സ്വന്തം ലേഖകൻ
തൃശൂർ : പൊലീസ് സ്റ്റേഷനില്‍ വെച്ച് സഹപ്രവര്‍ത്തകനായ പൊലീസുകാരൻ കുഴഞ്ഞുവീണിട്ടും ഇടപെടാതെ നോക്കിനിന്ന സംഭവത്തില്‍ സ്റ്റേഷൻ ഹൗസ് ഓഫീസറായ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. തൃശൂര്‍ പാവറട്ടി പൊലീസ് സ്റ്റേഷനിലെ എസ്‍എച്ച്‌ഒ കെജി കൃഷ്ണകുമാറിനെ സ്ഥലം മാറ്റി കൊണ്ട് കമ്മീഷണര്‍ ഉത്തരവിറക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സംഭവം.
പാവറട്ടി പൊലീസ് സ്റ്റേഷനിലെ സിപിഒ ഷെഫീഖാണ് കുഴഞ്ഞു വീണത്. സ്റ്റേഷനിലെ മറ്റു പൊലീസുകാരാണ് ഷെഫീകിനെ പരിചരിച്ചത്. ഷെഫീഖിനെ എസ്‌എച്ച്‌ഒ കൃഷ്ണകുമാര്‍ തന്‍റെ ക്യാബിനിലേക്ക് വിളിച്ചുവരുത്തിയശേഷമാണ് സംഭവം നടന്നത്. ഷഫീഖ്, എസ്‌എച്ച്‌ഒയുമായി സംസാരിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. തൊട്ടുമുന്നില്‍ കുഴഞ്ഞുവീണ ഷെഫീഖിനെ കൃഷ്ണകുമാര്‍ തിരിഞ്ഞുനോക്കിയില്ല.
തുടര്‍ന്ന് മറ്റു സഹപ്രവര്‍ത്തകരെത്തിയാണ് ഷെഫീഖിനെ പുറത്തേക്ക് എടുത്തത്. സംഭവത്തില്‍ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിരീക്ഷിച്ചു. തുടര്‍ന്നാണ് കൃഷ്ണകുമാറിനെ എസ്‌എച്ച്‌ഒ ചുമതലകളില്‍ നിന്ന് നീക്കികൊണ്ട് സ്ഥലം മാറ്റ ഉത്തരവിറക്കിയത്. സംഭവത്തില്‍ കൃഷ്ണകുമാറില്‍ നിന്ന് കമ്മീഷണര്‍ വിശദീകരണം തേടിയിട്ടുണ്ട്. മറുപടി ലഭിച്ചശേഷം വകുപ്പുതല നടപടികളിലേക്ക് കടന്നേക്കും.
0 Comments