banner

കലാമണ്ഡലത്തിലെ 121 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കും

കലാമണ്ഡലത്തിലെ 121 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കും

സ്വന്തം ലേഖകൻ
തൃശ്ശൂർ : സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കലാമണ്ഡലത്തിലെ 121 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കും. സർക്കാർ ഇടപെടലിലാണ് കൂട്ടപ്പിരിച്ച് വിടൽ റദ്ദാക്കാൻ തീരുമാനമായത്. സാംസ്കാരിക മന്ത്രി കലാമണ്ഡലം വൈസ് ചാൻസലർ ഡോ. അനന്തകൃഷ്ണനെ വിളിച്ച് 121 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഒരു നോട്ടീസ് പോലും ഇല്ലാതെ 121 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു നടപടിയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സർക്കാർ ഇടപെട്ടത്. കൂട്ട പിരിച്ചുവിടൽ കലാമണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ അസാധാരണ നടപടിയെന്നായിരുന്നു വിലയിരുത്തൽ. താൽക്കാലിക ജീവനക്കാരെ ഒഴിവാക്കി കലാമണ്ഡലത്തിന് മുന്നോട്ട് പോകാൻ ആകില്ല. 140 കളരികളാണ് കലാമണ്ഡലത്തിൽ ഉള്ളത്.

60 താഴെ അധ്യാപകർ മാത്രമാണ് സ്ഥിരമായി ഉള്ളത്. താൽക്കാലിക അധ്യാപകരെ പിരിച്ചുവിട്ടതോടെ അധ്യയനം മുടങ്ങിയേക്കുമെന്ന സ്ഥിതിയായിരുന്നു. എട്ടു മുതൽ 12 വരെ ക്ലാസിൽ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതും താൽക്കാലിക അധ്യാപകരാണ്. വർഷങ്ങളായി കേരള കലാമണ്ഡലത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന താൽക്കാലിക ജീവനക്കാരും പിരിച്ചുവിടപ്പെട്ടവരുടെ കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു.  

Post a Comment

0 Comments