സ്വന്തം ലേഖകൻ
ബെംഗളൂരു : കൂട്ടുകാരുമായി ബെറ്റുവെച്ച് പടക്കത്തിനുമുകളില്‍ ഇരുന്ന് തീകൊളുത്തി, പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. ശബരീഷ് (32) എന്നയാളാണ് കൊല്ലപ്പെട്ടത് .കേസുമായി ബന്ധപ്പെട്ട് ആറുപേരെ കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ ഹാജരാക്കി. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.
ഒരു ഓട്ടോറിക്ഷയായിരുന്നു ബെറ്റ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായതോടെ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൂട്ടുകാരുമായി നടത്തിയ ബെറ്റിന്റെ ഭാഗമായാണ് ശബരീഷ് പടക്കങ്ങള്‍ നിറച്ച പെട്ടിയുടെ മുകളില്‍ ഇരുന്നത്. കൂട്ടുകാര്‍ ഇയാള്‍ക്ക് ചുറ്റും കൂടിനില്ക്കുന്നതും തിരികൊളുത്തിയ ശേഷം ഓടിമാറുന്നതും വീഡിയോയില്‍ കാണാം. അല്പസമയത്തിന് ശേഷം പെട്ടി പൊട്ടിത്തെറിക്കുന്നതും ശബരീഷ് പുറകിലേക്ക് മറിഞ്ഞുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്.
സ്ഫോടനത്തില്‍ ശബരീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് വലിയ കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും കരുതുന്നു.
0 Comments