു നാലു റൺസാണു നേടിയത്. മുഹമ്മദ് അസ്ഹറുദ്ദീൻ (18), സച്ചിൻ ബേബി (ഏഴ്) എന്നിവർ മടങ്ങിയതിനുശേഷം ഓപ്പണർ രോഹൻ എസ്. കുന്നുമ്മൽ, സൽമാൻ നിസാർ എന്നിവർ കൈകോർത്തതോടെ കേരളത്തിന്റെ സ്കോർ കുതിച്ചുയർന്നു. 49 പന്തുകൾ നേരിട്ട സൽമാൻ നിസാർ 99 റൺസുമായി പുറത്താകാതെനിന്നു.
രോഹൻ 48 പന്തുകളിൽ 87 റൺസെടുത്തു. ഇരുവരും ചേർന്ന് 131 റൺസ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. സ്കോർ 180ൽ നിൽക്കെ മോഹിത് അവസ്തി രോഹനെ പുറത്താക്കി. ഐപിഎല്‍ താരലേലത്തിൽ രോഹൻ എസ്. കുന്നുമ്മലിനെയും സൽമാൻ നിസാറിനെയും ആരും വാങ്ങിയിരുന്നില്ല. വിഷ്ണു വിനോദ് നേരിട്ട ആദ്യ പന്തിൽ മോഹിത് അവസ്തിയെ സിക്സർ പറത്തിയെങ്കിലും, തൊട്ടടുത്ത പന്തിൽ ബോൾഡായി. മോഹിത് അവസ്തി മുംബൈയ്ക്കു വേണ്ടി നാലു വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറി നേടിയ അജിന്‍ക്യ രഹാനെയാണ് മുംബൈയുടെ ടോപ് സ്കോറർ. 35 പന്തുകളിൽനിന്ന് രഹാനെ 68 റൺസെടുത്തു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ (18 പന്തിൽ 32), പൃഥ്വി ഷാ (13 പന്തിൽ 23), ഹാർദിക് തിമോർ (13 പന്തിൽ 23) എന്നിവരും തിളങ്ങിയെങ്കിലും കേരളം ഉയർത്തിയ വമ്പൻ വിജയ ലക്ഷ്യത്തിന് അടുത്തെത്താൻ മുംബൈയ്ക്കു സാധിച്ചില്ല. നാലോവറുകൾ പന്തെറിഞ്ഞ എം.ഡി. നിധീഷ് 30 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി. സി.വി. വിനോദ് കുമാറും അബ്ദുൽ ബാസിത്തും രണ്ടു വിക്കറ്റുകൾ വീതം സ്വന്തമാക്കി.
0 Comments