സ്വന്തം ലേഖകൻ
കൊട്ടാരക്കര : പതിനഞ്ച് ലക്ഷത്തിന്റെ പാൻമസാലയുമായി രണ്ടുപേർ പിടിയിലായി. നിലമേൽ കരിന്തലക്കോട് ഷാജഹാൻ മൻസിലിൽ ഷിബു (45), തെന്മല ഉറുകുന്ന് വാലുതുണ്ടിൽ വീട്ടിൽ ജോബിൻ ജോയ് (33, മൊട്ട ജോബിൻ) എന്നിവരെയാണ് റൂറൽ എസ്.പി നിയോഗിച്ച ഡാൻസാഫ് ടീം ചടയമംഗലത്ത് നിന്ന് അറസ്റ്റ് ചെയ്തത്. 16,000 പായ്ക്കറ്റ് പാൻമസാലയാണ് പിടിച്ചെടുത്തത്. ജില്ലയിലും സമീപ ജില്ലകളിലും പാൻമസാല വിതരണം ചെയ്യുന്ന മൊത്തവിതരണ കച്ചവടക്കാരുടെ ഭാഗമാണ് ഇരുവരും. സ്കൂൾ, കോളേജ് കേന്ദ്രീകരിച്ചും വിൽപ്പന നടത്തിയിരുന്നു. ഷിബു നേരത്തെ പാൻമസാല വിറ്റതിന് നിരവധി കേസുകളിൽ പ്രതിയാണ്. കാട്ടുപോത്തിനെ വെടിവച്ചതിന് ഇയാളെക്കെതിരെ വനംവകുപ്പും കേസെടുത്തിരുന്നു. ഡാൻസാഫ് എസ്.ഐ ജ്യോതിഷ് ചിറവൂർ, സി.പി.ഒമാരായ ടി.സജുമോൻ, അഭിലാഷ്, എസ്.ദിലീപ്, വിപിൻ ക്ളീറ്റസ്, ചടയമംഗലം പൊലീസ് ഗ്രേഡ് എസ്.ഐ ഫ്രാങ്ക്ളിൻ, സി.പി.ഒ വിഷ്ണുദാസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
0 Comments